യുഡിഎഫ് സർക്കാരിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പ്രത്യാശാഭരിതം; ജനപക്ഷ ഇടപെടലുകൾ തുടർന്നും ആവശ്യം: കെസിബിസി ജാഗ്രത കമ്മീഷൻ

യുഡിഎഫ് സർക്കാരിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പ്രത്യാശാഭരിതവും അഭിനന്ദനാർഹവുമാണ്. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത്, വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം, നൂറുദിന കർമപരിപാടിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണം പൂർത്തിയാക്കാനായെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തുടങ്ങിയവ ഭരണനിർവഹണത്തിലെ ശ്രദ്ധേയമായ നേട്ടങ്ങളാണ്.

മയക്കുമരുന്ന് വ്യാപനത്തിനെതിരായ ‘തൂഫാൻ’ പദ്ധതി, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചത് തുടങ്ങിയ നടപടികൾ വലിയ പ്രതീക്ഷ നൽകുന്നവയാണ്. ഇത്തരം പദ്ധതികളുടെ ഫലപ്രദമായ നിർവഹണം ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാ കേരള നിവാസികൾക്കും ഗുണകരമാകുമെന്ന് കരുതുന്നു.

വിവിധ സർക്കാർ വകുപ്പുകളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ ഡിസംബർ 31-നുള്ളിൽ തീർപ്പാക്കുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന ‘ജനസ്പർശം’ പദ്ധതിയും ജനകീയ ഭരണത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണ്. ഓരോ ഫയലിനും പിന്നിൽ സാധാരണ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളുണ്ടെന്ന തിരിച്ചറിവോടെ ഈ പദ്ധതി നടപ്പാക്കുന്നത് അനേകം പേർക്ക് ആശ്വാസമായേക്കും.

കേരള മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങളും തൂഫാൻ, വയോജന ക്ഷേമം തുടങ്ങിയ പദ്ധതികൾക്ക് സവിശേഷമായ ഐക്യദാർഢ്യവും അറിയിക്കുന്നു. അതോടൊപ്പം, സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ ദീർഘകാലമായി നേരിടുന്ന മറ്റു പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള നടപടികൾക്കും സർക്കാർ മുൻഗണനനൽകണമെന്ന് അഭ്യർഥിക്കുന്നു.

* പരിസ്ഥിതിലോല മേഖലകളുമായി (ESA) ബന്ധപ്പെട്ട വിഷയത്തിൽ ഇനിയും നിലനിൽക്കുന്ന ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ചും കർഷകരുടെയും മലയോര ജനതയുടെയും അവകാശങ്ങൾ സംരക്ഷിച്ചും വ്യക്തതയോടെയുള്ള തുടർനടപടികൾ കൈക്കൊള്ളണം.

* വിഴിഞ്ഞത്തിന് പുറമെ സംസ്ഥാനത്തെ വിവിധ തീരദേശ മേഖലകളിൽ കടലാക്രമണം, തീരശോഷണം, ഉപജീവനപ്രതിസന്ധി, പുനരധിവാസ പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്ന മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ശാശ്വത പരിഹാരങ്ങളും ആവശ്യമായ സംരക്ഷണവും ഉറപ്പാക്കണം.

* മലയോര മേഖലകളിൽ വർധിച്ചുവരുന്ന മനുഷ്യ–വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.

* ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും സർക്കാർ സത്വര നടപടികൾ സ്വീകരിക്കണം. റിപ്പോർട്ടിന്റെ നിർദേശങ്ങൾ പ്രായോഗികമാക്കുന്നതിലൂടെ അർഹരായ ജനവിഭാഗങ്ങൾക്ക് നീതിയും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ കഴിയണം.

* മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശം പുനഃസ്ഥാപിക്കാനും പ്രശ്നം ശാശ്വതമായി പരിഹരിക്കാനുമുള്ള അടിയന്തര ഇടപെടലുകൾക്ക് സർക്കാർ തയ്യാറാകണം.

പ്രഖ്യാപനങ്ങൾ ഫലപ്രദമായ നടപടികളായി മാറുകയും സാധാരണ ജനങ്ങളുടെ ജീവിതപ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ജനപക്ഷ ഇടപെടലുകൾ സർക്കാർ തുടർന്നും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും നീതിപൂർവമായ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് വികസനവും സാമൂഹികനീതിയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാരിന് കഴിയട്ടെ.

ഫാ. ഡോ. ആന്റണി എൽ. OFM Cap.
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.