
ഇരുപതാം നൂറ്റാണ്ടിലെ മതപരമായ പീഡനങ്ങളിൽ വിശ്വാസത്തിനായി ജീവൻ വെടിഞ്ഞ 3,040 കത്തോലിക്കരുടെ രക്തസാക്ഷിത്വ നടപടികൾ അംഗീകാരത്തിനായി കാത്തിരിക്കുന്നുവെന്ന് സ്പാനിഷ് മെത്രാൻ സമിതിയുടെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഓഫീസ് വ്യക്തമാക്കി. സ്പെയിനിലെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഒക്ടോബർ 17 ന് ഇബിസയിലെ 20 വൈദികരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ് നടന്നിരുന്നു. നവംബർ ഏഴിന് സാന്റാണ്ടറിലെ 80 പേരുടെയും, നവംബർ 28-ന് മാഡ്രിഡിലെ 11 വൈദികാർഥികളുടെയും കുടുംബാംഗങ്ങളുടെയും വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങുകൾ നടക്കും. കൂടാതെ ഗബ്രിയേലി സന്യാസ സമൂഹത്തിലെ 49 അംഗങ്ങളുടെയും അവരുടെ ചാപ്ലയിന്റെയും നാമകരണ നടപടികളും പുരോഗമിക്കുന്നുണ്ട്.
വരാനിരിക്കുന്ന മാസങ്ങളിൽ നിരവധി വാഴ്ത്തപ്പെട്ട പ്രഖ്യാപനങ്ങളാണ് സ്പെയിനിൽ നടക്കാനിരിക്കുന്നത്. ഇതുവരെ സ്പെയിനിൽ നിന്ന് എട്ട് രൂപതാ മെത്രാന്മാരെയും മറ്റ് സന്യാസ വൈദികരെയും രക്തസാക്ഷികളായി ഉയർത്തിയിട്ടുണ്ട്. നിലവിൽ 2,404 വാഴ്ത്തപ്പെട്ടവരെയും 11 വിശുദ്ധരെയും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഇനി ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ട ആളുകളുടെ എണ്ണംകൂടി ചേർത്താൽ ആകെ 5,455 പേരുടെ നാമകരണ നടപടിക്രമങ്ങളാണ് പൂർത്തിയാകാനുള്ളത്. സ്പാനിഷ് ആഭ്യന്തരയുദ്ധ കാലത്തും (1936-1939) അതിനുമുമ്പുള്ള രാഷ്ട്രീയ സംഘർഷങ്ങളുടെ കാലഘട്ടത്തിലുമാണ് ഇവർ വിശ്വാസത്തിനുവേണ്ടി ജീവൻ നൽകിയത്.




