
മെക്സിക്കോയിലെ പ്രശസ്തമായ കാൻകൂനിലുള്ള (Cancún) ‘കുരുക്കുകൾ അഴിക്കുന്ന മറിയത്തിന്റെ’ തീർഥാടന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികൾക്ക് ഇനിമുതൽ പൂർണ്ണ ദണ്ഡവിമോചനം നേടാം. വത്തിക്കാനിലെ പ്രെഫെക്ചർ ഓഫ് പൊന്തിഫിക്കൽ ഹൗസ്‌ഹോൾഡും അപ്പസ്തോലിക് പെനിറ്റൻഷ്യറിയും ചേർന്നാണ് ഈ പ്രത്യേക അനുമതി തീർഥാടന കേന്ദ്രത്തിന് സ്ഥിരമായി അനുവദിച്ചു നൽകിയത്.
കാൻകൂൻ-ചെതുമൽ രൂപതയുടെ കീഴിൽ കാടുകളാൽ ചുറ്റപ്പെട്ട പരിസ്ഥിതി സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ദിവസേന എത്തുന്നത്. പൂർണ്ണ ദണ്ഡവിമോചനം സാധ്യമാകുന്നതിനായി വിശ്വാസികൾ കൃത്യമായ ഒരുക്കത്തോടെയുള്ള കുമ്പസാരം നടത്തുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും മാർപാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർഥനകൾ അർപ്പിക്കുകയും കാൻകൂനിലെ ഈ തീർഥാടന കേന്ദ്രത്തിൽ എത്തി പ്രാർഥനകളിൽ പങ്കുചേരുകയും വേണം. എങ്കിൽ മാത്രമേ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുകയുള്ളു.
ജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും (കെട്ടുകൾ) അഴിച്ചുമാറ്റാൻ പരിശുദ്ധ അമ്മയോട് മാധ്യസ്ഥ്യം അപേക്ഷിക്കുന്നതാണ് കുരുക്കഴിക്കുന്ന മാതാവിനോടുള്ള വണക്കത്തിന്റെ പ്രത്യേകത. തീർഥാടകർ തങ്ങളുടെ പ്രാർഥനകളും നിയോഗങ്ങളും വെളുത്ത റിബണുകളിൽ (White ribbons) എഴുതി തീർഥാടന കേന്ദ്രത്തിൽ കെട്ടുന്നു. പ്രാർഥനകൾക്ക് ഫലം ലഭിക്കുമ്പോൾ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വിവിധ വർണ്ണങ്ങളിലുള്ള റിബണുകൾ സമർപ്പിക്കുന്ന പതിവും ഇവിടെ ഉണ്ട്.




