
നാം പലപ്പോഴും ജീവിതയാത്രകളെ ഒറ്റയ്ക്കുള്ള പോരാട്ടങ്ങളായാണ് കാണുന്നത്. ദുഃഖങ്ങളും ആശങ്കകളും വരുമ്പോൾ മറ്റുള്ളവരിൽ നിന്ന് അകന്നുമാറാനും സ്വന്തം ലോകത്തേക്ക് ഒതുങ്ങാനുമാണ് നാം ശ്രമിക്കുന്നത്. എന്നാൽ, ജീവിതത്തിന്റെ ദുഷ്കരമായ വഴികളിലൂടെ നടക്കുമ്പോൾ അപ്രതീക്ഷിതമായി ലഭിക്കുന്ന സൗഹൃദങ്ങളും പങ്കുവയ്ക്കലുകളുമാണ് നമ്മെ പുതിയ മനുഷ്യരാക്കി മാറ്റുന്നത്. അപരിചിതരായി വഴിയിൽ കണ്ടുമുട്ടുന്നവർ പലപ്പോഴും നമ്മുടെ യാത്രയുടെ ദിശയും ഭാരവും മാറ്റിക്കളയുന്നു.
എമിലിയോ എസ്റ്റെവെസ് സംവിധാനം ചെയ്ത ‘ദ വേ’ (The Way, 2010) എന്ന ചലച്ചിത്രം, നഷ്ടങ്ങൾക്കും സങ്കടങ്ങൾക്കുമിടയിൽ രൂപപ്പെടുന്ന ആഴമേറിയ മനുഷ്യബന്ധങ്ങളുടെ കഥയാണ് പറയുന്നത്. മകൻ ഡാനിയലിന്റെ മരണശേഷം അവന്റെ ഭൗതികാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ സ്പെയിനിലെത്തുന്ന നേത്രരോഗ വിദഗ്ധനായ ടോം എന്ന പിതാവ്, മകൻ പൂർത്തിയാക്കാൻ ആഗ്രഹിച്ച ‘കമിനോ ഡി സാന്റിയാഗോ’ (Camino de Santiago) തീർഥാടന പാതയിലൂടെ നടക്കാൻ തീരുമാനിക്കുന്നു.
സ്പെയിനിലെ ഗലീസിയയിലുള്ള സാന്റിയാഗോ ദെ കോംപോസ്റ്റെല കത്തീഡ്രലിലേക്കു നയിക്കുന്ന പുരാതന തീർഥാടന പാതകളുടെ ശൃംഖലയാണ് ‘കമിനോ ദെ സാന്റിയാഗോ.’ വി. യാക്കോബ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന കത്തീഡ്രലിലേക്കുള്ള യാത്രയാണിത്. ഇവിടേക്ക് പല പാതകളുണ്ട്. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിലെ വിവിധ പാതകളിലൂടെ കടന്നുപോകുന്ന ഈ യാത്ര, പർവതങ്ങളും ഗ്രാമങ്ങളും കാടുകളും താണ്ടുന്ന, ആത്മീയവും ശാരീരികവുമായ ഒരു അനുഭവമാണ്.
തുടക്കത്തിൽ ഒറ്റയ്ക്കു നടക്കാനും ദുഃഖത്തിൽ ഒതുങ്ങിക്കൂടാനും ആഗ്രഹിച്ച ടോമിന്റെ യാത്രയിൽ, വ്യത്യസ്ത ജീവിതപശ്ചാത്തലങ്ങളിൽ നിന്നുള്ള മൂന്ന് സഹയാത്രികർ സുഹൃത്തുക്കളായി ചേരുന്നു. ശരീരഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ യാത്ര തുടങ്ങിയെങ്കിലും, സന്തോഷവാനും ആഘോഷപ്രിയനുമായ ജൂസ്റ്റ് എന്ന ഡച്ചുകാരൻ വഴിയിലുടനീളം സ്നേഹവും കരുണയും പകരുന്ന സൗഹൃദമായി മാറുന്നു. മുൻകാല ജീവിതത്തിലെ വേദനകളിൽ നിന്നും മുറിവുകളിൽ നിന്നും മോചനം തേടി നടക്കുന്ന കനേഡിയൻ യുവതിയായ സാറ, ആദ്യകാലത്ത് കർക്കശക്കാരിയായി തോന്നുമെങ്കിലും സഹയാത്രികർക്കൊപ്പം നടക്കുമ്പോൾ അവളും സൗഹൃദത്തിന്റെ ആർദ്രതയിലേക്കു മാറുന്നു. എഴുത്തിലെ തടസ്സങ്ങൾ മറികടക്കാനും പുതിയ അനുഭവങ്ങൾ തേടാനും യാത്ര ചെയ്യുന്ന ഐറിഷ് എഴുത്തുകാരൻ ജാക്ക്, തമാശകളും സംഭാഷണങ്ങളുമായി യാത്രയ്ക്ക് ജീവൻ നൽകുന്ന ആളാണ്.
ഓരോരുത്തരും വ്യത്യസ്ത കാരണങ്ങളാലാണ് ഈ പാതയിൽ എത്തിയതെങ്കിലും, ഒന്നിച്ചു നടക്കുന്ന ഓരോ ദിവസവും അവരുടെ മുറിവുകൾക്കും സങ്കടങ്ങൾക്കും ആശ്വാസം ലഭിക്കുന്നു. യാത്രയ്ക്കിടയിൽ പലയിടങ്ങളിലായി മകന്റെ ചിതാഭസ്മം വിതറിയ ടോം, ഒടുവിൽ സഹയാത്രികർക്കൊപ്പം സാന്റിയാഗോ ദെ കോംപോസ്റ്റെല കത്തീഡ്രലിൽ എത്തിച്ചേരുന്നു. തുടർന്ന്, അറ്റ്ലാന്റിക് സമുദ്രതീരത്ത് ടോം ബാക്കിയുള്ള ചിതാഭസ്മം വിതറുന്നു. നഷ്ടങ്ങളെ പൂർണ്ണമായി മായ്ച്ചുകളയുകയല്ല, മറിച്ച് സ്നേഹവും സൗഹൃദവും കൂട്ടിയിണക്കി പുതിയൊരു തുടക്കത്തിലേക്കു നടക്കാനാണ് ഈ യാത്ര തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അദ്ദേഹം മാത്രമല്ല, സഹയാത്രികരും അത് മനസ്സിലാക്കുന്നുണ്ട്.
സഹയാത്രയുടെയും പരസ്പര സഹായത്തിന്റെയും മൂല്യം സഭാപ്രഭാഷകന്റെ പുസ്തകത്തിൽ ഇങ്ങനെ കാണാം: “രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ്. കാരണം, അവര്‍ക്ക് ഒരുമിച്ച് കൂടുതല്‍ ഫലപ്രദമായി അധ്വാനിക്കാന്‍ കഴിയും. അവരില്‍ ഒരുവന് വീണാല്‍ അപരനു താങ്ങാന്‍ കഴിയും. ഒറ്റയ്ക്കായിരിക്കുന്നവന്‍ വീണാല്‍ താങ്ങാൻ ആരുമില്ല. അവന്റെ കാര്യം കഷ്ടമാണ്” (സഭാ. 4:9-10).
വഴിയരികിൽ നാം കാണുന്ന മനുഷ്യർ പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസങ്ങളായി മാറുന്നു. നമ്മുടെ ദുഃഖങ്ങൾ പങ്കുവയ്ക്കാനും പരസ്പരം താങ്ങായി നിൽക്കാനും കഴിയുന്ന സൗഹൃദങ്ങളാണ് ഏത് കഠിനമായ വഴിയെയും സുഗമമാക്കുന്നത്.
പ്രായോഗികം
നിങ്ങളുടെ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിൽ കൂടെനിന്ന ഒരു സുഹൃത്തിനെയോ, പരിചയക്കാരനെയോ ഇന്ന് ഓർക്കുക. കഴിയുമെങ്കിൽ അവർക്ക് ഒരു നന്ദിവാക്കോ, സ്നേഹസന്ദേശമോ അയയ്ക്കുക.
ചിന്ത
ഒറ്റയ്ക്കു നടക്കുമ്പോൾ വിരസമായി തോന്നുന്ന പല വഴികളും, ഒപ്പം നടക്കാൻ നല്ല ഒരാളെ ലഭിക്കുമ്പോൾ ലളിതവും അർഥവത്തുമാകുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS




