ഫ്രാൻസിൽ അശാന്തിയും കൊള്ളിവയ്പ്പും തുടരുന്നു: അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിലെ മെത്രാന്മാർ

പൊതുസ്ഥാപനങ്ങൾ തീയിട്ടു നശിപ്പിച്ചും വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ചും ഫ്രാൻസിലുടനീളം അക്രമങ്ങൾ രൂക്ഷമായി തുടരുമ്പോൾ, സമാധാനാഹ്വാനവുമായി കത്തോലിക്കാ സഭാ നേതൃത്വം. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒന്നിച്ചു ശ്രമിക്കണമെന്ന് മെത്രാന്മാർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്ത് ലിയോണിൽ സംഘടിപ്പിക്കാനിരുന്ന ചരിത്രപ്രധാനമായ സർവമത സമാധാന റാലി അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

“ഈ അക്രമങ്ങളുടെ ചുഴിയിൽ അകപ്പെടരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. നമ്മുടെ നഗരവും രാജ്യവും ഇതിലും മെച്ചപ്പെട്ടത് അർഹിക്കുന്നു,” ഒക്ടോബർ 18-ന് പുറത്തിറക്കിയ പ്രസ്താവനയിൽ മാർസൈൽ ആർച്ച്ബിഷപ്പും ഫ്രഞ്ച് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദിനാൾ ജീൻ-മാർക്ക് അവെലിൻ പറഞ്ഞു.

മാർസൈലിൽ, കടകൾ കൊള്ളയടിക്കപ്പെട്ടു, പള്ളികളും ടൗൺ ഹാളും ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. കൂടാതെ ഒരു പൊലീസ് സ്റ്റേഷൻ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ പൊലീസ് സേനാംഗങ്ങൾക്ക് പരിക്കേറ്റു. എന്നാൽ, ഈ ആക്രമണങ്ങളിൽ ലക്ഷ്യമിട്ട പള്ളികൾ ഏതൊക്കെയാണെന്ന് അതിരൂപത വ്യക്തമാക്കിയിട്ടില്ല.

ആക്രമണത്തെ തുടർന്ന്, ലിയോണിൽ ഒക്ടോബർ 18 ഞായറാഴ്ച ക്രിസ്ത്യൻ, മുസ്ലീം, യഹൂദ നേതാക്കൾ ആഹ്വാനം ചെയ്തിരുന്ന സമാധാന റാലി സംഘാടകർ മാറ്റിവച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കാലത്ത് 1986-ൽ ഇറ്റലിയിലെ അസീസിയിൽ നടന്ന സർവമത സമാധാന പ്രാർഥനാ ദിനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ ഒത്തുകൂടൽ തീരുമാനിച്ചിരുന്നത്. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഫ്രാൻസിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ പ്രക്ഷോഭമായി വിശേഷിപ്പിച്ച സമരത്തിൽ ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിലായി ഒക്ടോബർ 17-ന് ഏകദേശം 5,50,000 ആളുകൾ മാർച്ച് നടത്തിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ പങ്കെടുത്തവരുടെ എണ്ണം എട്ടുലക്ഷം ആണെന്ന് ഒരു തൊഴിലാളി സംഘടന അവകാശപ്പെട്ടതായി എ.എഫ്.പി (AFP) റിപ്പോർട്ട് ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് സെക്കൻഡറി സ്കൂളുകളിൽ വിദ്യാർഥികൾ നടത്തിയ ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഈ മുന്നേറ്റം ഉണ്ടായത്. ഈ പ്രകടനങ്ങൾക്കിടയിൽ പാരീസ്, നാന്റസ്, മാർസൈൽ, റൂവൻ എന്നിവിടങ്ങളിലെ ചില സ്കൂളുകൾ ഉൾപ്പെടെ നിരവധി സ്കൂളുകൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.

ഒക്ടോബർ 17 ന് ലിമോജസിൽ മുഖംമൂടി ധരിച്ച ഒരു സംഘം ടൗൺ ഹാൾ ആക്രമിച്ച് തീയിട്ടു. പാരീസിൽ, മുഖംമൂടി ധരിച്ച മറ്റൊരു സംഘം ചെറുപ്പക്കാർ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം കടകളുടെ ചില്ലുകൾ തകർത്ത് അകത്തേക്ക് പ്രവേശിക്കുന്നത് എ.എഫ്.പി മാധ്യമപ്രവർത്തകർ കണ്ടു. ഒക്ടോബർ 18 ന് രാത്രിയും തലസ്ഥാനത്ത് ഇത്തരത്തിൽ കൊള്ള തുടർന്നതായി ലെ ഫിഗാരോ (Le Figaro) റിപ്പോർട്ട് ചെയ്തു.

മറ്റ് പൊതു കെട്ടിടങ്ങളും ആക്രമിക്കപ്പെടുകയും തീയിടുകയും ചെയ്തു. ലിയോണിൽ, പ്ലേസ് ബെല്ലെകൗറിലെ ടൂറിസം ഓഫീസും കൊള്ളയടിക്കപ്പെടുകയും തീയിടുകയും ചെയ്തു. ബോർഡോയിൽ, അക്രമാസക്തരായ പ്രക്ഷോഭകർ റീജിയണൽ പ്രിഫെക്റ്റിന്റെ വസതി അടിച്ചുതകർത്തു. പ്രിഫെക്ചർ കെട്ടിടം, ഒരു ബാങ്ക്, നിരവധി കടകൾ എന്നിവിടങ്ങളിലെ തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ പാടുപെടേണ്ടി വന്നതായി സു ഔസ്റ്റ് (Sud Ouest) പത്രം റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ഏകദേശം ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർക്കും സായുധ പൊലീസിനും പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച അവസാനത്തോടെ 2,331 ആളുകളെ അറസ്റ്റ് ചെയ്തതായി നീതിന്യായ മന്ത്രി ജെറാൾഡ് ഡാർമാനൻ ഫ്രാൻസ് 2 ചാനലിനോട് പറഞ്ഞു. ലെ ഫിഗാരോയുടെ റിപ്പോർട്ട് അനുസരിച്ച്, അറസ്റ്റിലായവരിൽ 70% പേരും മുതിർന്നവരാണ്. മാത്രമല്ല ഇവരുടെ പേരിൽ മുൻപും കേസുകൾ ഉണ്ടായിരുന്നതാണ്.

ഒക്ടോബർ 18 ഞായറാഴ്ചയും രാത്രിയിലുമായി പാരീസിൽ മാത്രം ഏകദേശം 350 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി. തുടർന്ന് ടൗലൂസ് പ്രോസിക്യൂട്ടർമാരും മറ്റ് നഗരങ്ങളിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കിയത് അറസ്റ്റിലായവരിൽ ഭൂരിഭാഗം പേർക്കും ക്രിമിനൽ പശ്ചാത്തലമില്ല എന്നാണ്.

അമേരിക്കൻ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പ്രതികരണം

ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അരാജകത്വത്തിന്റെയും അക്രമത്തിന്റെയും കൊള്ളിവയ്പ്പിന്റെയും പിന്നിൽ കുടിയേറ്റ നയമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ആരോപിച്ചു.

“പൂർണ്ണമായും വ്യത്യസ്തമായ ഒരു ലോകത്തു നിന്നുള്ള, ഹൃദയത്തിൽ വെറുപ്പ് നിറച്ച ആളുകളുടെ കുടിയേറ്റം ഒരിക്കൽ മഹത്തായ ആ രാജ്യത്തെ നശിപ്പിച്ചു,” ഒക്ടോബർ 18 ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.