വിദ്വേഷപ്രസംഗം അഭിപ്രായസ്വാതന്ത്ര്യമല്ല: ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് ഇസെഡ് എൽ-കാസിസ്

വിദ്വേഷപ്രസംഗങ്ങളെ (Hate Speech) അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ ന്യായീകരിക്കാനാകില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ പുതിയ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് ഇസെഡ് എൽ-കാസിസ്. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന ‘വിദ്വേഷപ്രസംഗങ്ങളെ ചെറുക്കുന്നതിലും അന്താരാഷ്ട്ര-മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള ആഗോള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദവി ഏറ്റെടുത്ത ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക പ്രസംഗത്തിലാണ് ആർച്ച്ബിഷപ്പ് വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. വിദ്വേഷപ്രസംഗങ്ങൾ പൊതുചർച്ചകളുടെ അന്തരീക്ഷം വിഷമയമാക്കുകയും സമൂഹത്തിൽ ഭിന്നത വളർത്തുകയും അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും വഴിമരുന്നിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്കുകൾക്ക് വലിയ ശക്തിയുണ്ടെന്നും ആക്രമണാത്മക ഭാഷ ഒഴിവാക്കുകയാണ് സാമൂഹിക സമാധാനത്തിലേക്കും പരസ്പര ബഹുമാനത്തിലേക്കുമുള്ള ആദ്യപടിയെന്നും അദ്ദേഹം വ്യക്തമാക്കി. സഹിഷ്ണുത എന്നാൽ ഉദാസീനതയോ, ധാർമ്മികമായ ആപേക്ഷികതയോ അല്ല. ഓരോ വ്യക്തിയുടെയും തുല്യമായ അന്തസ്സും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും തിരിച്ചറിയുന്നതാണ് യഥാർഥ സഹിഷ്ണുതയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ട മൗലികാവകാശമാണെങ്കിലും, അതിനു തുല്യമായ ഉത്തരവാദിത്തങ്ങളുമുണ്ട്. വെറുപ്പും അക്രമവും മനഃപൂർവം ഇളക്കിവിടുന്ന പ്രസ്താവനകൾക്ക് ‘സ്വാതന്ത്ര്യത്തിന്റെ’ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ആർച്ച്ബിഷപ്പ് എൽ-കാസിസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.