
ലോകമെമ്പാടുമുള്ള ഹൈന്ദവ സഹോദരങ്ങൾക്ക് വത്തിക്കാൻ ദീപാവലി ആശംസകൾ നേർന്നു. മതാന്തര സംവാദത്തിനായുള്ള വത്തിക്കാൻ കാര്യാലയമാണ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ദീപാവലി ആശംസകൾ കൈമാറിയത്.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ച് സമാധാനത്തിന്റെ വഴികൾ വെട്ടിത്തുറക്കണമെന്ന് വത്തിക്കാൻ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഈ വർഷം നവംബർ എട്ടിനാണ് ദീപാവലി ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് വത്തിക്കാന്റെ ഔദ്യോഗിക സന്ദേശം പുറത്തിറക്കിയത്. ഇരുവിഭാഗങ്ങളും പരസ്പര സ്നേഹത്തോടും സാഹോദര്യത്തോടും കൂടി ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ഓർമ്മിപ്പിക്കുന്നു.
അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ മാതൃക പിഞ്ചെന്ന്, ലോകത്തിൽ സമാധാനവും നന്മയും വളർത്താൻ മതങ്ങളുടെ സംവാദത്തിലൂടെ സാധിക്കുമെന്നും വത്തിക്കാൻ വ്യക്തമാക്കി. ഇരുവിഭാഗങ്ങൾക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകൾ നേർന്നുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.




