
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒരിക്കലും ഒരു വ്യക്തിയാകാൻ കഴിയില്ലെന്നും, ഈ സാങ്കേതികവിദ്യയുടെ ഭാവി പൂർണ്ണമായും മനുഷ്യരുടെ തീരുമാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ നടന്ന എഐ സമ്മേളനത്തിൽ പങ്കെടുക്കവേയാണ് മാർപാപ്പ ഈ കാര്യം ചൂണ്ടിക്കാട്ടിയത്. ‘എഐയുടെ ഭാവി: ബുദ്ധിപരമായ സാങ്കേതികവിദ്യകളുടെ വികസനത്തിലും ഉപയോഗത്തിലും വത്തിക്കാനും ശാസ്ത്രലോകവും തമ്മിലുള്ള സംവാദം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം നടന്നത്.
മനുഷ്യൻ വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യ എന്ന നിലയിൽ, നാം എടുക്കുന്ന തീരുമാനങ്ങളാണ് എഐയുടെ നാളുകൾ നിർണ്ണയിക്കുന്നത്. മെഷീനുകൾ കേവലം ഉപകരണങ്ങൾ മാത്രമാണെന്നും അവയ്ക്ക് ഒരിക്കലും വ്യക്തിത്വമോ അവകാശങ്ങളോ നൽകാനാകില്ലെന്നും മാർപാപ്പ വ്യക്തമാക്കി. ചില കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം സംവിധാനങ്ങൾക്ക് നിയമപരമായ വ്യക്തിത്വം നൽകണമെന്ന തരത്തിലുള്ള ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സാങ്കേതികവിദ്യ മനുഷ്യജീവനും സമാധാനത്തിനും പൊതുനന്മയ്ക്കും ഉതകുന്നതായിരിക്കണമെന്ന് ആഹ്വാനം ചെയ്ത മാർപാപ്പ, എഐ പ്രവർത്തനങ്ങളെ പൊതുതാൽപ്പര്യത്തിന് അനുസൃതമായി നയിക്കാൻ കൃത്യമായ പ്രവർത്തന ചട്ടക്കൂടുകൾ ലോകത്തിന് ആവശ്യമാണെന്നും സമ്മേളനത്തിൽ വ്യക്തമാക്കി.




