കർദ്ദിനാൾമാരുടെ അസാധാരണ സമ്മേളനം സമാപിച്ചു; സമാപന പ്രസംഗം നടത്തി ലെയോ പാപ്പ

യുദ്ധങ്ങളും മനുഷ്യബന്ധങ്ങളിലെ തകർച്ചയും മൂലം ലോകം കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ പ്രത്യാശയുടെയും സിനഡാത്മകതയുടെയും സഭയുടെ ഉത്തരവാദിത്തങ്ങളുടെയും പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് കർദ്ദിനാൾമാരുടെ അസാധാരണ സമ്മേളനം (കൺസിസ്റ്ററി) സമാപിച്ചു. സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിൽ, മിഷനുവേണ്ടിയുള്ള ശുശ്രൂഷയിലെ കൂട്ടായ്മയുടെ അനുഭവമാണിതെന്ന് പാപ്പ വ്യക്തമാക്കി.

ജൂൺ 26, 27 തീയതികളിൽ വത്തിക്കാനിൽ നടന്ന അസാധാരണ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിന് മുൻപായി, ഈ ദിവസങ്ങളിൽ ശക്തമായ ഭൂകമ്പം ഉണ്ടായ വെനസ്വേലയിലെ ജനങ്ങൾക്ക് മാർപ്പാപ്പയും കർദ്ദിനാൾ സംഘവും തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ദുരന്തം അനുഭവിക്കുന്ന എല്ലാവർക്കുമായി പാപ്പ പ്രാർഥിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രാർത്ഥിക്കാനും വെനസ്വേലയ്ക്ക് അന്താരാഷ്ട്ര സമൂഹം നൽകുന്ന പിന്തുണയിൽ കുറവുണ്ടാകരുതെന്നും പാപ്പ അഭ്യർത്ഥിച്ചു.

വത്തിക്കാനിലെ ന്യൂ സിനഡ് ഹാളിൽ നടന്ന ചടങ്ങിൽ നന്ദിപ്രകാശനത്തോടെയാണ് മാർപ്പാപ്പ പ്രസംഗം ആരംഭിച്ചത്. “വളരെ ആഴമേറിയ കൃതജ്ഞതയോടെയാണ് നാം ഈ ദിവസങ്ങൾ പൂർത്തിയാക്കുന്നത്. കൺസിസ്റ്ററിയിലെ ചർച്ചകളിൽ പങ്കെടുത്ത എല്ലാവരുടെയും ആഴമേറിയ ചിന്തകൾ മാത്രമല്ല, അത് സാധ്യമാക്കിയ സാഹോദര്യത്തിന്റെ അനുഭവവും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു,” പാപ്പ പറഞ്ഞു.

വൈവിധ്യമാർന്ന സഭകളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നുമുള്ള കർദ്ദിനാൾമാർ പരസ്പരം ശ്രവിക്കുകയും സുവിശേഷത്തിന് ഏറ്റവും അനുയോജ്യമായത് എന്തെന്ന് ഒരുമിച്ച് അന്വേഷിക്കുകയും ചെയ്തത് വലിയ ആശ്വാസവും പ്രത്യാശയും നൽകുന്നതാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.

സിനഡാത്മകത എന്നത് കേവലം ഒരു സംഘടനാ രീതിയോ മീറ്റിംഗുകളുടെ പരമ്പരയോ അല്ല, മറിച്ച് അത് സഭയുടെ ജീവനരീതിയാണെന്ന് മാർപ്പാപ്പ വ്യക്തമാക്കി. “ആരാണ് തീരുമാനങ്ങൾ എടുക്കേണ്ടത് എന്നതല്ല യഥാർത്ഥ ചോദ്യം, മറിച്ച് കർത്താവ് തന്റെ സഭയെ ഏൽപ്പിച്ച ദാനത്തെ നമ്മൾ എങ്ങനെ ഒരുമിച്ച് സംരക്ഷിക്കും എന്നതാണ്,” പാപ്പ കൂട്ടിച്ചേർത്തു. പരിശുദ്ധാത്മാവിന്റെ വഴിനടത്തലിലൂടെയും പരസ്പരമുള്ള ശ്രവിക്കലിലൂടെയുമാണ് ഈ യാത്ര വളരേണ്ടതെന്നും തങ്ങളുടെ പ്രാദേശിക സഭകളിൽ ഇതിന്റെ യഥാർത്ഥ അർത്ഥം പ്രാവർത്തികമാക്കാൻ കർദ്ദിനാൾമാർ ശ്രദ്ധിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ, ദാരിദ്ര്യം, അനീതി, അക്രമം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കർദ്ദിനാൾമാർ പങ്കുവെച്ചതായി മാർപ്പാപ്പ സൂചിപ്പിച്ചു. എന്നാൽ ഈ ദുരന്തങ്ങൾക്ക് പിന്നിൽ അതിലും ആഴത്തിലുള്ള മറ്റൊരു പ്രതിസന്ധിയുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

തന്റെ പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ, സമ്മേളനത്തിൽ ഉയർന്നുവന്ന സമാധാനത്തിനായുള്ള ഏകകണ്ഠമായ ആഹ്വാനം മാർപ്പാപ്പ ഏറ്റെടുക്കുകയും അത് ലോകമെമ്പാടുമുള്ള സഭകളിലേക്കും ജനങ്ങളിലേക്കും എത്തിക്കാൻ കർദ്ദിനാൾമാരോട് ആവശ്യപ്പെടുകയും ചെയ്തു.

“ചരിത്രത്തിൽ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വഴികൾ ദൈവം തുറന്നുതരുന്നുണ്ട്. ധൈര്യത്തോടെ ആ വഴികളിലൂടെ നടക്കാനും അത് തിരിച്ചറിയാൻ ലോകത്തെ സഹായിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്,” പാപ്പ പറഞ്ഞു. കൺസിസ്റ്ററിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും പാപ്പ നന്ദി അറിയിക്കുകയും, സമ്മേളനത്തിന്റെ ഫലങ്ങളെ മാതാവിന്റെ മധ്യസ്ഥതയ്ക്ക് സമർപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.