
കൊളംബിയയിലെ വിവിധ പ്രദേശങ്ങളിൽ സഭാനേതാക്കൾക്കും മതമേലധ്യക്ഷന്മാർക്കും എതിരെ സായുധ സംഘങ്ങൾ നടത്തുന്ന ഭീഷണികളും സമ്മർദങ്ങളും വർധിച്ചു വരുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര പേപ്പൽ കത്തോലിക്കാ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഏതാനും ആഴ്ചകൾക്ക് മുൻപ് ബൊഗോട്ടയിൽ എ.സി.എന്നിന്റെ ഇന്റർനാഷണൽ പ്രൊമോഷൻ ഡയറക്ടർ മാർസെല ഷിമാൻസ്കിയുടെ സാന്നിധ്യത്തിൽ പുറത്തിറക്കിയ ‘വേൾഡ് 2025 റിലീജിയസ് ഫ്രീഡം’ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. പ്രദേശത്തെ ക്രമസമാധാന നില തകരാറിലായതിനെ തുടർന്ന് വൈദികരും മിഷനറിമാരും സഭാ പ്രവർത്തകരും കടുത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2023, 2024 വർഷങ്ങളിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ, നേരിട്ടുള്ള സാക്ഷ്യപ്പെടുത്തലുകൾ, വിവിധ സ്ഥാപനങ്ങൾ നൽകിയ വിവരങ്ങൾ എന്നിവ ക്രോഡീകരിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. “2023-നും 2024-നും ഇടയിൽ മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ 31% വർധനവുണ്ടായതായി ഓംബുഡ്സ്മാന്റെ ഓഫീസ് (Ombudsman’s Office) ചൂണ്ടിക്കാണിച്ചു. സഭകൾക്കും മതസമൂഹങ്ങൾക്കും എതിരെയുള്ള വിവേചനം, മതനേതാക്കൾക്ക് നേരെയുള്ള വധഭീഷണി എന്നിവയിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച്, വധഭീഷണികളുടെ എണ്ണത്തിൽ 100% വർധനവുണ്ടായി 2023-ലെ നാല് കേസുകളിൽ നിന്ന് 2024-ൽ ഇത് എട്ടായി ഉയർന്നു,” എ.സി.എൻ (ACN) റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തെ തുടർന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ നിരീക്ഷണ പട്ടികയിൽ കൊളംബിയയെ പ്രത്യേക നിരീക്ഷണം ആവശ്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




