ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യം തൃപ്തികരമെന്ന് വത്തിക്കാൻ

“മാർപാപ്പയുടെ രാത്രി വളരെ ശാന്തമായിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്നുതന്നെ, പിന്നീട് നൽകുന്നതാണ്,” സങ്കീർണ്ണതകളൊന്നുമില്ലാതെ ശ്വാസകോശ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനു ശേഷം ഇന്ന് രാവിലെ വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു. ലെയോ പതിനാലാമൻ മാർപാപ്പ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനു ശേഷം പാപ്പയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പാണിത്.

വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ആശുപത്രിയിലെ തോറാസിക് സർജറി വിഭാഗം മേധാവിയായ പ്രൊഫസർ സ്റ്റെഫാനോ മാർഗരിത്തോറയും ഡോ. ലൂയിജി കാർബോണും ഉൾപ്പെടെയുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. “രോഗബാധിതമായ ഭാഗം പൂർണ്ണമായി നീക്കം ചെയ്യുന്നതിനായി വീഡിയോ അസിസ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് നീക്കം ചെയ്തത്” എന്ന് പ്രസ്താവനയിൽ പറയുന്നു.

ശസ്ത്രക്രിയയ്ക്കിടെ പരിശോധിച്ച ടിഷ്യു സാമ്പിളുകൾ, മുൻകൂട്ടി നടത്തിയ പരിശോധനകളിൽ ഡോക്ടർമാർ സംശയിച്ചിരുന്ന രോഗനിർണ്ണയം ശരിയാണെന്ന് സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്ക് മാത്രം ഏകദേശം 90 മിനിറ്റ് എടുത്തു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും യാതൊരു സങ്കീർണ്ണതകളും ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

വരും ദിവസങ്ങളിൽ നീക്കം ചെയ്ത ടിഷ്യുവിൽ പോസ്റ്റ്-ഓപ്പറേറ്റീവ് പരിശോധനകൾ നടത്തുന്നതായിരിക്കും. എവിടെ, എങ്ങനെ ശസ്ത്രക്രിയ നടത്തണം എന്ന് പ്രീ-ഓപ്പറേറ്റീവ് പരിശോധനകൾ വഴി ഡോക്ടർമാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നേരത്തെ അറിയിച്ചതുപോലെ ഒരാഴ്ചത്തെ ആശുപത്രിവാസത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.