
വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ വംശീയ അക്രമങ്ങൾ വീണ്ടും രൂക്ഷമാകുന്നു. പ്രതികാര ആക്രമണമെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗോത്രവർഗക്കാരായ മൂന്നു ക്രൈസ്തവർ കൊല്ലപ്പെട്ടു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കാങ്പോക്പി അതിർത്തി പ്രദേശത്താണ് ദാരുണമായ ഈ സംഭവം നടന്നത്.
കുക്കി-സോ (Kuki-Zo) ഗോത്രവിഭാഗത്തിൽപ്പെട്ട ക്രൈസ്തവരാണ് ഓഗസ്റ്റ് 31 നു നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേനയും ഭരണകൂടവും ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. മേഖലയിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഘർഷങ്ങളുടെയും ആക്രമണങ്ങളുടെയും തുടർച്ചയായി ഉണ്ടായ പ്രതികാര ആക്രമണമാണ് ഇതെന്ന് പ്രാദേശിക മാധ്യമങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും വിലയിരുത്തുന്നു. ആക്രമണത്തിന് ഇരകളായവരെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ അക്രമികൾ ഗ്രാമങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ഭീതി പടർത്തുകയും ചെയ്തു.
അക്രമത്തെ തുടർന്ന് കാങ്പോക്പി, ഇംഫാൽ ഈസ്റ്റ് അതിർത്തി പ്രദേശങ്ങളിൽ വൻ പൊലീസ് സംഘത്തെയും കേന്ദ്ര സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. 2023 മേയ് മാസം മുതൽ ഭൂരിപക്ഷ സമുദായമായ മെയ്തെയ് (Meitei) വിഭാഗവും ഗോത്രവർഗക്കാരായ കുക്കി-സോ ക്രിസ്ത്യൻ വിഭാഗവും തമ്മിൽ ആരംഭിച്ച വംശീയ സംഘർഷത്തിൽ ഇതുവരെ ഇരുനൂറിലധികം ആളുകൾ കൊല്ലപ്പെടുകയും 60,000-ത്തിലധികം ആളുകൾ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
നൂറുകണക്കിന് ദൈവാലയങ്ങളും ആയിരക്കണക്കിന് വീടുകളും സംഘർഷങ്ങളിൽ തകർക്കപ്പെട്ടു. മാസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്ത് പൂർണ്ണമായ ശാന്തിയും സമാധാനവും കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് പുതിയ ആക്രമണങ്ങൾ വ്യക്തമാക്കുന്നത്. ഭരണകൂടം കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സഭാ നേതാക്കളും ഗോത്രവർഗ സംഘടനകളും ആവശ്യപ്പെട്ടു.




