പ്രതീക്ഷയുടെ യാത്ര 133: മഴവില്ല് 

ആൻഡേഴ്സൺ കൂപ്പറും അദ്ദേഹത്തിന്റെ അമ്മ ഗ്ലോറിയ വാൻഡർബിൽറ്റും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങളുടെ സമാഹാരമായ ‘ദ റെയിൻബോ കംസ് ആൻഡ് ഗോസ്’ (The Rainbow Comes and Goes) എന്ന പുസ്തകം, ഒരു മകൻ തന്റെ അമ്മയോട് പ്രകടിപ്പിക്കുന്ന അഗാധമായ സ്നേഹത്തിന്റെയും, ഒരമ്മ തന്റെ മകന് പകർന്നുനൽകുന്ന ജീവിതാവബോധത്തിന്റെയും അപൂർവമായ അടയാളമാണ്. തിരക്കേറിയ തന്റെ മാധ്യമപ്രവർത്തന ജീവിതത്തിനിടയിലും തൊണ്ണൂറ്റിയൊന്നാം വയസ്സിൽ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായപ്പോൾ, അവർക്കിടയിലുണ്ടായിരുന്ന മൗനങ്ങളെ ഭേദിച്ച് സത്യസന്ധമായ ഒരു സംവാദത്തിന് കൂപ്പർ തുടക്കമിടുകയായിരുന്നു. ഈ പുസ്തകം കേവലം ഒരു ആത്മകഥയല്ല, മറിച്ച് ജീവിതത്തിന്റെ സായാഹ്നത്തിൽ പരസ്പരം പൂർണ്ണമായി മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു അമ്മയുടെയും മകന്റെയും ഹൃദയസംഭാഷണമാണ്.

ഈ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് ഗ്ലോറിയ വാൻഡർബിൽറ്റ് എന്ന സ്ത്രീയുടെ – അമ്മയുടെ ജീവിതമാണ്. പുറംലോകം ഒരു ഐക്കൺ ആയി കണ്ടിരുന്ന ഗ്ലോറിയയുടെ ഉള്ളിലെ സ്വപ്നങ്ങളും വേദനകളും ഭയങ്ങളും മകനായ കൂപ്പർ ഇമെയിലുകളിലൂടെ അറിഞ്ഞുതുടങ്ങുന്നു. പതിനഞ്ചാം മാസത്തിൽ പിതാവിന്റെ വേർപാട്, അമ്മയുടെ അവഗണന, കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന കോടതി നടപടികൾ, പ്രിയപ്പെട്ടവരുടെ മരണം എന്നിങ്ങനെ തീക്ഷ്ണമായ നഷ്ടങ്ങളുടെ നീണ്ടനിര തന്നെ ഗ്ലോറിയ അനുഭവിച്ചിട്ടുണ്ട്. എങ്കിലും, ആ തകർച്ചകളിൽ തളരാതെ നിന്ന്, ജീവിതത്തെ ഒരു സാഹസികതയായി കാണാനും ഓരോ ദിവസവും സ്നേഹം കൊണ്ട് നിറയ്ക്കാനും അവർ കാണിച്ച അചഞ്ചലമായ ശുഭാപ്തിവിശ്വാസം അദ്ഭുതകരമാണ്. കൂപ്പറിന്റെ അൽപം ഇരുണ്ടതും യാഥാർഥ്യബോധത്തോടെയുള്ളതുമായ കാഴ്ചപ്പാടുകൾക്കു മുന്നിൽ, അമ്മയുടെ പക്വതയും നിഷ്കളങ്കമായ ആദർശവാദവും മനോഹരമായൊരു ബാലൻസിങ് ആയി വർത്തിക്കുന്നു.

സഹോദരൻ കാർട്ടറിന്റെയും പിതാവിന്റെയും അകാലത്തിലുള്ള വേർപാട് കൂപ്പറിനെയും ഗ്ലോറിയയെയും ഒരുപോലെ തളർത്തിയിരുന്നു. ആ ദുഃഖത്തെ കൂപ്പർ തന്റെ ഉള്ളിലൊതുക്കിയപ്പോൾ, ഗ്ലോറിയ അതിനെ അതിജീവിക്കാൻ തിരഞ്ഞെടുത്ത വഴി കൂടുതൽ വൈകാരികമായിരുന്നു. ഇത്രയേറെ പ്രതിസന്ധികൾ നേരിട്ടിട്ടും ഒരമ്മയെന്ന നിലയിൽ തന്റെ മകന് സ്നേഹവും കരുത്തും പകർന്നുനൽകാൻ അവർ കാണിച്ച ആത്മവിശ്വാസം വായനക്കാരെ വിസ്മയിപ്പിക്കും.

മനോഹരമായ വാക്യങ്ങളും ആശയങ്ങളും ഈ ഗ്രന്ഥത്തില്‍ നമുക്ക് കണ്ടെത്താനാകും. “മഴവില്ല് വരികയും പോവുകയും ചെയ്യും. അത് നിലനിൽക്കുന്നിടത്തോളം കാലം ആസ്വദിക്കുക. അത് മറഞ്ഞുപോകുമ്പോൾ അദ്ഭുതപ്പെടാതിരിക്കുക, അത് വീണ്ടും വരുമ്പോൾ സന്തോഷിക്കുക” – കൂപ്പറിന്റെ ഈ വാക്കുകള്‍ നമ്മെ സ്വാധീനിക്കും.

ഗ്ലോറിയ പറയുന്ന ഒരു കാര്യം ഈ ലോകത്തിലുള്ള എല്ലാവരും മനസ്സിലാക്കേണ്ടതാണ്: “മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും വേവലാതിപ്പെട്ടിട്ടില്ല. അവരുടെ ചിന്താഗതികൾ നിങ്ങൾക്ക് ഒരിക്കലും മാറ്റാൻ കഴിയില്ല. പിന്നെ എന്തിനാണ് അത് മാറ്റാൻ സമയം പാഴാക്കുന്നത്? അതിനെക്കുറിച്ച് ആലോചിച്ച് എന്തിന് വിഷമിക്കണം? അതിലും പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ലേ കൂടുതൽ നല്ലത്.”

വർഷങ്ങളോളം കൂപ്പർക്ക് തന്റെ അമ്മയെ പൂർണ്ണമായി അറിയില്ലായിരുന്നു. എന്നാൽ ഈ ഇമെയിൽ സംഭാഷണങ്ങൾ അവരുടെ ബന്ധത്തിന് പുതിയൊരു മാനം നൽകി. രണ്ടുപേരുടെയും ജീവിതങ്ങള്‍ കൂടുതല്‍ മനോഹരമാകുന്നു.

തിരക്കുകൾക്കിടയിൽ നമ്മൾ പലപ്പോഴും മറന്നുപോകുന്ന ഒരമ്മയുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയാൻ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു. ഒടുവിൽ, തങ്ങൾ തമ്മിലുള്ള വാക്കുകൾക്കപ്പുറം ആ മൗനങ്ങൾ പോലും അർഥവത്തായ ഒന്നായി അവർക്ക് അനുഭവപ്പെട്ടു. പ്രായം എത്രയായാലും മാതാപിതാക്കളിൽ നിന്ന് ഇനിയും ഒത്തിരി കാര്യങ്ങൾ അറിയാനും പഠിക്കാനും ബാക്കിയുണ്ട് എന്ന് ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോൾ അവർക്കായി മാറ്റിവയ്ക്കുന്ന ഓരോ നിമിഷവുമാണ് നാം അവരെ സ്നേഹിക്കുന്നു എന്നതിന്റെ യഥാർഥ അടയാളം. ജീവിതത്തിന്റെ പ്രതിസന്ധികളിൽ പകച്ചുനിൽക്കുമ്പോൾ, വെളിച്ചം പകരുന്ന അദൃശ്യശക്തിയായി നമ്മള്‍ സ്നേഹിക്കുന്നവര്‍ എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പ് നമ്മുടെ ജീവിതത്തിന്  കൂടുതല്‍ കരുത്ത് നല്‍കുന്നതാണ്.

മാതാപിതാക്കളെ കൂടുതൽ ചേർത്തുപിടിക്കാനും അവരുമായുള്ള ആത്മബന്ധത്തെ പുതിയൊരു തലത്തിൽ അനുഭവിക്കാനും ശ്രമിക്കുമ്പോഴാണ് സ്നേഹം അതിന്റെ പൂർണ്ണതയിലെത്തുന്നത്. അവരുടെ ജീവിതയാത്രയിലെ അനുഭവങ്ങൾ നമ്മുടെ പാതകളിലെ വെളിച്ചമായി മാറുമ്പോൾ, തലമുറകൾ തമ്മിലുള്ള സ്നേഹത്തിന്റെ കണ്ണികൾ കൂടുതൽ ദൃഢമാകുന്നു. അവര്‍ നൽകിയ കരുതലിന്റെയും സ്നേഹത്തിന്റെയും മഴയില്‍ നനഞ്ഞുകൊണ്ടുള്ള ആ യാത്ര, ജീവിതത്തിന് പുതിയൊരു അർഥവും സൗന്ദര്യവും നൽകും എന്നു തീര്‍ച്ചയാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.