
ഒക്ടോബർ 24-ന് ഫാ. ക്ലെമെന്റെ മൊറേൽസ് ടോപെറ്റെ ഡോക്ടറെ കാണുന്നതിനായി തന്റെ ഇടവകയിൽ നിന്ന് പുറപ്പെട്ടു. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം, ശരീരമാകെ ചതവുകളും ആഴത്തിലുള്ള മുറിവുകളും പൊള്ളലുകളുമായാണ് അദ്ദേഹം തിരികെ തന്റെ ഇടവകയിൽ എത്തിയത്. മൂന്നു ദിവസത്തെ ക്രൂരമായ പീഡനങ്ങൾക്കു ശേഷം തന്റെ അവസ്ഥ ലോകത്തോട് വിളിച്ചു പറയാൻ ജീവനോടെ അവശേഷിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഫാ. ക്ലെമെന്റെ. കഴിഞ്ഞ കുറച്ചു നാളുകളായി മെക്സിക്കോയിലെ വൈദികരുടെ അവസ്ഥ ഇതാണ്. പല വൈദികരും മാഫിയ സംഘങ്ങളുടെ നിരന്തരമായ ഭീഷണികൾക്ക് നടുവിലാണ് കഴിയുന്നത്.
“1993-ൽ ഗ്വാദലഹാരയിലെ കർദിനാൾ ജുവാൻ ജെസ്യൂസ് പൊസാദാസ് ഒകാമ്പോ കൊല്ലപ്പെട്ടതിനു ശേഷം, ഏകദേശം 80 വൈദികരാണ് മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത്; മരണശേഷം മാഫിയ സംഘങ്ങൾ വ്യാജപ്രചരണം നടത്തി ഇവരിൽ പലരുടെയും സൽപ്പേര് കളങ്കപ്പെടുത്തുകയും ചെയ്യുന്നു” മെക്സിക്കോയിലെ കാത്തലിക് മൾട്ടിമീഡിയ സെന്റർ ഡയറക്ടർ ഫാ. ഒമർ സൊട്ടെലോ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (ACN) എന്ന സംഘടനയോട് പറഞ്ഞു.
ഭീഷണിയുടെ നടുവിലും ധീരതയോടെ ദൈവത്തിനായി
പല വൈദികരും സന്ന്യസ്തരും അൽമായരും മതാധ്യാപകരും ഇത്തരത്തിൽ ഉള്ള പല മാഫിയ സംഘങ്ങളുടെയും ഭീഷണികൾ നേരിടുന്നവരാണ്. മാഫിയ സംഘങ്ങളുടെ അതിക്രമങ്ങൾക്കെതിരെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരെ ഇല്ലാതാക്കാനും അവരുടെ സൽപ്പേര് നശിപ്പിക്കാനും ഇത്തരം ക്രിമിനൽ സംഘങ്ങൾ നിരന്തരം ശ്രമിക്കുന്നു.
കുറ്റകൃത്യങ്ങൾ നിറഞ്ഞ മറ്റൊരു പ്രദേശമായ ഗ്വെറേറോയിലെ ചിൽപാൻസിംഗോ-ചിലാപ ബിഷപ്പ് സാൽവഡോർ റാഞ്ചലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. സംഘടിത കുറ്റകൃത്യങ്ങളുടെ കടുത്ത വിമർശകനായിരുന്ന ബിഷപ്പിനെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു; എന്നാൽ അദ്ദേഹത്തിന്റെ സൽകീർത്തി നശിപ്പിക്കുന്നതായ വ്യാജ പ്രചരണങ്ങൾ മാഫിയ സംഘങ്ങൾ നടത്തി. മാനസികമായി അദ്ദേഹത്തിന് ഏറെ വിഷമമുണ്ടാക്കിയ ഒന്നായിരുന്നു അത്.
“ഈ ഭീഷണികൾക്ക് ഇടയിലാണ് വൈദികരും സന്ന്യാസിനികളും മതബോധന അധ്യാപകരും അൽമായരും ജീവിക്കുന്നത്. ചിലർക്ക് ഭീഷണികൾ നേരിടേണ്ടി വന്നു, ചിലരിൽ നിന്ന് പണം തട്ടിയെടുത്തു, മറ്റു ചിലർക്ക് ജീവൻ തന്നെ നഷ്ടമായി. എന്നിട്ടും പലരും അവിടെത്തന്നെ കുടുംബങ്ങളോടൊപ്പം തുടരുന്നു. ഇരകളെ അനുഗമിക്കുന്നു; ശബ്ദമില്ലാത്തവരെ ചേർത്തുപിടിക്കുന്നു. അക്രമമല്ല അവസാന വാക്ക് എന്ന് അവർ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ആ സാന്നിധ്യമാണ് പ്രത്യാശ. കാരണം മതസ്വാതന്ത്ര്യം എന്നത് ഒരു അവകാശമാണ്, ഔദാര്യമല്ല. അത് സംരക്ഷിക്കുക എന്നത് എല്ലാവരുടെയും അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നതാണ്,” എസിഎൻ മെക്സിക്കോ നാഷണൽ ഡയറക്ടർ ജൂലിയേറ്റ അപ്പെൻഡിനി പറയുന്നു.
വൈദികർക്ക് നേരെയുള്ള അതിക്രമങ്ങൾ മുൻപെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുന്നു എന്നും ജൂലിയേറ്റ അപ്പെൻഡിനി ചൂണ്ടിക്കാണിക്കുന്നു. 2026 സെപ്റ്റംബറിൽ ഒരു ഹൈവേയ്ക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഫാ. റൊമാൻ ഡി ലാ ക്രൂസ് ഹെർണാണ്ടസാണ് മെക്സിക്കോയിലെ കത്തോലിക്കാ വൈദികർക്കിടയിലെ ഏറ്റവും ഒടുവിലത്തെ ഇര. ഭയപ്പെടുത്തി വൈദികരെ നിശബ്ദരാക്കാനും, ഇരകളെ സഹായിക്കുന്നതിൽ നിന്നും കുറ്റകൃത്യങ്ങളെ അപലപിക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുക എന്നതുമാണ് അക്രമിസംഘങ്ങളുടെ ലക്ഷ്യം. എന്നാൽ ഭയന്നുപിന്മാറാൻ പല വൈദികരും തയ്യാറല്ല. അവർ സാധാരണക്കാർക്കൊപ്പം നിൽക്കുകയും അവർക്കു പ്രതീക്ഷ പകരുകയും ചെയ്യുന്നു.




