സഭയുടെ വേദപാരംഗതനായ വിശുദ്ധ ഇരണേവൂസിന്റെ തിരുനാൾ

രണ്ടാം നൂറ്റാണ്ടിലെ പ്രമുഖനായ ക്രിസ്തീയ ദൈവശാസ്ത്രജ്ഞനും ലുഗ്ദുനം (ലിയോൺ) രൂപതയുടെ ബിഷപ്പും, വിശ്വാസസംരക്ഷകനും സഭയുടെ വേദപാരംഗതനും ആണ് വി. ഇരണേവൂസ്. തന്റെ രചനകളിലൂടെ വിശുദ്ധ ഗ്രന്ഥത്തിന്റെ ആധികാരികത, വിശ്വാസപ്രമാണം (Creed), ബിഷപ്പ് പദവിയുടെ അധികാരം എന്നിവയുടെ വളർച്ചയ്ക്ക് വി. ഇരണേവൂസ് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ലാറ്റിൻ കത്തോലിക്കാ, ആംഗ്ലിക്കൻ, ലൂഥറൻ പള്ളികളിൽ ജൂൺ 28 ന് വി. ഇരണേവൂസിന്റെ തിരുനാൾ ആഘോഷിക്കുന്നു. പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ ഓഗസ്റ്റ് 23 നാണ് അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്.

ആദ്യകാല ജീവിതം

കൃത്യമായ ജനനത്തീയതി അറിയില്ലെങ്കിലും, ഏഷ്യാ മൈനറിലെ ഗ്രീക്ക് മാതാപിതാക്കളിൽ നിന്നാണ് ഇരണേവൂസ് ജനിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം കൃതികളിൽ ജീവചരിത്രപരമായ ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, അദ്ദേഹം കുട്ടിയായിരുന്നപ്പോൾ, അപ്പസ്തോലന്മാരോടൊത്ത് ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയായ വിശുദ്ധ പോളികാർപ്പിനെ സ്മിർണയിൽ വെച്ച് കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും സാധിച്ചിരുന്നു. പ്രായം ചെന്ന ഈ ക്രിസ്തുശിഷ്യൻ ക്രിസ്തുവർഷം 155-ലാണ് രക്തസാക്ഷിത്വം വരിച്ചത്.

നാലാം നൂറ്റാണ്ടിൽ സഭാചരിത്രം എഴുതിയ യൗസേബിയൂസ് രേഖപ്പെടുത്തുന്നത് അനുസരിച്ച്, ക്രിസ്തുവർഷം 177-ൽ ഗോളിൽ (Gaul) നടന്ന പീഡനങ്ങൾക്ക് ശേഷം, രക്തസാക്ഷിയായ പോത്തിനോസിന്റെ പിൻഗാമിയായി ഇരണേവൂസ് ലുഗ്ദുനത്തിലെ ബിഷപ്പായി ചുമതലേറ്റു. ബിഷപ്പാകുന്നതിന് മുൻപ് അദ്ദേഹം തെക്കൻ ഗോളിൽ മിഷനറിയായും, ദുരുപദേശങ്ങൾ കാരണം അസ്വസ്ഥതയിലായിരുന്ന ഏഷ്യാ മൈനറിലെ സഭകൾക്കിടയിൽ സമാധാനദൂതനായും പ്രവർത്തിച്ചിരുന്നതായി യൗസേബിയൂസ് കുറിക്കുന്നു.

ലഭ്യമായ ഈ ജീവചരിത്ര വിവരങ്ങളും അദ്ദേഹത്തിന്റെ കൃതികളും ചേർത്തു വായിക്കുമ്പോൾ സവിശേഷമായ ഒരു ജീവിതചിത്രം ലഭിക്കും. രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാ മൈനറും തെക്കൻ ഫ്രാൻസും (റോൺ താഴ്‌വര) തമ്മിൽ ശക്തമായ സാംസ്കാരിക ബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പരമ്പരാഗത വിശ്വാസമനുസരിച്ച്, യേശുവിനെ നേരിട്ട് കണ്ടിട്ടുള്ള അപ്പസ്‌തോലനായ വിശുദ്ധ യോഹന്നാൻ വൃദ്ധനായി എഫേസൂസിൽ ജീവിച്ചിരുന്ന കാലത്താണ് പോളികാർപ്പ് യുവാവായിരുന്നത്. അങ്ങനെ നോക്കുമ്പോൾ യേശുവിനും തെക്കൻ ഫ്രാൻസിലെ ഇരണേവൂസ്സിനും ഇടയിൽ മൂന്ന് തലമുറകളുടെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇരണേവൂസ് ജീവിച്ചിരുന്ന കാലഘട്ടം സഭയുടെ വളർച്ചയുടെയും ഒപ്പം ആഭ്യന്തര തർക്കങ്ങളുടെയും സമയമായിരുന്നു. പലപ്പോഴും തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന വിവിധ വിഭാഗങ്ങൾക്കിടയിൽ അദ്ദേഹം ഒരു മധ്യസ്ഥനായി പ്രവർത്തിച്ചു. യഹൂദന്മാർ പെസഹാ ആചരിക്കുന്ന അതേ ദിവസം (നിസാൻ മാസം 14) തന്നെ ഈസ്റ്റർ ആഘോഷിക്കണമെന്ന് ഏഷ്യാ മൈനറിലെ സഭകൾ വാദിച്ചപ്പോൾ, ഈസ്റ്റർ എപ്പോഴും ഞായറാഴ്ച (ക്രിസ്തുവിന്റെ പുനരുത്ഥാന ദിവസം) തന്നെ ആഘോഷിക്കണമെന്ന് റോമൻ സഭ നിലപാടെടുത്തു. ഇതിൽ മധ്യസ്ഥത വഹിച്ച ഇരണേവൂസ് പ്രസ്താവിച്ചത്, പെരുന്നാൾ തീയതികൾ പോലുള്ള ബാഹ്യമായ കാര്യങ്ങളിലെ വ്യത്യാസങ്ങൾ സഭയുടെ ഐക്യത്തെ തകർക്കാൻ തക്ക ഗൗരവമുള്ളതാകരുത് എന്നാണ്.

ഇരണേവൂസിന്റെ രചനകൾ: നോസ്റ്റിക്കുകളുമായുള്ള പോരാട്ടം

റോമിലെ സഭാവിരുദ്ധ നേതാവായ മാർസിയോടും (Marcion), സഭയ്ക്കുള്ളിൽ അതിവേഗം പടർന്നുപിടിച്ച നോസ്റ്റിസിസത്തോടും (Gnosticism) ഇരണേവൂസ് പൂർണ്ണമായും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. അലക്സാണ്ട്രിയയിലെ വിശുദ്ധ ക്ലെമന്റ്, വിശുദ്ധ ഇരണേവൂസ് തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാരുടെ ശ്രമഫലമായി നോസ്റ്റിസിസം പരാജയപ്പെട്ടതിനാൽ, നോസ്റ്റിക്കുകളുടെ രചനകൾ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. അതിനാൽ, നോസ്റ്റിക്കുകളുടെ ആശയങ്ങളെക്കുറിച്ച് പഠിക്കാൻ ആധുനിക പണ്ഡിതന്മാർ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇരണേവൂസിന്റെ രചനകളെയായിരുന്നു. കാരണം അദ്ദേഹം അവരുടെ വാദങ്ങളെ എതിർക്കുന്നതിന് മുൻപ് അവ വ്യക്തമായി സംഗ്രഹിച്ചു നൽകിയിരുന്നു. 1940-കളിൽ ഈജിപ്തിലെ നാഗ് ഹമ്മാദിക്ക് (Najʿ Ḥammādī) സമീപത്തുനിന്ന് നോസ്റ്റിക് ഗ്രന്ഥശേഖരം കണ്ടെടുത്തതിന് ശേഷം ഇരണേവൂസ്സിനോടുള്ള ആദരവ് വർദ്ധിച്ചു. താൻ എതിർത്ത ആശയങ്ങളെക്കുറിച്ച് അദ്ദേഹം അതീവ കൃത്യതയോടെയാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ഈ കണ്ടെത്തലിലൂടെ തെളിഞ്ഞു.

അദ്ദേഹത്തിന്റെ അറിയപ്പെടുന്ന എല്ലാ രചനകളും നോസ്റ്റിക്കുകളുമായുള്ള പോരാട്ടത്തിന് വേണ്ടിയുള്ളതായിരുന്നു. ‘അഡ്വേർസൂസ് ഹെരേസസ്’ (Against Heresies) എന്ന പേരിൽ അഞ്ച് പുസ്തകങ്ങളായി എഴുതിയതാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. ക്രിസ്തുവർഷം 180-ൽ ഗ്രീക്കിൽ എഴുതിയ ഈ ഗ്രന്ഥം, ഇന്ന് മുഴുവനായി ലഭ്യമായിട്ടുള്ളത് ലാറ്റിൻ തർജ്ജമയിൽ മാത്രമാണ്. ഇരണേവൂസ് ഗ്രീക്കിൽ തന്നെ എഴുതിയ ‘ഡെമോൺസ്ട്രേഷൻ ഓഫ് ദി അപ്പോസ്തോലിക് പ്രീച്ചിംഗ്’ (Demonstration of the Apostolic Preaching) എന്ന ചെറിയ കൃതി ഇന്ന് അർമേനിയൻ ഭാഷായിൽ മാത്രമാണ് നിലനിൽക്കുന്നത്. ഇത് മാമ്മോദീസ സ്വീകരിക്കാൻ ഒരുങ്ങുന്ന യുവാക്കളെ പഠിപ്പിക്കുന്നതിനായി ഉദ്ദേശിച്ചുള്ളതായിരുന്നു.

ഹീബ്രു ബൈബിളിന്റെ (ക്രിസ്തീയ പഴയനിയമം) സാധുത ഇരണേവൂസ് ശക്തമായി സ്ഥാപിച്ചു. എന്നാൽ നോസ്റ്റിക്കുകൾ പഴയനിയമത്തെ തള്ളിക്കളയുകയും, അത് ക്രോധമുള്ള സ്രഷ്ടാവായ ഒരു ദൈവത്തിന്റെ നിയമങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് വാദിക്കുകയും ചെയ്തിരുന്നു. ഇരണേവൂസ് പഴയതെന്നും പുതിയതെന്നും രണ്ട് നിയമങ്ങളെക്കുറിച്ച് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ഈ പദപ്രയോഗത്തിലേക്ക് വഴിതുറന്നത് അദ്ദേഹമാണ്. ബൈബിളിന്റെ ഇരുഭാഗങ്ങളും തമ്മിലുള്ള ഐക്യത്തെയും വ്യത്യാസത്തെയും കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവന്ന കാലത്താണ് അദ്ദേഹം ഈ രണ്ട് നിയമങ്ങളുടെയും സാധുത വ്യക്തമാക്കിയത്. വിശുദ്ധ ഗ്രന്ഥത്തിന്റെ ആധികാരികത അവകാശപ്പെട്ട് നോസ്റ്റിക്കുകളുടേതുൾപ്പെടെയുള്ള നിരവധി രചനകൾ രണ്ടാം നൂറ്റാണ്ടിൽ പ്രചരിച്ചിരുന്നു. നോസ്റ്റിക്കുകൾക്കെതിരെയുള്ള ഇരണേവൂസിന്റെ ആക്രമണം ഇത്തരം രചനകളുടെ പ്രാധാന്യം കുറയ്ക്കാനും ബൈബിൾ പുസ്തകങ്ങളുടെ കൃത്യമായ പട്ടിക (Canon) രൂപീകരിക്കാനും സഹായിച്ചു.

വിശ്വാസപ്രമാണത്തിന്റെ (Creed) വികാസവും ബിഷപ്പ് പദവിയുടെ വളർച്ചയും നോസ്റ്റിക്കുകളുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ രക്ഷയെക്കുറിച്ച് മാത്രം സംസാരിക്കുന്ന പുതിയ നിയമത്തിന്റെ മാത്രം അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ, വിശ്വാസപ്രമാണം ലോകത്തിന്റെയും മനുഷ്യന്റെയും സൃഷ്ടിയെക്കുറിച്ചുള്ള ഒരു പ്രഖ്യാപനത്തോടെ ആരംഭിക്കേണ്ടതില്ലായിരുന്നു. എന്നാൽ, പുതിയനിയമത്തിൽ വെളിപ്പെടുത്തപ്പെട്ട ദൈവമല്ല ലോകം സൃഷ്ടിച്ചതെന്ന് നോസ്റ്റിക്കുകൾ വാദിച്ചതുകൊണ്ട്, അതിനെ പ്രതിരോധിക്കാൻ വിശ്വാസപ്രമാണത്തിന്റെ ഒന്നാം ഭാഗം ഉല്പത്തി പുസ്തകവുമായി (“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”) നേരിട്ട് ബന്ധിപ്പിച്ചു. തെറ്റായ ഉപദേശങ്ങൾക്കെതിരെ പോരാടാൻ ഉപയോഗിക്കുന്ന ‘സത്യത്തിന്റെ നിയമം’ (Rule of Truth) എന്നാണ് ഇരണേവൂസ് വിശ്വാസപ്രമാണത്തെ വിശേഷിപ്പിച്ചത്.

ബിഷപ്പുമാരുടെ ഏറ്റവും പഴയ പട്ടികകൾ തയ്യാറാക്കിയതും നോസ്റ്റിക്കുകൾക്കെതിരെയുള്ള പ്രതിരോധമായിരുന്നു. യേശുവിൽ നിന്ന് നേരിട്ട് ലഭിച്ച രഹസ്യമായ ഒരു വാമൊഴി പാരമ്പര്യം തങ്ങൾക്കുണ്ടെന്നാണ് നോസ്റ്റിക്കുകൾ അവകാശപ്പെട്ടിരുന്നത്. ഇതിനെതിരെ, വിവിധ നഗരങ്ങളിലെ ബിഷപ്പുമാരുടെ ചരിത്രം അപ്പോസ്തലന്മാരുടെ കാലം വരെ കണ്ടെത്താനാകുമെന്നും, അവരിലാരും നോസ്റ്റിക്കുകൾ ആയിരുന്നില്ലെന്നും ഇരണേവൂസ് വാദിച്ചു. വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിക്കാൻ ബിഷപ്പുമാർ മാത്രമാണ് സുരക്ഷിതരായ വഴികാട്ടികളെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഐതിഹ്യങ്ങളല്ലാതെ ചരിത്രപരമായ മറ്റ് തെളിവുകളൊന്നുമില്ലെങ്കിലും, രണ്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് ഇരണേവൂസ് അന്തരിച്ചതെന്ന് പൊതുവെ കരുതപ്പെടുന്നു. 2022-ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഇരണേവൂസിനെ സഭയുടെ വേദപാരംഗതനായി (Doctor of the Church) പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.