ഫ്രാൻസിസ് മാർപാപ്പായുടെ ദുബായ് സന്ദർശനത്തിന്റെ കാര്യപരിപാടികൾ പ്രസിദ്ധീകരിച്ച് വത്തിക്കാൻ

COP-28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ദുബായ് സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പായുടെ കാര്യപരിപാടികൾ വത്തിക്കാൻ പുറത്തുവിട്ടു. ഡിസംബർ ഒന്നുമുതൽ മൂന്നുവരെയുള്ള തീയതികളിലാണ് മാർപാപ്പയുടെ ദുബായ് സന്ദർശനം. ദുബായിൽ പാപ്പാ പ്രസംഗിക്കുകയും ലോകനേതാക്കളെ കാണുകയും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ വിശ്വാസാധിഷ്ഠിത ഇടപെടലുകൾ നടത്തുകയുംചെയ്യും.

ആദ്യമായാണ് ഒരു മാർപാപ്പ യു.എന്നിന്റെ വാർഷിക പരിസ്ഥിതിയോഗത്തിൽ പങ്കെടുക്കുന്നത്. കാലാവസ്ഥാവ്യതിയാനം ‘സമൂഹത്തെയും ആഗോളസമൂഹത്തെയും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്ന്’ എന്നുവിളിക്കുന്ന അപ്പോസ്തോലിക പ്രബോധനമായ ‘Laudate Deum’ കഴിഞ്ഞ മാസം പാപ്പാ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബർ രണ്ടിന് രാവിലെ പത്തുമണിക്ക് ദുബായിലെ എക്‌സ്‌പോ സിറ്റിയിൽ COP-28 ൽ ഫ്രാൻസിസ് മാർപാപ്പ സംസാരിക്കും. പ്രസംഗത്തെതുടർന്ന്, ഉച്ചകോടിയിൽ പങ്കെടുക്കുന്നവരുമായി സ്വകാര്യ ഉഭയകക്ഷിയോഗങ്ങളിലും പാപ്പാ സന്നിഹിതനാകും.

ചാൾസ് മൂന്നാമൻ രാജാവ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.കെ പ്രധാനമന്ത്രി ഋഷി സുനക്, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും COP-28 ൽ പങ്കെടുക്കുമെന്നുപ്രതീക്ഷിക്കുന്ന ചില നേതാക്കളിൽ ഉൾപ്പെടുന്നു. ഈ വർഷമാദ്യം സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനും യു.എ.ഇ ക്ഷണംനൽകിയിരുന്നു. പ്രസിഡന്റ് ജോ ബൈഡൻ ഈ വർഷം ഉച്ചകോടിയിൽ പങ്കെടുക്കുമോയെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല.

ഇത് രണ്ടാം തവണയാണ് ഫ്രാൻസിസ് മാർപാപ്പ യു.എ.ഇയിലേക്കു പോകുന്നത്. മതാന്തരസംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചെറിയ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്നതിനുമായി 2019 ഫെബ്രുവരിയിൽ അബുദാബി നഗരം സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ അറേബ്യൻ ഉപദ്വീപ് സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയായി. ഡിസംബർ മൂന്നിന് രാവിലെ ഒൻപതുമണിക്കു നടക്കുന്ന കാലാവസ്ഥാസമ്മേളനത്തിൽ ആദ്യത്തെ ‘വിശ്വാസ പവലിയൻ’ ഉദ്ഘാടനത്തിൽ മാർപാപ്പാ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.