ലെയോ പാപ്പയുടെ ഫ്രാൻസ് സന്ദർശനം: ജീവകാരുണ്യ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും

പാരീസ് സന്ദർശനത്തിനിടെ ഫ്രാൻസിലെ ജീവകാരുണ്യ പ്രവർത്തകരെയും തെരുവിൽ കഴിയുന്നവരെയും മാർപാപ്പ നേരിട്ട് കാണും. തെരുവിൽ കഴിയുന്നവരുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളുമായാണ് പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. പാവപ്പെട്ടവരോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കണമെന്ന മാർപാപ്പയുടെ സന്ദേശമാണ് ഈ സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്.

2025 ൽ ‘ഓ കാപ്റ്റീവ്സ് ലാ ലിബറേഷൻ’ (Aux captifs, la libération) എന്ന സംഘടനയുടെ നേതൃത്വത്തിൽ എഴുപതിനായിരത്തിലധികം പാവപ്പെട്ട ആളുകളുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. തെരുവിൽ കഴിയുന്നവർക്കും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കും സ്നേഹവും സമയവും നൽകിയാണ് ഇവർ സഹായമെത്തിക്കുന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

ഇതോടൊപ്പം തെരുവിൽ ജീവിച്ചിരുന്നവരും സാധാരണക്കാരായ യുവാക്കളും ഒന്നിച്ച് താമസിക്കുന്ന വേറിട്ട രീതിയും പാരീസിൽ നടപ്പിലാക്കുന്നുണ്ട്. വലിയ വേർതിരിവുകളില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ഈ കൂട്ടായ്മകൾ ചെയ്യുന്നത്. മാർപാപ്പയുടെ ഈ സന്ദർശനം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വലിയ ഊർജവും പ്രചോദനവും നൽകുമെന്നാണ് ജീവകാരുണ്യ പ്രവർത്തകർ കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.