വിശ്വാസത്തിന്റെ പേരിൽ തടവിലാക്കിയ വ്യക്തിയെ മോചിപ്പിക്കണമെന്ന് ഈജിപ്തിനോട് യുഎസ് നിയമസഭാംഗങ്ങൾ

സമാധാനപരമായി തന്റെ മതവിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരിൽ തടവുശിക്ഷ നേരിടുന്ന ക്രിസ്തുമത വിശ്വാസിയെ ഉടൻ മോചിപ്പിക്കണമെന്ന് ഒരു കൂട്ടം യുഎസ് നിയമസഭാംഗങ്ങൾ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയോട് ആവശ്യപ്പെട്ടു. നവംബർ 19-ന് അയച്ച കത്തിലൂടെയാണ് സെയ്ദ് അബ്ദുൽറസെഖിനെ മോചിപ്പിക്കണം എന്ന ആവശ്യം യുഎസ് നിയമസഭാംഗങ്ങൾ മുന്നോട്ട് വച്ചത്.

ഇസ്‌ലാം മതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത സെയ്ദ് അബ്ദുൽറസെഖിനെ തടവിലാക്കിയതിൽ നിയമസഭാംഗങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. തന്റെ ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ സമാധാനപരമായി അഭിപ്രായങ്ങൾ പങ്കുവച്ചതും, സർക്കാർ രേഖകളിലെ മതം മാറാൻ ശ്രമിച്ചതുമാണ് ഇദ്ദേഹം ചെയ്ത കുറ്റങ്ങളെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2025 ജൂലൈയിലാണ് സെയ്ദ് അബ്ദുൽറസെഖ് അറസ്റ്റിലാകുന്നത്. ഇദ്ദേഹത്തിനെതിരെ മതനിന്ദ, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ഈജിപ്ഷ്യൻ അധികൃതർ ചുമത്തിയിരിക്കുന്നത്.

ഡിസംബർ എട്ടിന് നടക്കാനിരിക്കുന്ന അടുത്ത വിചാരണയിൽ, ഈ കുറ്റങ്ങൾക്ക് അബ്ദുൽറസെഖിന് വധശിക്ഷയോ അല്ലെങ്കിൽ 25 വർഷം തടവോ ലഭിക്കാൻ സാധ്യതയുണ്ട്. ‘അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം’ (Alliance Defending Freedom) എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം, ശിക്ഷാവിധി കാത്ത് ജയിലിൽ കഴിയുന്ന ഇദ്ദേഹം ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുകയും കൂടാതെ ഇദ്ദേഹത്തിന് മതിയായ ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

അതേസമയം, അബ്ദുൽറസെഖിന്റെ അറസ്റ്റും തടങ്കലും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മതസ്വാതന്ത്ര്യം എന്ന അടിസ്ഥാന മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും യുഎസ് നിയമസഭാംഗങ്ങൾ അയച്ച കത്തിൽ പറയുന്നു. ഈജിപ്തിലെ ക്രിസ്ത്യാനികൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന ആശങ്കാജനകമായ അടിച്ചമർത്തലുകളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.