ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച വത്തിക്കാൻ കമ്മീഷന്റെ ആദ്യ യോഗം റോമിൽ ചേർന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പഠനങ്ങൾ, ഗവേഷണങ്ങൾ, അതിന്റെ ഉപയോഗം എന്നിവയിൽ വത്തിക്കാന്റെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും ലക്ഷ്യമിട്ട് രൂപീകരിച്ച ‘ഇന്റർഡികാസ്റ്റീരിയൽ കമ്മീഷൻ ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (ICAI)-ന്റെ ആദ്യ യോഗം റോമിൽ നടന്നു. വത്തിക്കാന്റെ ചരിത്രത്തിൽ എഐയ്ക്ക് വേണ്ടി മാത്രമായി രൂപീകരിച്ച പുതിയ സമിതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളുടെ തുടക്കം കൂടിയാണിത്.

റോമിലെ പലാസോ സാൻ കാലിസ്തോയിൽ വെച്ച് നടന്ന യോഗത്തിൽ വത്തിക്കാന്റെ പ്രമുഖ വകുപ്പുകളായ വിശ്വാസ തിരുസംഘം (Doctrine of the Faith), സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള വകുപ്പ്, കമ്മ്യൂണിക്കേഷൻ വകുപ്പ്, സമഗ്ര മാനവ വികസനത്തിനായുള്ള വകുപ്പ് എന്നിവയിലെ പ്രതിനിധികളും; ജീവൻ, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയ്ക്കായുള്ള പോന്തിഫിക്കൽ അക്കാദമികളിലെ വിദഗ്ദ്ധരും പങ്കെടുത്തു.

മനുഷ്യന്റെ അന്തസ്സ്, പൊതുനന്മ, സഭയുടെ ദൗത്യം എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ കൃത്രിമബുദ്ധിയെ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ദർശനങ്ങൾ പങ്കുവെക്കുക, നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുക, മുൻഗണനാക്രമങ്ങൾ നിശ്ചയിക്കുക എന്നിവയായിരുന്നു കമ്മീഷന്റെ ആദ്യ യോഗത്തിന്റെ പ്രധാന ലക്ഷ്യം. സമിതിയുടെ ആദ്യ വർഷത്തെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ‘സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വകുപ്പിനാണ്’ നൽകിയിരിക്കുന്നത്.

തുടക്കത്തിൽ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്കാണ് കമ്മീഷൻ രൂപം നൽകിയിരിക്കുന്നത്. നിലവിലുള്ള സഭാനടപടികൾ വിലയിരുത്തുക, വത്തിക്കാൻ സ്ഥാപനങ്ങൾക്കുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനുള്ള കൃത്യമായ മാർഗ്ഗരേഖകൾ തയ്യാറാക്കുക എന്നിവയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക.

വിവിധ വത്തിക്കാൻ വകുപ്പുകൾ ഒന്നിച്ച് ചേർന്നുള്ള ഈ ഏകോപനം വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കമ്മീഷന്റെ അടുത്ത യോഗം ജൂലൈ പകുതിയോടെ വീണ്ടും ചേരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.