
നവംബറിൽ ലെയോ പാപ്പ നടത്താനിരിക്കുന്ന ഉറുഗ്വേ സന്ദർശനത്തിന് മുന്നോടിയായി, ഉറുഗ്വേയിലെ കത്തോലിക്കാ മെത്രാന്മാർ റോമിൽ അഡ് ലിമിന സന്ദർശനം നടത്തി. സെപ്റ്റംബർ 14 മുതൽ 19 വരെ നടക്കുന്ന ഈ സന്ദർശനത്തിൽ, വത്തിക്കാൻ കൂരിയയുടെ വിവിധ ഓഫീസുകളുമായുള്ള കൂടിക്കാഴ്ചകൾ, ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള പ്രത്യേക കൂടിക്കാഴ്ച, അസീസി തീർഥാടനം എന്നിവ ഉൾപ്പെടുന്നു.
നവംബർ 6 മുതൽ 8 വരെ ലെയോ മാർപാപ്പ ഉറുഗ്വേയിലേക്ക് നടത്തുന്ന അപ്പോസ്തോലിക് യാത്രയ്ക്ക് തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ഉറുഗ്വേയ്ക്ക് പുറമെ അർജന്റീന, പെറു എന്നീ രാജ്യങ്ങളും മാർപാപ്പയുടെ ലാറ്റിൻ അമേരിക്കൻ സന്ദർശന പട്ടികയിലുണ്ട്. മതേതരത്വത്തിന് ശക്തമായ വേരോട്ടമുള്ള ലാറ്റിൻ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ, സുവിശേഷം എത്തിക്കാനും ജനങ്ങളെ ചേർത്തുപിടിക്കാനും പ്രതീക്ഷ നൽകാനും സഭ പുതിയ വഴികൾ തിരയുകയാണ്.
ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ മതേതര രാജ്യമായ ഉറുഗ്വേയിൽ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സുവിശേഷവത്കരണമാണെന്ന് സാൾട്ടോ ബിഷപ്പ് ആർതുറോ ഫജാർഡോ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും സഭ അതിന്റെ ദൗത്യവുമായി എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന് കാണിക്കുന്ന ഒരു ‘ചെറിയ പരീക്ഷണ ശാല’ ആയി ഉറുഗ്വേയെ കാണാമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർപാപ്പയുടെ സന്ദർശനത്തിനായി ഉറുഗ്വേയിലെ കത്തോലിക്കാ സമൂഹം ആത്മീയമായും സംഘാടനപരമായും ഒരുങ്ങുകയാണ്. സാൾട്ടോ രൂപതയിലെ പൈസാൻഡുവിൽ (Paysandú) മാർപാപ്പ എത്തുമ്പോൾ കത്തോലിക്കാ പാരമ്പര്യമുള്ള വലിയൊരു ജനവിഭാഗമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തിരിക്കുന്നത്.
ഉറുഗ്വേയുടെ കാവൽമാതാവായ ‘അവർ ലേഡി ഓഫ് ദി തേർട്ടി-ത്രീ’ (Our Lady of the Thirty-Three) യുടെ അനുഗ്രഹത്തോടെയാണ് ഈ സന്ദർശനം സാധ്യമാകുന്നതെന്ന് ബിഷപ്പ് ബോവർ പറഞ്ഞു. കത്തോലിക്കർക്ക് മാത്രമല്ല, ഉറുഗ്വേയിലെ മുഴുവൻ ജനങ്ങൾക്കും മാർപാപ്പയുടെ ആഗമനം വലിയ സന്തോഷമാണ് നൽകുന്നത്.




