
പെറുവിലെ കുസ്കോ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റിചാർഡ് ഡാനിയൽ അലാർക്കോൺ ഉറുത്തിയ ഒക്ടോബർ 30 വെള്ളിയാഴ്ച അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മാർപാപ്പയുടെ സന്ദർശനത്തിന് ദിവസങ്ങൾ അവശേഷിക്കവെയാണ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റിചാർഡ് ഡാനിയൽ അലാർക്കോൺ ഉറുത്തിയ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
നവംബർ 15 ഞായറാഴ്ച മാർപാപ്പയുടെ സന്ദർശനത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ വത്തിക്കാൻ സംഘം ചരിത്ര നഗരമായ കുസ്കോയിൽ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു മരണം സംഭവിച്ചത്. “അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി നാം കർത്താവിനോട് പ്രാർഥിക്കുന്നു. ദൈവത്തിന്റെ അനന്തമായ കരുണയാൽ അദ്ദേഹത്തെ തന്റെ രാജ്യത്തിലേക്ക് സ്വീകരിക്കുകയും നിത്യവിശ്രമം നൽകുകയും ചെയ്യട്ടെ. നമ്മുടെ ഇടയന്റെ ആത്മാവിനായി അതിരൂപതാ കുടുംബമെന്ന നിലയിൽ പ്രാർഥനയിൽ ഒന്നുചേരുന്നു,”- രൂപത പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ വെളിപ്പെടുത്തി.
2012-ൽ അദ്ദേഹം കാരിത്താസ് പെറുവിന്റെ (Caritas Peru) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2014 ഒക്ടോബർ 27-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കുസ്കോ ആർച്ച് ബിഷപ്പായി നിയമിച്ചു. തുടർന്ന് 2015 ജനുവരി മൂന്നിന് അദ്ദേഹം ഈ അതിരൂപതയുടെ ചുമതലയേറ്റെടുത്തു. പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിൽ (CEP) 2018-നും 2025-നും ഇടയിൽ രണ്ട് തവണ ആരാധനാക്രമത്തിനായുള്ള എപ്പിസ്കോപ്പൽ കമ്മീഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.




