അക്രമം ഭാവിയെ കൊല്ലുന്നു: ഫ്രാൻസിസ് മാർപാപ്പ

അക്രമം ഭാവിയെ കൊല്ലുകയും സമാധാനത്തിനായുള്ള പ്രതീക്ഷകളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് ഫ്രാൻസിസ് മാർപാപ്പ. “അക്രമം ഭാവിയെ കൊല്ലുന്നു, യുവജനങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്നു, സമാധാനത്തിനുള്ള പ്രതീക്ഷകളെ ദുർബലപ്പെടുത്തുന്നു” – വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ ഓർമ്മപ്പെടുത്തി. മാർപാപ്പ പാലസ്‌തീനിലും ഇസ്രയേലിലും അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളിൽ ഇരകളായവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

പാലസ്തീനിലും ഇസ്രയേലിലും മാസങ്ങളായി നടക്കുന്ന അക്രമങ്ങളും ഏറ്റുമുട്ടലുകളും വർദ്ധിക്കുന്നതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. “കഴിഞ്ഞ ബുധനാഴ്ച, ജറുസലേമിൽ നടന്ന രണ്ട് ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഒരു ഇസ്രായേലി കുട്ടി കൊല്ലപ്പെടുകയും ചെയ്തു. അതേ ദിവസം, നബ്ലസിലെ ഏറ്റുമുട്ടലിൽ, ഒരു പാലസ്തീൻ കുട്ടി കൊല്ലപ്പെട്ടു. മരിച്ച ഈ കുട്ടികൾക്കും  അവരുടെ കുടുംബങ്ങൾക്കും പ്രത്യേകിച്ച് അവരുടെ അമ്മമാർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം” – മാർപാപ്പ ആവശ്യപ്പെട്ടു.

“പരസ്പരമുള്ള സംവാദം, പരസ്പരമുള്ള വിശ്വാസം കെട്ടിപ്പടുക്കുക എന്നീ കാര്യങ്ങൾ കൂടുതൽ ഗൗരവമായിഎടുക്കണം. അതില്ലാതെ വിശുദ്ധ നാട്ടിൽ സമാധാന ശ്രമങ്ങൾ തുടരാനാവില്ല.” – പരിശുദ്ധ പിതാവ് ഇസ്രായേൽ, പലസ്തീൻ അധികാരികളെ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.