

പാതിരാക്കോഴി കൂവിയുണർത്തിയ ഒരുക്കദിനത്തിന്റെ പുലരിയിൽ നമ്മുടെ അഹങ്കാരത്തിനും സ്വാർഥതയ്ക്കും പരിഹാരമായി പ്രഹരങ്ങളും പരിഹാസവുമേറ്റ് തന്റെ പ്രിയമകൻ പ്രത്തോറിയത്തിനു വെളിയിൽ, യേശുവിനെ ക്രൂശിക്കാനുള്ള ശത്രുക്കളുടെ അലമുറകൾക്കിടയിൽ കാൽവരിയിലേക്കുള്ള സഹനയാത്രയുടെ തയ്യാറെടുപ്പ് നടത്തുന്നു. പീലാത്തോസിന്റെ അരമനമുറ്റത്ത് കോഴിയുടെ മൂന്നാം കൂവൽ വായുവിൽ അലിഞ്ഞുതീരും മുൻപ്, പത്രോസിന്റെ ഹൃദയം തകർന്നുപോയിരുന്നു. “ഞാൻ അവനെ അറിയുന്നില്ല” എന്ന് ഭയത്തോടെ വിളിച്ചുപറഞ്ഞ തന്റെ അധരങ്ങളെ ഓർത്ത് അവൻ സ്വയം ശപിച്ചു. കണ്ണീർ കാഴ്ചയെ മറയ്ക്കുമ്പോൾ, വിറയ്ക്കുന്ന കാലടികളോടെ ആ പാവം മനുഷ്യൻ ഓടിയത് ആത്മനിന്ദയുടെ ഇരുളിലേക്കായിരുന്നു. എന്നാൽ, ആ ഇരുണ്ട വഴിയുടെ തിരിവിൽ അവൻ മുഖാമുഖം കണ്ടത് അലിവ് വറ്റാത്ത ഒരു അമ്മക്കണ്ണുകളെയാണ്!
മറിയത്തിന്റെ ആ നോട്ടം പത്രോസിനു നേരെ ഒരു വിരൽ ചൂണ്ടലായിരുന്നില്ല. “നീയും എന്റെ മകനെ തള്ളിപ്പറഞ്ഞുവോ?” എന്ന ചോദ്യം ആ അധരങ്ങളിൽ ഉയർന്നതുമില്ല. പകരം, ആ അമ്മക്കണ്ണുകളിൽ പെയ്തിറങ്ങിയത് ആഴമേറിയ സഹതാപവും അനന്തമായ ക്ഷമയുമായിരുന്നു.
മൂന്നാണ്ട് കൂടെനടന്ന, സഭയെ നയിക്കാൻ പാറപോലെ ചങ്കുറപ്പുള്ളവൻ, വെറുമൊരു ദാസിപ്പെണ്ണിന്റെ ചോദ്യത്തിനു മുൻപിൽ തന്റെ മകനെ മൂന്ന് ആവർത്തി തള്ളിപ്പറഞ്ഞപ്പോൾ പത്രോസിനെ തന്റെ ചങ്കോട് ചേർത്തുപിടിച്ച മറിയം. ആരെയും ഒരുനാളും തള്ളിക്കളയാനാവില്ലെന്ന സ്നേഹമന്ത്രവുമായി സഹനവേനലിൽ പൊരിഞ്ഞൊരമ്മ. പാതിരാക്കോഴി കൂവിയുണർത്തിയ ഒരുക്കദിനത്തിന്റെ പുലരിയിൽ നമ്മുടെ അഹങ്കാരത്തിനും സ്വാർഥതയ്ക്കും പരിഹാരമായി പ്രഹരങ്ങളും പരിഹാസവുമേറ്റ് തന്റെ പ്രിയമകൻ.
എല്ലാവരും നിന്നെ തള്ളിക്കളഞ്ഞാലും ഞാൻ നിന്നെ തള്ളിക്കളയുകയില്ലെന്ന് പറയാനുള്ള കൃപയുടെ നിറവ്. എന്റെ മകനെ തള്ളിപ്പറഞ്ഞവനെ ഞാനും തള്ളിക്കളയുന്നു എന്ന മാനുഷിക നിലപാട് തിരുത്തി തള്ളുന്നവനെ ഉള്ളിൽ കൊള്ളാനുള്ള അമ്മമറിയത്തിന്റെ സ്നേഹഭാവം. മനുഷ്യസഹജമായ ബലഹീനതയിൽ പതറിപ്പോയ ഒരു വലിയ മനുഷ്യന്റെ നെഞ്ചിലെ ആധി ആ മാതൃഹൃദയം തൊട്ടറിഞ്ഞു. പത്രോസിന്റെ പശ്ചാത്താപത്തിന്റെ കണ്ണീരും അമ്മയുടെ കരുണയുടെ കണ്ണീരും അവിടെ ഒന്നായി മാറി. ആ മൗനത്തിൽ ഒരു വലിയ ആത്മീയസന്ദേശമുണ്ടായിരുന്നു: “മകനേ, നിന്റെ വീഴ്ചയേക്കാൾ വലുതാണ് ദൈവത്തിന്റെ കരുണ.”
തന്റെ മകൻ കുരിശിൽ മരിക്കാൻ പോവുകയാണെന്ന വലിയ ദുഃഖത്തിനിടയിലും, പാപബോധത്താൽ പിടയുന്ന പത്രോസിന്റെ ആത്മാവിനെ ആശ്വസിപ്പിക്കാൻ ആ അമ്മ തയ്യാറായി. യൂദാസിനെപ്പോലെ നിരാശയിലേക്ക് വീണുപോകാതെ, ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് തിരികെവരാൻ പത്രോസിന് കരുത്തുണ്ടായത് അമ്മയുടെ ആ ഒരു ആർദ്രമായ നോട്ടം നൽകിയ പ്രത്യാശ കൊണ്ടു കൂടിയാവാം.
ജീവിതത്തിന്റെ അരമന മുറ്റങ്ങളിൽ നാമും പലപ്പോഴും യേശുവിനെ തള്ളിപ്പറയാറുണ്ട് – നമ്മുടെ സ്വാർഥത കൊണ്ടും ഭയം കൊണ്ടും പാപങ്ങൾ കൊണ്ടും. ആ സമയത്തെല്ലാം നമ്മെ കാത്തിരിക്കുന്ന ഒരു മാതൃഹൃദയമുണ്ട്. നമ്മുടെ പാപങ്ങളുടെ ആഴം നോക്കി വിധിയെഴുതുന്ന ലോകത്തിനു മുൻപിൽ, പശ്ചാത്തപിക്കുന്ന നമ്മുടെ ഹൃദയത്തെ ചേർത്തണയ്ക്കുന്ന അമ്മയുടെ മനോഭാവം നമുക്കൊരു വലിയ പാഠമാണ്.
വീഴ്ചകളിൽ തളരാതെ, കരുണയുടെ ഉറവിടത്തിലേക്ക് മടങ്ങിവരാൻ അമ്മയുടെ ഈ ശാന്തവും ദയാപൂർവവുമായ സാന്നിധ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. തെറ്റുകൾ ചെയ്തവരെ കുറ്റപ്പെടുത്താനല്ല, മറിച്ച് അവരെ സ്നേഹം കൊണ്ട് വീണ്ടെടുക്കാനാണ് അമ്മയുടെ മാതൃക നമ്മോട് ആവശ്യപ്പെടുന്നത്. ജീവിതയാതനകളുടെ കാൽവരി കയറാൻ, തന്നോടൊപ്പം പദയാത്രയിൽ പങ്കുകൊള്ളാൻ ഒരുക്കമുള്ളവരെ കണ്ടെത്താൻ കൊതിക്കുന്ന മാതൃഹൃദയം നമ്മോടു മന്ത്രിക്കുന്നത് ഇതാണ്: “പാപത്തിനെതിരായിട്ടുള്ള സമരത്തിൽ നിങ്ങൾക്കിനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല” (ഹെബ്രാ. 11:4).
ജിൻസി സന്തോഷ്




