
ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന മാർപാപ്പയായി ലെയോ പതിനാലാമൻ മാർപാപ്പ മാറി. ഒക്ടോബർ 30 നാണ് വത്തിക്കാൻ ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കൻ പൗരത്വമുള്ള മാർപാപ്പ, രാജ്യത്ത് അടുത്തിടെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ തപാൽവോട്ട് വഴിയാണ് തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
1980 കൾ മുതൽ പ്രധാനമായും അമേരിക്കയ്ക്കു പുറത്താണ് താമസിച്ചിരുന്നതെങ്കിലും, “ഒരു യുഎസ് പൗരൻ എന്ന നിലയിൽ അർഹതയുള്ളപ്പോഴൊക്കെ മാർപാപ്പ തന്റെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്” എന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. പെറുവിൽ താമസിച്ചിരുന്ന കാലത്തും അർഹതയുള്ളപ്പോഴൊക്കെ താൻ വോട്ടവകാശം വിനിയോഗിച്ചിരുന്നു എന്നും ജനാധിപത്യ പ്രക്രിയകളിൽ പൗരന്മാർ പങ്കെടുക്കേണ്ടത് അവകാശവും കടമയുമാണെന്ന വിശ്വാസമാണ് മാർപാപ്പ ഈ നടപടിയിലൂടെ പ്രകടിപ്പിച്ചതെന്നും വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി.
അമേരിക്കൻ പൗരത്വവും പെറൂവിയൻ പൗരത്വവുമുള്ള വ്യക്തിയാണ് ലെയോ പതിനാലാമൻ പാപ്പ. തെരഞ്ഞെടുപ്പുകളില്ലാത്ത കേവല രാജഭരണകൂടമായ വത്തിക്കാന്റെ രാഷ്ട്രത്തലവനാണ് മാർപാപ്പയെങ്കിലും, യുഎസ് പൗരൻ എന്ന നിലയിലുള്ള തന്റെ പൗരത്വ അവകാശമാണ് പാപ്പ ഇപ്പോൾ വിനിയോഗിച്ചിരിക്കുന്നത്.




