വലതു കാൽ മുറിച്ചുമാറ്റിയിട്ടും തീക്ഷ്ണതയോടെ ജീവിതയാത്ര തുടർന്ന വൈദികൻ

രഞ്ജിൻ ജെ. തരകൻ

മരണത്തെ മുന്നിൽ കണ്ടിട്ടും മനക്കരുത്ത് കൊണ്ട് ജീവിതത്തിലേക്കു തിരികെ വന്ന ഒരു വൈദികനുണ്ട് മലങ്കര കത്തോലിക്കാ സഭയിൽ; വന്ദ്യ എബ്രഹാം കരിമ്പനാമണ്ണിൽ അച്ചൻ. 33 വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ വലതു കാൽ നഷ്‌ടപ്പെട്ടിട്ടും പരാതിയോ, പരിഭവമോ ഇല്ലാതെ ജീവിച്ച റമ്പാച്ചൻ തന്റെ 73 -ാം വയസിൽ ജനുവരി 24 -ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയിലെ ഏക റമ്പാൻ ആയിരുന്നു വന്ദ്യ എബ്രഹാം കരിമ്പനാമണ്ണിൽ അച്ചൻ.

കരിപാനംകുഴിയിൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയിലെ പരേതരായ എബ്രഹാം – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച എബ്രഹാം കരിമ്പനാമണ്ണിൽ അച്ചൻ കുട്ടിക്കാലം മുതൽ തന്നെ ദൈവഭക്തിയിൽ അടിയുറച്ചു ജീവിച്ചു. കാർക്കശ്യമായ മുഖഭാവത്തിലും പുഞ്ചിരി ഒളിപ്പിച്ചുവയ്ക്കാൻ ഒരിക്കലും ആ പുരോഹിതൻ മടിച്ചിരുന്നില്ല. ഏതു സമയത്തും ആർക്കും അദ്ദേഹത്തിന്റെ മുറിയിൽ കടന്നുചെല്ലാൻ അനുവാദമുണ്ടായിരുന്നു. ആ തുറന്ന മുറിക്കു സമാനമായിരുന്നു അദ്ദേഹത്തിന്റെ മനസ്സും. അല്പം ഗൗരവമായ മുഖഭാവമാണെങ്കിലും മഞ്ഞു പോലെ മൃദുലമായ ആ മനസ്സിന്റെ വിശാലതയ്‌ക്കൊപ്പമെത്താൻ അദ്ദേഹത്തെ പരിചയപ്പെടുന്ന ഏതൊരു വ്യക്തിക്കും വളരെ ദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. കണ്ടുമുട്ടുന്നവർക്ക് എന്തെങ്കിലും സമ്മാനം നൽകുക എന്നുള്ളത് അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. കൊച്ചുകൊച്ചു സമ്മാനങ്ങൾക്കൊപ്പം അദ്ദേഹം പകുത്തുനൽകിയത് ആ മനസ്സിന്റെ നന്മയുടെ സുഗന്ധവും കൂടെയായിരുന്നു.

മംഗലാപുരം സെന്റ് ജോസഫ് വൈദിക സെമിനാരിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി 1975 -ൽ തിരുവല്ല രൂപതയുടെ അദ്ധ്യക്ഷനായിരുന്ന അത്തനാസിയോസ് പിതാവിൽ നിന്നുമായിരുന്നു അബ്രഹാം അച്ചൻ വൈദികപട്ടം സ്വീകരിച്ചത്. തുടർന്ന് കരിമ്പനാമണ്ണിൽ കൊച്ചച്ചനെ രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യാൻ നിയോഗിച്ചു. തന്നെ ഭരമേൽപിച്ച ഉത്തരവാദിത്വം ഏറെ നിഷ്ഠയോടെ നിർവഹിച്ച അച്ചൻ, ഓരോ ഇടവകകളിലും ആത്മീയവെളിച്ചം പകർന്നു നൽകി. തുടർന്ന് തിരുവല്ല അതിരൂപതയിലെ ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ വികാരിയായി അച്ചനെ രൂപതാധികാരികൾ നിയോഗിച്ചു.

എളിമയുള്ള പുരോഹിതൻ ,പ്രേഷിത പ്രവർത്തനത്തിൽ അതിയായ ദാഹമുള്ള വൈദികൻ എന്ന് ഇടവക ജനങ്ങൾ അച്ചനെക്കുറിച്ചു പറഞ്ഞു. എന്നാൽ ഒരു ദുഃഖവെള്ളിയുടെ അനുഭവം അച്ചനെ തേടിയെത്തി. ജീവിതകാലമത്രയും ക്രൂശിതനൊപ്പം സഹിക്കാനുള്ള അനുഭവം. അച്ചന്റെ ജീവിതത്തെ മാറ്റിമറിച്ച ആ ദുഃഖവെള്ളി 1988 -ലെ ഒരു ക്രിസ്തുമസ് കാലത്തിലായിരുന്നു.

1988 ഡിസംബർ 28 -ന് തന്റെ ഇളയ സഹോദരിയുടെ വിവാഹാവശ്യത്തിനായി ചെങ്ങരൂർ ദേവാലയത്തിൽ നിന്നും റാന്നിയിലേക്കുള്ള യാത്ര. ദേവാലയത്തിൽ കുറച്ച് അധികനേരം പ്രാർത്ഥനയിൽ മുഴുകിയിരുന്നു അദ്ദേഹം. ഒരുപക്ഷേ അച്ചൻ പ്രാർത്ഥിച്ചത് സഹനങ്ങൾ നൽകണമേ എന്നാകാം. റാന്നിയിലേക്കുള്ള ബൈക്ക് യാത്രയിൽ എതിരെ ഒരു ജീപ്പ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അടുത്തുള്ള തോട്ടിലേക്ക് അച്ചൻ തെറിച്ചുവീണു. ബോധം നഷ്ടപ്പെട്ട ആ കൊച്ചച്ചനെ നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് തിരുവല്ല പുഷ്പഗിരിയിലേക്കും മാറ്റി.

നീണ്ട ആറര മാസത്തെ ചികിത്സ. വേദനകളുടെ ഇടയിൽ പോലും ആ മുഖത്തിന്റ ഗാംഭീര്യം അല്പം പോലും ചോർന്നുപോയിരുന്നില്ല. ഒടുവിൽ അച്ചന്റെ വലതുകാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ വിധിയെഴുതി. അസഹ്യമായ വേദനയുടെ നിമിഷങ്ങൾ.  എന്നാൽ ദൈവശ്രയത്തിലും പരിശുദ്ധ അമ്മയോടും ചേർന്നുനിന്ന അച്ചൻ ആ ദിനങ്ങളെ മധുരമുള്ള നിമിഷങ്ങളാക്കി മാറ്റി.

ആശുപത്രി വിട്ട് മാസങ്ങൾക്കു ശേഷം ക്രിസ്തുവിന്റെ വിളനിലത്തേക്ക് ആത്മാക്കളെ നയിക്കാൻ അതിയായി ആഗ്രഹിച്ച അച്ചന് വയ്പുകാൽ പിടിപ്പിച്ചു. ശേഷം, തന്നെ ഭരമേൽപിച്ച ഇടവകയിലേക്കു തന്നെ അദ്ദേഹം തിരികെയെത്തി. കാലിന്റെ സ്പീഡല്ല മനസ്സിന്റെ വേഗതയും തീവ്രമായ പ്രേഷിതാവിശ്യവുമാണ് അച്ചന്റെ പ്രവർത്തനമേഖലകളെ വിശാലമാക്കി മാറ്റിയത്. ഊർജ്ജസ്വലതയുടെ മറ്റൊരു പേരാണ് റമ്പാനച്ചൻ എന്ന് അദ്ദേഹം തന്റെ പ്രവർത്തനമികവ് കൊണ്ട് കാണിച്ചുതന്നു.

നീണ്ട പത്തു വർഷക്കാലം തിരുവല്ല അതിരൂപതയിലെ സാമ്പത്തിക കാര്യവിഭാഗം അച്ചൻ കൈകാര്യം ചെയ്തു. തുടർന്ന് പുഷ്പഗിരിയുടെ വാർഡനായും വിവിധ ഇടവകളുടെ വികാരിയായും അച്ചൻ സേവനമനുഷ്ഠിച്ചു. 2017 മുതൽ മലങ്കരയുടെ പുനരൈക്യ ശില്പി ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ കബർ ചാപ്ലൈൻ ആയി സേവനം അനുഷ്ഠിക്കുന്ന വേളയിൽ അച്ചനെ റമ്പാൻ ആയി മോറാൻ മോർ ബസേലിയോസ് ക്ളീമിസ്‌ കാതോലിക്കാ ബാവ അഭിഷേകം ചെയ്തു.

2022 ജനുവരി 24 -ന് നിത്യസമ്മാനത്തിനായി അച്ചൻ വിളിക്കപ്പെടുമ്പോൾ വി. പൗലോസ് അപ്പസ്തോലന്റെ ആത്മികത നിറഞ്ഞ പ്രേഷിതവൈദികൻ എന്നു തന്നെ അച്ചനെ വിശേഷിപ്പിക്കാം. ഈ ഭൂമിയിൽ ജീവിച്ച കാലയളവത്രയും ക്രിസ്തുവിന്റെ കുരിശിന്റെ ഒരു ഭാഗത്ത് താനും പിടിച്ചിട്ടുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ് ഈ ശ്രേഷ്ഠവൈദികൻ. അവിടുത്തെ കാരുണ്യവും കരുതലും മറ്റുള്ളവർക്കായി പകർന്നു നൽകിയ ക്രിസ്തുവിന്റെ പുരോഹിതന്റെ മൃതസംസ്കാര ചടങ്ങുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

“ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി. എനിക്കായി നീതിയുടെ കീരീടം ഒരുക്കിയിരിക്കുന്നു.”

വന്ദ്യ കരിമ്പനാമണ്ണിൽ എബ്രഹാം റമ്പാനച്ചന് ലൈഫ് ഡേയുടെ ആദരാഞ്ജലികൾ…

രഞ്ജിൻ ജെ. തരകൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.