തേനീച്ചപ്പേടിയിൽ നിന്ന് ലക്ഷങ്ങളുടെ ബിസിനസ്സിലേക്ക്: മിഖേലയുടെ അദ്ഭുതയാത്ര

നാലാം വയസ്സിൽ തേനീച്ചയുടെ കുത്തേറ്റപ്പോൾ പേടിച്ചോടിയ ഒരു ചെറിയ പെൺകുട്ടി, ഇന്ന് ലോകം അറിയപ്പെടുന്ന വലിയൊരു സംരംഭകയായി മാറി. അമേരിക്കയിലെ ഓസ്റ്റിൻ സ്വദേശിയായ മിഖേല ഉൽമർ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് വലിയൊരു മാതൃകയാകുന്നത്. 2009-ൽ കേവലം ഒരാഴ്ചയ്ക്കിടെ രണ്ട് തവണ തേനീച്ചയുടെ കുത്തേറ്റതോടെയാണ് മിഖേലയ്ക്ക് തേനീച്ചകളോട് കടുത്ത ഭയം തുടങ്ങിയത്. എന്നാൽ പേടിച്ച് ഉൾവലിയുന്നതിന് പകരം ആ ജീവികളെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് മാതാപിതാക്കൾ മകളെ ഉപദേശിച്ചത്.

തുടർന്ന് നടത്തിയ പഠനത്തിലൂടെയാണ് പരിസ്ഥിതിക്കും മനുഷ്യരുടെ ഭക്ഷ്യ ഉൽപ്പാദനത്തിനും തേനീച്ചകൾ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മിഖേല മനസ്സിലാക്കിയത്. കാർഷിക വിളകളുടെ വളർച്ചയ്ക്കും പരാഗണത്തിനും തേനീച്ചകൾ അത്യാവശ്യമാണെന്നും, ഇന്ന് അവ വംശനാശ ഭീഷണി നേരിടുകയാണെന്നും ആ കൊച്ചുമിടുക്കി തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിൽ നിന്നാണ് തേനീച്ചകളെ സംരക്ഷിക്കണമെന്ന ഉറച്ച ആഗ്രഹം ആ മനസ്സിൽ മുളപൊട്ടിയത്. ഇതിനായി പണം കണ്ടെത്താൻ തന്റെ മുത്തശ്ശി 1940-കളിൽ ഉപയോഗിച്ചിരുന്ന പഴയൊരു നാരങ്ങാവെള്ളത്തിന്റെ പാചകക്കൂട്ട് മിഖേല കൈയ്യിലെടുത്തു.

പഞ്ചസാരയ്ക്ക് പകരം ശുദ്ധമായ തേൻ ചേർത്താണ് മിഖേല ഈ നാരങ്ങാവെള്ളം തയ്യാറാക്കിയത്. തെരുവോരത്ത് ഒരു ചെറിയ സ്റ്റാൾ ഇട്ടുകൊണ്ട് ആരംഭിച്ച ഈ ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 10% തേനീച്ച സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് നൽകാനും തീരുമാനിച്ചു. പിന്നീട് വിപണിയിൽ വലിയ സ്വീകാര്യത ലഭിച്ചതോടെ ‘മീ ആൻഡ് ദി ബീസ് ലെമണേഡ്’ (Me & the Bees Lemonade’) എന്ന പേരിൽ ഇതൊരു വലിയ ബ്രാൻഡായി വളർന്നു. 2015-ൽ പ്രശസ്തമായ ഒരു ടെലിവിഷൻ പരിപാടിയിലൂടെ ബിസിനസ്സുകാരനായ ഡെയ്‌മണ്ട് ജോണിൽ നിന്ന് 60,000 ഡോളറിന്റെ നിക്ഷേപം സ്വന്തമാക്കിയത് മിഖേലയുടെ യാത്രയിൽ വലിയൊരു വഴിത്തിരിവായി മാറി.

വലിയ സൂപ്പർ മാർക്കറ്റുകളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും തന്റെ ഉൽപ്പന്നം എത്തിക്കാൻ മിഖേലയ്ക്ക് സാധിച്ചു. ഇതിനോടൊപ്പം തേനീച്ചകളുടെ സംരക്ഷണത്തിനും ബോധവൽക്കരണത്തിനുമായി ഒരു പ്രത്യേക സംഘടനയും ഈ മിടുക്കി ആരംഭിച്ചു. നിലവിൽ ഉന്നത പഠനം നടത്തുന്ന മിഖേല, ചെറിയൊരു ഭയത്തിൽ നിന്ന് ആരംഭിച്ച് വലിയൊരു സാമൂഹിക മാറ്റത്തിന് വഴിവച്ച സംരംഭത്തിന്റെ ഉടമയാണ്. പ്രതിസന്ധികളെയും ഭയത്തെയും തിരിച്ചറിവുകൾ കൊണ്ട് മറികടന്നാൽ ഏതൊരു സാധാരണക്കാരനും വലിയ വിജയങ്ങൾ സ്വന്തമാക്കാൻ സാധിക്കും എന്നതിന് മികച്ചൊരു ഉദാഹരണമാണ് മിഖേലയുടെ ജീവിതം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.