ആദ്യ യുവജനദിനത്തിന്റെ ഓർമ്മകൾ പുതുക്കി വത്തിക്കാൻ: ആഘോഷങ്ങളെ ആത്മീയമാക്കി യുവജന കുരിശ് പ്രയാണം

40 വർഷം മുമ്പ് വി. ജോൺ പോൾ രണ്ടാമനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചരിത്രത്തിലെ ആദ്യത്തെ ലോക യുവജനദിനത്തിന്റെ (WYD) വാർഷികം ഏപ്രിൽ 14-ന് ആഘോഷിച്ചു. പരിപാടിയോടനുബന്ധിച്ച് 1984-ൽ അന്നത്തെ മാർപാപ്പ സംഘാടകർക്കു നൽകിയ ‘യുവജന കുരിശ്’ – വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം റോമാ നഗരത്തിലൂടെ നടന്നു. ഇത് യുവജനങ്ങൾക്ക്‌ പുത്തൻപ്രതീക്ഷയും ഉണർവും പകർന്നുവെന്നു വെളിപ്പെടുത്തുകയാണ് ഇന്ന് അനേകർ.

‘മരിച്ചവനും ഉയിർത്തെഴുന്നേറ്റവനുമായ യേശുവിൽ മാത്രമേ രക്ഷയും വീണ്ടെടുപ്പുമുള്ളൂ എന്നതിന്റെ അടയാളമായും ഓർമ്മയായും ഈ കുരിശ് ലോകമെമ്പാടും വഹിക്കുക’ എന്ന ദൗത്യത്തോടെയാണ് വി. ജോൺ പോൾ രണ്ടാമൻ ഈ കുരിശ് ആദ്യ യുവജനസമ്മേളനത്തിനു കൈമാറിയത്.

തടി കൊണ്ടുള്ള ഈ കുരിശ് ലോകമെമ്പാടുമുള്ള രൂപതകളിലും പരിപാടി നടക്കുന്ന എല്ലാ സ്ഥലങ്ങളിലും സഞ്ചരിച്ച് ലോക യുവജനദിനത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. യുവജനദിനത്തിന്റെ വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഈ കുരിശ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നിന്നു പുറപ്പെട്ട്, യുവാക്കൾ അത്, സാൻ ലോറെൻസോ സെന്ററിലേക്ക് കൊണ്ടുപോയി. അവിടെയാണ് ഈ തീർഥാടന കുരിശ് വർഷം മുഴുവൻ പ്രതിഷ്ഠിക്കപ്പെടുന്നത്.

തുടർന്ന് പരിശുദ്ധ കുർബാന അർപ്പണവും ആരാധനയും നടന്നു. സാൻ ലോറെൻസോ സെന്ററിൽ നടന്ന പരിശുദ്ധ കുർബാനയ്ക്കും മറ്റു പരിപാടികൾക്കും കർദിനാൾ ജോസ് ടോലെന്റിനോ ഡി മെൻഡോൻസ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.