

“ഡോക്ടർ, കാൻസർ ചികിത്സ തുടങ്ങിയതിനു ശേഷം വായിൽ പുണ്ണ്, വായ് വരൾച്ച, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് എന്നിവയെല്ലാം അനുഭവപ്പെടുന്നു. ഇതെല്ലാം സാധാരണമാണോ?”
കാൻസർ ചികിത്സ സ്വീകരിക്കുന്ന രോഗികളിൽ നിന്നും ദന്തഡോക്ടർമാർക്ക് പലപ്പോഴും ലഭിക്കുന്ന പ്രധാനപ്പെട്ട ചോദ്യമാണിത്.
കാൻസർ ചികിത്സാരംഗത്ത് ഇന്ന് വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയ ചികിത്സകൾ നിരവധി രോഗികൾക്ക് പുതുജീവൻ നൽകുന്നു. എന്നാൽ, ഈ ചികിത്സകൾക്കൊപ്പം വായിലും പല്ലുകളിലും ചില പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ മാറ്റങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ വേദനയും അസ്വസ്ഥതകളും കുറയ്ക്കാനും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ നിയന്ത്രിക്കാനും കാൻസർ ചികിത്സ തടസ്സമില്ലാതെ പൂർത്തിയാക്കാനും സഹായിക്കും.
കാൻസർ ചികിത്സ വായുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
വായുടെ ഉൾഭാഗത്തെ മൃദുകോശങ്ങൾ (Oral mucosal tissues) വേഗത്തിൽ പുതുക്കപ്പെടുന്ന കോശങ്ങളാണ്. കീമോ തെറാപ്പി പോലുള്ള ചികിത്സകൾ വേഗത്തിൽ വിഭജിക്കുന്ന കാൻസർ കോശങ്ങളെ ലക്ഷ്യമിടുമ്പോൾ വായിലെ ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കാം. ഇതുമൂലം വായിലെ കോശങ്ങളുടെ പുനരുജ്ജീവന ശേഷി കുറയുകയും മുറിവുകളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. അതേസമയം, തലയും കഴുത്തും ഉൾപ്പെടുന്ന ഭാഗങ്ങളിൽ റേഡിയേഷൻ ചികിത്സ നൽകുമ്പോൾ ഉമിനീർ ഗ്രന്ഥികൾക്കും വായിലെ മൃദുകോശങ്ങൾക്കും താടിയെല്ലിനും നേരിട്ട് കേടുപാടുകൾ സംഭവിക്കാം.
ഇതിന്റെ ഫലമായി ഉമിനീരിന്റെ ഉൽപാദനം കുറയുകയും കടുത്ത വായ് വരൾച്ച അനുഭവപ്പെടുകയും ചെയ്യാം. കൂടാതെ, വായിലുണ്ടാകുന്ന മുറിവുകൾ കരിയാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുത്തേക്കാം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനാൽ വായിൽ പെട്ടെന്ന് അണുബാധകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനൊപ്പം ഭക്ഷണം കഴിക്കുമ്പോൾ രുചിയിൽ മാറ്റങ്ങൾ അനുഭവപ്പെടാനും, കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ പല്ലുകൾ ദ്രവിക്കാനുള്ള സാധ്യത വർധിക്കാനും ഇടയുണ്ട്.
വായിലെ മൃദുകോശങ്ങളിൽ (Soft Tissues) ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
1. വായ്പുണ്ണ് (Oral Mucositis)
കാൻസർ ചികിത്സയ്ക്കിടെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണിത്. വായിലെ ഉൾഭാഗത്തെ മൃദുവായ ആവരണത്തിൽ വീക്കവും കോശനാശവും ഉണ്ടാകുന്നതാണ് വായ്പുണ്ണ്.
ലക്ഷണങ്ങൾ: വായുടെ ഉൾഭാഗത്ത് ചുവപ്പ് ,വീക്കവും വേദനയും, ചെറിയതോ വലുതോ ആയ വ്രണങ്ങൾ, ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ട്, ഗുരുതരമായ സാഹചര്യങ്ങളിൽ വെള്ളം കുടിക്കാൻ പോലും പ്രയാസം. ഇത് രോഗിയുടെ പോഷകാഹാരത്തെയും ചികിത്സ തുടരാനുള്ള കഴിവിനെയും ബാധിച്ചേക്കാം.
2. വായ വരണ്ടുപോകൽ (Xerostomia)
പ്രത്യേകിച്ച് തലയും കഴുത്തും ഉൾപ്പെടുന്ന ഭാഗങ്ങളിൽ റേഡിയേഷൻ ചികിത്സ ലഭിക്കുന്നവരിൽ ഉമിനീർ ഗ്രന്ഥികൾക്ക് കേടുപാടുകൾ സംഭവിക്കാം. ഇതുമൂലം ഉമിനീരിന്റെ അളവ് കുറയുന്നു. ഉമിനീർ വായെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നതിനൊപ്പം പല്ലുകളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ഉമിനീർ കുറയുമ്പോൾ വായ വരൾച്ച അനുഭവപ്പെടാം. ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുണ്ടാകാം, സംസാരിക്കാൻ പ്രയാസമുണ്ടാകാം, വായിൽ എരിച്ചിൽ അനുഭവപ്പെടാം, പല്ലുകൾ വേഗത്തിൽ ദ്രവിക്കാം.
3. രുചിയിൽ വരുന്ന മാറ്റങ്ങൾ (Taste Alterations)
ചില രോഗികൾക്ക് ഭക്ഷണത്തിന്റെ രുചി കുറയുക, ലോഹത്തിന്റെ രുചി അനുഭവപ്പെടുക (Metallic taste), മധുരം, പുളി, ഉപ്പ് തുടങ്ങിയ രുചികൾ തിരിച്ചറിയുന്നതിൽ മാറ്റം വരിക എന്നിവ അനുഭവപ്പെടാം. ഇത് ഭക്ഷണത്തോടുള്ള താൽപര്യം കുറയ്ക്കുകയും പോഷകാഹാരത്തെ ബാധിക്കുകയും ചെയ്യാം.
4. വായിലെ അണുബാധകൾ (Oral Infections)
കാൻസർ ചികിത്സയ്ക്കിടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ അളവ് കുറയുകയും പ്രതിരോധശേഷി ദുർബലമാകുകയും ചെയ്യാം. ഇതുമൂലം വായിൽ ഫംഗസ് അണുബാധ (Oral Candidiasis), വൈറസ് അണുബാധ (Herpes Simplex Infection), ബാക്ടീരിയ മൂലമുള്ള വായിലെ അണുബാധകൾ എന്നിവ ഉണ്ടാകാം. അതിനാൽ വായിൽ വെളുത്ത പാടുകൾ, എരിച്ചിൽ, വേദന, ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തണം.
5. പല്ലുകൾക്കും താടിയെല്ലിനും ഉണ്ടാകുന്ന മാറ്റങ്ങൾ
റേഡിയേഷൻ കേരീസ് (Radiation Caries)
തലയും കഴുത്തും ഉൾപ്പെടുന്ന ഭാഗങ്ങളിൽ റേഡിയേഷൻ ചികിത്സ ലഭിക്കുന്ന രോഗികളിൽ പല്ലുകൾ വേഗത്തിൽ ദ്രവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ ‘റേഡിയേഷൻ കേരീസ്’ എന്നു വിളിക്കുന്നു.
ഉമിനീർ കുറയുന്നത്, ഉമിനീരിന്റെ സംരക്ഷണശേഷിയിലുള്ള മാറ്റം, വായിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയിലെ വ്യതിയാനം, ഭക്ഷണശീലങ്ങളിലെ മാറ്റം എന്നിവയെല്ലാം ഇതിന് കാരണമാകാം. ചിലപ്പോൾ പല്ലിന്റെ കഴുത്തുഭാഗത്തും പല്ലിന്റെ പല പ്രതലങ്ങളിലും ഒരേസമയം ദന്തക്ഷയം ഉണ്ടാകാം. അതിനാൽ കൃത്യമായ ഫ്ലൂറൈഡ് പ്രതിരോധവും ദന്തപരിശോധനയും ആവശ്യമാണ്.
വായ് തുറക്കാനുള്ള ബുദ്ധിമുട്ട് (Trismus)
തലയും കഴുത്തും ഉൾപ്പെടുന്ന ഭാഗങ്ങളിൽ റേഡിയേഷൻ ചികിത്സ ലഭിക്കുമ്പോൾ താടിയെല്ലിന്റെ ചുറ്റുമുള്ള പേശികളിലും കലകളിലും ഫൈബ്രോസിസ് അഥവാ കട്ടിയാവുന്ന അവസ്ഥ ഉണ്ടാകാം. ഇതുമൂലം വായ തുറക്കാനുള്ള ശേഷി കുറയാം. ഇത് ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനും വായ് വൃത്തിയാക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും.
താടിയെല്ലിലെ അസ്ഥിനാശം (Osteoradionecrosis – ORN)
തലയും കഴുത്തും ഉൾപ്പെടുന്ന ഭാഗങ്ങളിൽ ഉയർന്ന ഡോസിൽ റേഡിയേഷൻ ലഭിച്ച ചില രോഗികളിൽ താടിയെല്ലിലെ അസ്ഥിയുടെ രക്തവിതരണത്തിലും അസ്ഥിയുടെ സ്വാഭാവിക സുഖപ്പെടൽ ശേഷിയിലും മാറ്റങ്ങൾ സംഭവിക്കാം. ഇത്തരം സാഹചര്യങ്ങളിൽ പല്ല് നീക്കം ചെയ്യുന്നതുപോലുള്ള ശസ്ത്രക്രിയകൾക്കു ശേഷം അസ്ഥി ശരിയായി സുഖപ്പെടാതെ പോകാനും Osteoradionecrosis (ORN) എന്ന ഗുരുതരമായ അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ റേഡിയേഷൻ ചികിത്സയ്ക്കു മുൻപുള്ള ദന്തപരിശോധനയും ആവശ്യമായ ചികിത്സകളും വളരെ പ്രധാനമാണ്.
ചികിത്സയ്ക്കു മുൻപ് സ്വീകരിക്കേണ്ട മുൻകരുതലുകൾ
കാൻസർ ചികിത്സ തുടങ്ങുന്നതിനു മുൻപ് ഒരു സമ്പൂർണ്ണ ദന്തപരിശോധന നടത്തുന്നത് ഭാവിയിലെ പല സങ്കീർണ്ണതകളും ഒഴിവാക്കാൻ സഹായിക്കും.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സമ്പൂർണ്ണ ദന്തപരിശോധന നടത്തുക, പല്ലിലെ കേടുകളും അണുബാധകളും ഇല്ലാതാക്കുക, മോണരോഗങ്ങൾ നിയന്ത്രിക്കുക, ശരിയായി ചേരാത്തതും മുറിവുണ്ടാക്കുന്നതുമായ കൃത്രിമപ്പല്ലുകൾ പരിശോധിക്കുക, ആവശ്യമായിടത്ത് സ്കെയിലിംഗ് (Scaling) നടത്തുക, പല്ലുകളുടെ അവസ്ഥയും ഭാവിയിലെ ചികിത്സാസാധ്യതകളും വിലയിരുത്തുക, ഡോക്ടറുടെ നിർദേശപ്രകാരം ഫ്ലൂറൈഡ് ചികിത്സ ആരംഭിക്കുക, ശരിയായ ബ്രഷിംഗ് രീതിയും വായ് ശുചിത്വശീലങ്ങളും മനസ്സിലാക്കുക, പുകയിലയും മദ്യവും പൂർണ്ണമായി ഒഴിവാക്കുക.
ഒരു പ്രധാന കാര്യം: റേഡിയേഷൻ ലഭിക്കുന്ന താടിയെല്ലിന്റെ ഭാഗത്തുള്ള രോഗബാധിതവും സംരക്ഷിക്കാൻ കഴിയാത്തതുമായ പല്ലുകൾ ആവശ്യമായ സാഹചര്യത്തിൽ ചികിത്സയ്ക്കു മുൻപ് നീക്കം ചെയ്യേണ്ടിവരാം. എന്നാൽ, എല്ലാ രോഗികളുടെയും പല്ലുകൾ നീക്കം ചെയ്യേണ്ടതില്ല. റേഡിയേഷൻ നൽകുന്ന ഭാഗം, ഡോസ്, പല്ലുകളുടെ അവസ്ഥ, ചികിത്സ ആരംഭിക്കേണ്ട സമയം എന്നിവ പരിഗണിച്ച് ഓങ്കോളജിസ്റ്റും ദന്തഡോക്ടറും ചേർന്നാണ് തീരുമാനമെടുക്കേണ്ടത്. സാധ്യമെങ്കിൽ ആവശ്യമായ പല്ല് നീക്കം ചെയ്തതിനു ശേഷം മുറിവ് ഉണങ്ങാൻ മതിയായ സമയം അനുവദിക്കണം. റേഡിയേഷൻ ചികിത്സ വൈകിപ്പിക്കാതെയും രോഗിയുടെ സുരക്ഷ ഉറപ്പാക്കിയും ഇത് ക്രമീകരിക്കണം.
കാൻസർ ചികിത്സയ്ക്കിടെ വായുടെ സംരക്ഷണം
ചികിത്സയ്ക്കിടെ വായുടെ ശുചിത്വം നിലനിർത്തുന്നത് അണുബാധകളും ദന്തപ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും, മൃദുവായ ബ്രഷ് ഉപയോഗിച്ച് ദിവസവും രണ്ടുതവണയെങ്കിലും പല്ല് വൃത്തിയാക്കുക; മൃദുവായി ബ്രഷ് ചെയ്യുക, മോണയിൽ മുറിവുണ്ടാക്കരുത്, ഡോക്ടറുടെ നിർദേശപ്രകാരം ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റോ, ഉയർന്ന സാന്ദ്രതയുള്ള ഫ്ലൂറൈഡ് ജെല്ലോ ഉപയോഗിക്കുക, ഇളം ചൂടുവെള്ളത്തിൽ ഉപ്പോ, ബേക്കിംഗ് സോഡയോ ചേർത്തുള്ള മൃദുവായ വായ കഴുകൽ ഉപയോഗിക്കാം, ആൽക്കഹോൾ അടങ്ങിയ മൗത്ത് വാഷുകൾ ഒഴിവാക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, വായ വരണ്ടാൽ ഡോക്ടറുടെ നിർദേശപ്രകാരം Saliva substitutes അഥവാ കൃത്രിമ ഉമിനീർ ഉപയോഗിക്കാം, മൃദുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക, വളരെ എരിവുള്ളതും പുളിയുള്ളതും വായിൽ മുറിവുണ്ടാക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക.
വായിലെ മുറിവുകൾക്ക് സ്വയം മരുന്നുകൾ ഉപയോഗിക്കരുത്. ആവശ്യമായപ്പോൾ ഡോക്ടർ വേദന കുറയ്ക്കാനുള്ള മരുന്നുകൾ, അണുബാധയ്ക്കുള്ള ചികിത്സ, പ്രത്യേക മൗത്ത് വാഷുകൾ എന്നിവ നിർദേശിക്കും.
ഭക്ഷണം കഴിക്കാനോ, വെള്ളം കുടിക്കാനോ കഴിയാത്തത്ര കടുത്ത വേദന, വായിലുണ്ടാകുന്ന ഗുരുതരമായ മുറിവുകളോ, അൾസറുകളോ, വെളുത്ത പാടുകളോ മറ്റ് അണുബാധയുടെ ലക്ഷണങ്ങളോ എന്നിവ ഒരിക്കലും അവഗണിക്കരുത്. കൂടാതെ, വായിൽ നിന്നുള്ള തുടർച്ചയായ രക്തസ്രാവം, വായ് തുറക്കാനുള്ള ശേഷി പെട്ടെന്ന് കുറയുക, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, പനി എന്നിവ ശ്രദ്ധയിൽപെട്ടാലും ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്.
ചികിത്സ കഴിഞ്ഞാലും വായുടെ സംരക്ഷണം തുടരണം
കാൻസർ ചികിത്സ അവസാനിച്ചാലും വായുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് തലയും കഴുത്തും ഉൾപ്പെടുന്ന ഭാഗങ്ങളിൽ റേഡിയേഷൻ ചികിത്സ ലഭിച്ചവർക്ക് വായ് വരൾച്ച, പല്ലുകളുടെ ദ്രവിക്കൽ, രുചിവ്യത്യാസം, വായ് തുറക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ മാസങ്ങളോ, വർഷങ്ങളോ തുടരാം. അതിനാൽ, ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിൽ ദന്തപരിശോധന നടത്തുക, ഫ്ലൂറൈഡ് പ്രതിരോധം തുടർന്നുകൊണ്ടുപോകുക, വായ് വരൾച്ചയ്ക്കുള്ള പരിചരണം തുടരുക, മോണകളുടെയും പല്ലുകളുടെയും ആരോഗ്യം നിരീക്ഷിക്കുക, വായ് തുറക്കാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിൽ നിർദേശിച്ച വ്യായാമങ്ങൾ ചെയ്യുക, പോഷകസമൃദ്ധമായ ഭക്ഷണം തുടരുക.
റേഡിയേഷൻ ലഭിച്ച താടിയെല്ലിൽ പല്ല് നീക്കം ചെയ്യുകയോ, മറ്റു ശസ്ത്രക്രിയകൾ നടത്തുകയോ ചെയ്യേണ്ടിവന്നാൽ മുൻപ് ലഭിച്ച റേഡിയേഷൻ ചികിത്സയുടെ വിവരങ്ങൾ ദന്തഡോക്ടറെ അറിയിക്കണം. അത്തരം ചികിത്സകൾക്കു മുൻപ് പ്രത്യേക വിലയിരുത്തൽ ആവശ്യമാണ്. ദന്തപരിശോധനയുടെ ഇടവേള ഓരോ രോഗിയുടെയും ചികിത്സാരീതിയും വായുടെ ആരോഗ്യസ്ഥിതിയും അനുസരിച്ച് തീരുമാനിക്കണം.
കാൻസറിനെതിരായ പോരാട്ടത്തിൽ ഓരോ ചെറിയ മുൻകരുതലിനും വലിയ പ്രാധാന്യമുണ്ട്. വായുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നത് വേദനയും അസ്വസ്ഥതകളും കുറയ്ക്കുന്നതിനൊപ്പം രോഗിയുടെ ഭക്ഷണം കഴിക്കാനുള്ള കഴിവ്, സംസാരശേഷി, ആത്മവിശ്വാസം, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാൻസർ ചികിത്സയുടെ യാത്രയിൽ വായുടെ ആരോഗ്യവും ഒരു പ്രധാന പങ്കാളിയാണ്. ചികിത്സയ്ക്കു മുൻപുള്ള ദന്തപരിശോധനയും ചികിത്സയ്ക്കിടയിലെ ശരിയായ വായ് പരിചരണവും ചികിത്സയ്ക്കു ശേഷമുള്ള സ്ഥിരമായ ഫോളോ-അപ്പും ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള പ്രധാന ചുവടുകളാണ്.
ഡോ. സി. സംഗീത SVM, MDS




