വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ നൊവേന: രണ്ടാം ദിനം, ഒക്ടോബർ 15 

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.

രണ്ടാം ദിനം (ഒക്ടോബർ 15): സുവിശേഷ ചൈതന്യത്താൽ നിറഞ്ഞ വി. ജോൺ പോൾ രണ്ടാമൻ പാപ്പ

മാർപാപ്പ എന്ന നിലയിൽ സുവിശേഷ ചൈതന്യവുമായി 129 രാജ്യങ്ങളിലാണ് ജോൺ പോൾ രണ്ടാമൻ പാപ്പ സന്ദർശനം നടത്തിയത്. ഓരോ യാത്രകളും സുവിശേഷ പ്രഘോഷണങ്ങളായിരുന്നു. യാത്രയിൽ കണ്ടുമുട്ടിയവർക്കെല്ലാം തന്റെ സ്വസിദ്ധമായ ശൈലിയിൽ യേശുവിനെ നൽകി. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ ഒരിക്കലും “ഭയപ്പേടേണ്ട” എന്ന ബോധ്യം നൽകിയാണ് ആ വലിയ മിഷനറി സ്വർഗ്ഗത്തിലേക്കു യാത്രയായത്.

പ്രാർത്ഥന

രക്ഷകനായ യേശുവേ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെപ്പോലെ സുവിശേഷവത്കരണ ചൈതന്യത്തിൽ എന്നെ വളർത്തണമേ. ഞാൻ കണ്ടുമുട്ടുന്ന എല്ലാവർക്കും നിന്നെ കൊടുക്കാൻ ആഗ്രഹിക്കുന്നു. ഈശോയെ നിന്റെ  കാരുണ്യത്തിലും നന്മയിലും ആശ്രയിച്ച് ദൈവവചനം ശ്രവിക്കുവാനും അതു ജീവിതത്തിൽ പ്രാവർത്തികമാക്കാനും മറ്റുള്ളവരോടു പ്രഘോഷിക്കുവാനും എന്നെ പ്രാപ്തനാക്കണമേ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മധ്യസ്ഥതയാൽ  ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക ) എനിക്കു സാധിച്ചു തരണമേ. ആമ്മേൻ

1 സ്വർഗ്ഗസ്ഥനായ പിതാവേ. 1 നന്മ നിറഞ്ഞ മറിയമേ. 1 ത്രിത്വ സ്തുതി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടുള്ള  ലുത്തിനിയ

കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ക്രിസ്തുവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന ദയാപൂർവ്വം കേൾക്കണമേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ലോകരക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളോടു കരുണയായിരിക്കണമേ.

എളിമയുടെ നിറകുടമായ വി. ജോൺ പോൾ പാപ്പായേ,
                                       ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സുവിശേഷവത്കരണ ചൈതന്യമായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ അനുഗാമിയായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ ആരാധനകനായ വി. ജോൺ പോൾ പാപ്പായേ,
ദൈവഹിതം നിറവേറ്റുന്നതിനു സ്വയം സമർപ്പിച്ച വി. ജോൺ പോൾ പാപ്പായേ,
കുരിശുകൾ ക്ഷമയോടെ വഹിച്ച വി. ജോൺ പോൾ പാപ്പായേ,
സത്യത്തിന്റെ സ്നേഹിതനായ വി. ജോൺ പോൾ പാപ്പായേ,
മറിയത്തിന്റെ വിശ്വസ്ത പുത്രനായ വി. ജോൺ പോൾ പാപ്പായേ,
സ്വർഗ്ഗത്തിന്റെ പൗരനായ വി. ജോൺ പോൾ പാപ്പായേ,

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.