
യേശുവിന്റെ അമ്മയും സഹോദരന്മാരും ഉൾപ്പെടെ എല്ലാവരും യേശുവിനെ അന്വേഷിക്കുന്നു. എന്നാൽ, യേശു തന്റെ പിതാവിന്റെ ജോലിയിൽ വ്യാപൃതനായിരിക്കുന്നു. ഇവിടെ യേശുവിന്റെ കുടുംബം അമ്മയും സഹോദരന്മാരും അറിഞ്ഞതിലും വിശാലമായിരിക്കുന്നു. യേശുവിനെ സംബന്ധിച്ച് ഭൗമികബന്ധങ്ങളേക്കാൾ വളരെ വലുതാണ് സ്വർഗരാജ്യവുമായി ബന്ധപ്പെടുത്തിയിട്ടുള്ള സമ്പർക്കങ്ങൾ. അതുകൊണ്ടാണ് “കലപ്പയിൽ കൈവച്ച ശേഷം തിരിഞ്ഞുനോക്കുന്നവൻ സ്വർഗരാജ്യത്തിന് അർഹനല്ല” (ലൂക്കാ 9:62) എന്ന് യേശു, തന്നെ അനുഗമിക്കുന്നതിനു മുൻപായി വീട്ടുകാരോട് അനുവാദം ചോദിക്കണമെന്നു പറഞ്ഞ യുവാവിനോടു പറയുന്നത്.
യേശു തന്റെ കുടുംബത്തെയോ, തന്റെ അനുയായികളുടെ കുടുംബബന്ധങ്ങളെയോ നിരാകരിക്കുകയല്ല ഇവിടെ ചെയ്യുന്നത്. പിന്നെയോ, “സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരെയെല്ലാം” (12:50) തന്റെ കുടുംബത്തിലേക്ക് ചേർക്കുകയാണ് ചെയ്യുന്നത്. നമ്മുടെ മലയാള ഭാഷയിലെന്നതുപോലെ ഹീബ്രു-അറമായ ഭാഷകളിൽ മാതാപിതാക്കന്മാരുടെ സഹോദരന്റെയോ, സഹോദരിയുടെയോ മക്കളെ സഹോദരങ്ങൾ എന്നാണ് വിളിച്ചിരുന്നത് (ഇംഗ്ലീഷ് ഭാഷയിൽ അവരെ കസിൻസ് എന്നാണ് വിളിക്കുന്നത്). അതു മനസ്സിലാക്കാതെ, ഈ വേദഭാഗത്തെ അടിസ്ഥാനമാക്കി മറിയത്തിന് യേശുവിനെ കൂടാതെ വേറെ മക്കളുണ്ടായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. യേശു പറയുന്ന അർഥത്തിൽ ദൈവഹിതം അതിന്റെ പൂർണ്ണതയിൽ നിറവേറ്റാൻ ശ്രമിച്ചവളാണ് പരിശുദ്ധ മാതാവും അതുപോലെ തന്നെ യേശുവിന്റെ മറ്റു ബന്ധുക്കളും. ശാരീരികമായും ആത്മീയമായും യേശുവിന്റെ കുടുംബത്തിലെ അംഗങ്ങളാകാൻ ഭാഗ്യം ലഭിച്ചവരാണവർ.
ക്രിസ്തുവിന്റെ ശിഷ്യത്വത്തിന്റെ വില ഏറ്റവും അടുത്ത കുടുംബബന്ധങ്ങളിലും വലുതാണ്. അതുകൊണ്ടാണ് സ്വർഗരാജ്യ നിർമ്മിതിക്കു വേണ്ടി ലോകത്തിന്റെ അതിർത്തികൾ വരെ എല്ലാം ഉപേക്ഷിച്ചു യാത്ര ചെയ്യാൻ ഒരുപാടു പേർ തയ്യാറാകുന്നത്. ഇന്നും അതിന് യാതൊരു കുറവും വന്നിട്ടില്ല. കാരണം, യേശുവിനെ അനുധാവനം ചെയ്യുന്നവർ വെറും അനുയായികളല്ല. പിന്നെയോ, യേശുവിന്റെ കുടുംബത്തിലെ അംഗങ്ങളാണ്. നാമൊക്കെ യേശു രൂപപ്പെടുത്തിയ പുതിയ കുടുംബത്തിലെ അംഗങ്ങളാണ്. യേശുവിന്റെ കുടുംബത്തിലെ അംഗമായിരിക്കുന്നുവെന്നതിൽ നമുക്ക് അഭിമാനിക്കാം. ക്രിസ്തുകേന്ദ്രീകൃതമായ ഈ കുടുംബത്തെ സ്നേഹത്താൽ സംയോജിപ്പിച്ച് മുമ്പോട്ടു കൊണ്ടുപോകാനായി നമുക്ക് നിരന്തരം പരിശ്രമിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍




