
സാമ്പത്തിക തകർച്ചയും പട്ടിണിയും ആഭ്യന്തര യുദ്ധങ്ങളും മൂലം ദുസ്സഹമായ യെമൻ ഇന്ന് ജീവിക്കാൻ എളുപ്പമുള്ള ഒരിടമല്ല. രാജ്യത്തിന്റെ ഭൂരിഭാഗവും സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്താണ്; ജനസംഖ്യയിൽ വലിയൊരു പങ്കും കഴിയുന്നത് ഹൂതി തീവ്രവാദികളുടെ നിഴലിലും. എന്നാൽ ഈ ദുരിതങ്ങൾക്കപ്പുറം, യെമനിലെ മതന്യൂനപക്ഷങ്ങളുടെ ജീവിതം അതിലും ദുസ്സഹമാണ്. ഹിന്ദുക്കളും ബഹായികളും ക്രിസ്ത്യാനികളും തടവറയിലടയ്ക്കപ്പെട്ട ഒരേയൊരു യഹൂദനും അടങ്ങുന്ന അവിടത്തെ ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ക്രമസമാധാന തകർച്ചയും മാനുഷിക പ്രതിസന്ധികളും മൂലം സമീപവർഷങ്ങളിൽ യെമനിലെ വിദേശ ക്രൈസ്തവരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
“വളരെ കുറച്ചുപേർ ഇനിയും അവിടെ ബാക്കിയുണ്ടാകാം. പക്ഷേ അവരുടെ അവസ്ഥ അങ്ങേയറ്റം അപകടത്തിലാണ്” യമനിലെ മുൻ മുസ്ലിമും ഇപ്പോൾ യുകെയിൽ ക്രിസ്തീയ സുവിശേഷകനുമായി ജീവിക്കുന്ന ജോൺ ഘാനിം പറയുന്നു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ശബ്ദമുയർത്താനും അറബി സംസാരിക്കുന്നവർക്കിടയിൽ സുവിശേഷപ്രചാരണത്തിനുമായി പ്രവർത്തിക്കുന്ന ‘ഫെയ്ത്ത് ആൻഡ് ലവ് മീഡിയ’യുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
യെമനിൽ എത്യോപ്യൻ ഓർത്തഡോക്സ്, റഷ്യൻ ഓർത്തഡോക്സ് തുടങ്ങിയ ചില ക്രൈസ്തവ സഭകൾക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും അത് തികച്ചും വ്യക്തിപരമായി ഒതുക്കേണ്ടതുണ്ട്. ക്രൈസ്തവ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രികൾ അവിടെയുണ്ടെങ്കിലും, അടിയന്തര സഹായ വിതരണങ്ങൾ പലപ്പോഴും മസ്ജിദുകൾ വഴിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സഹായം ലഭിക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മതന്യൂനപക്ഷങ്ങളുടെ പേരുകൾ പലപ്പോഴും വെട്ടിമാറ്റപ്പെടാറുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ക്രൈസ്തവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ച് വലിയ തോതിലുള്ള അറസ്റ്റുകളും കടുത്ത സമ്മർദങ്ങളുമാണ് അവിടെയുള്ളവർ നേരിട്ടതെന്നും നിരവധി വിദേശ സന്നദ്ധ പ്രവർത്തകർ തടങ്കലിലായതായും ഘാനിം ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്തുവിലേക്ക് നയിച്ച വഴി
സ്വന്തം നാട് വിടുന്നതിന് മുൻപ് തന്നെ ഘാനിം തന്റെ പഴയ മതം ഉപേക്ഷിച്ചിരുന്നു. എങ്കിലും ജീവൻ നിലനിർത്താനായി 2014 മുതൽ 2017 വരെയുള്ള കാലയളവിൽ പുറമെ ഒരു മുസ്ലിമായി തന്നെയാണ് അദ്ദേഹം ജീവിച്ചത്. വിശ്വസിച്ച് ഒന്നു തുറന്നു സംസാരിക്കാൻ പോലും അക്കാലത്ത് ആരും കൂടെയുണ്ടായിരുന്നില്ല.
കുറച്ചുകാലം ദൈവമില്ലെന്ന ചിന്തയുമായി നടന്ന അദ്ദേഹം പിന്നീട് യേശുവിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. ഒടുവിൽ യൂറോപ്പിലേക്ക് കുടിയേറിയ ഘാനിം, ഗ്രീസിൽ വച്ചാണ് സിറിയൻ ക്രൈസ്തവ അഭയാർഥികളെ കണ്ടുമുട്ടുന്നത്. ആ സൗഹൃദം അദ്ദേഹത്തെ ക്രിസ്തുമത വിശ്വാസത്തിലേക്ക് നയിച്ചു. പിന്നീട് അദ്ദേഹം യുകെയിലേക്ക് മാറി.
ഇന്ന് അദ്ദേഹം ക്രിസ്തുവിനെ സ്വീകരിച്ച കാര്യം പരസ്യമാണ്. അതുകൊണ്ടുതന്നെ ഭൂരിഭാഗം കുടുംബാംഗങ്ങളും അദ്ദേഹത്തെ ഉപേക്ഷിച്ചു കഴിഞ്ഞു. എങ്കിലും വിദേശത്ത് താമസിക്കുന്ന തന്റെ ഒരു ബന്ധു കൂടി ക്രൈസ്തവവിശ്വാസം സ്വീകരിച്ചതായി അദ്ദേഹം അറിയുന്നു. കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നെങ്കിൽ പോലും ഘാനിമിന് ഇനി യമനിലേക്ക് മടങ്ങാൻ കഴിയില്ല. കാരണം, അദ്ദേഹം പ്രാർഥിച്ചിരുന്ന പഴയ മസ്ജിദിൽ നിന്ന് അദ്ദേഹത്തിനെതിരെ ‘ഫത്വ’ പുറപ്പെടുവിച്ചു കഴിഞ്ഞു; അതായത് കണ്ടാലുടൻ കൊന്നുകളയാനുള്ള ഉത്തരവ്.
പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും മതം ഉപേക്ഷിക്കുന്നത് പുറംലോകം അറിയാതിരുന്നാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ഉദാഹരണത്തിന് ഇറാനിലോ തുർക്കിയിലോ ഉള്ള നാമമാത്ര വിശ്വാസികൾക്ക് ദിവസവും അഞ്ച് നേരം പ്രാർഥിച്ചില്ലെങ്കിലും പള്ളിയിൽ പോയില്ലെങ്കിലും വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരാറില്ല. എന്നാൽ അറബ് രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും കടുത്ത മതനിയമങ്ങളുള്ള യെമനിലെ അവസ്ഥ അതല്ല. അവിടെ ഒരാൾ പള്ളിയിൽ വരുന്നത് നിർത്തുകയോ പ്രാർഥനാ സമയങ്ങൾ അവഗണിക്കുകയോ ചെയ്താൽ ആളുകൾ അത് പെട്ടെന്ന് ശ്രദ്ധിക്കും, അത് അയാളുടെ ജീവന് തന്നെ ഭീഷണിയാകും. ജീവൻ നിലനിർത്താൻ വേണ്ടി മാത്രം പുറമെ ഇത്തരം ചടങ്ങുകളിൽ പങ്കുചേരുമ്പോഴും, ഉള്ളുകൊണ്ട് അവർ ഇസ്ലാമിക വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും പൂർണ്ണമായും അകന്നിരിക്കുകയാണ്.
കാത്തിരിക്കുന്ന വധശിക്ഷ
ലോകത്തിൽ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ശത്രുത പുലർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ യെമൻ. അവിടത്തെ നിയമപ്രകാരം ഇസ്ലാം മതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷയാണ്. സമീപവർഷങ്ങളിൽ നിയമപരമായി ഇത്തരം വധശിക്ഷകൾ നടപ്പിലാക്കിയതായി രേഖകളില്ലെങ്കിലും, മതം മാറിയ പലരും കോടതിക്ക് പുറത്തുള്ള അതിക്രമങ്ങളിലൂടെ കൊല്ലപ്പെട്ടിട്ടുണ്ട്.
യെമനിലെ ക്രിസ്ത്യാനികളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. അവിടെയുള്ള വിദേശികളെയോ സന്നദ്ധ പ്രവർത്തകരെയോ ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന യെമനികളെയോ ഒന്നും പല റിപ്പോർട്ടുകളിലും ഉൾപ്പെടുത്താറില്ലെന്ന് ഘാനിം വ്യക്തമാക്കുന്നു.
“പക്ഷേ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്; ക്രിസ്തുമതത്തെക്കുറിച്ച് അന്വേഷിക്കുന്ന, ബൈബിൾ വായിക്കുന്ന, ക്രിസ്തീയ മാധ്യമങ്ങൾ പിന്തുടരുന്ന യെമനികളുടെ എണ്ണം ഇന്ന് യഥാർഥത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്” – ഘാനിം പറയുന്നു. എങ്കിലും അവിടത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണ് ക്രൈസ്തവർ. സുരക്ഷാ കാരണങ്ങളാൽ യെമനിലെ വിശ്വാസികളുമായി ഘാനിം നേരിട്ട് ബന്ധം പുലർത്താറില്ല. കാരണം നിയമവിരുദ്ധ മതപ്രവർത്തനങ്ങൾ തടയുന്ന അവിടത്തെ ഉദ്യോഗസ്ഥർക്കിടയിൽ ഘാനിം എന്ന പേര് അത്രമേൽ പ്രശസ്തമാണ്. എന്നാൽ രാജ്യത്തിന് പുറത്തുള്ള യെമനി വിശ്വാസികളുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
യുകെയിൽ ഒരു സുവിശേഷകനായി പരസ്യ ജീവിതം നയിക്കുമ്പോഴും ഘാനിം സുരക്ഷിതനല്ല. “സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും ഭീഷണികളും എനിക്ക് ദിവസവും വരാറുണ്ട്,” അദ്ദേഹം പറയുന്നു. യുകെയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വച്ച് പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില കൂടിക്കാഴ്ചകൾ സമാധാനപരമാണെങ്കിലും പലതും ഭയപ്പെടുത്തുന്നതും അപകടം നിറഞ്ഞതുമാണ്. എപ്പോഴെങ്കിലും തനിക്ക് നേരെ ഒരു ആക്രമണം ഉണ്ടായേക്കാം എന്ന് അദ്ദേഹം ഭയപ്പെടുന്നു. എങ്കിലും ഭയം എന്റെ ജീവിതത്തെ നിയന്ത്രിക്കാനോ എന്റെ സാക്ഷ്യത്തെ ഇല്ലാതാക്കാനോ ഞാൻ അനുവദിക്കില്ല,” ഘാനിം ഉറപ്പിച്ചു പറയുന്നു.
ആത്മീയ ധൈര്യമാണ് ജോൺ ഘാനിം എന്ന മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ തന്റെ ജീവിതാനുഭവം കേൾക്കുന്നവർ ഇതിനെ വെറുമൊരു അതിജീവന കഥയായി കാണരുതെന്നും, യേശുവിന് മാറ്റാൻ കഴിയാത്തതായി ഒരു മനുഷ്യനോ രാഷ്ട്രമോ ഇല്ല” എന്നതിന്റെ ജീവനുള്ള തെളിവായി കാണണമെന്നുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.




