ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത പ്രസംഗങ്ങൾ ഇംഗ്ലീഷിൽ പുറത്തിറങ്ങി

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ സമയത്തും സ്ഥാനത്യാഗത്തിനു ശേഷവും സ്വകാര്യ വിശുദ്ധ കുർബാനകളിൽ നടത്തിയ, ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത വചനപ്രഘോഷണങ്ങൾ ക്രോഡീകരിച്ചുകൊണ്ടുള്ള, ‘കർത്താവ് നമ്മെ കൈപിടിച്ചു നടത്തുന്നു’ (The Lord Holds Us by the Hand) എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് (LEV) പുറത്തിറക്കി. ഈ ഇംഗ്ലീഷ് പതിപ്പ്, ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പ്രസിദ്ധീകരിക്കാത്ത പ്രസംഗങ്ങളുടെ ഒരു ശേഖരമാണ്. ഒപ്പം ജോസഫ് റാറ്റ്സിംഗർ എന്ന പ്രഘോഷകന്റെയും ദൈവശാസ്ത്രജ്ഞന്റെയും ഇടയന്റെയും ശബ്ദം വീണ്ടും ഒരിക്കൽക്കൂടി കേൾക്കാൻ വിശ്വാസികൾക്ക് അവസരമൊരുക്കുന്നു.

വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, 2005 നും 2017 നുമിടയിലുള്ള ആഗമനകാലം, നോമ്പുകാലം, ഉയിർപ്പുകാലം (ഈസ്റ്റർ) എന്നീ തിരുനാൾ കാലങ്ങളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ്. റിക്കാർഡോ ബൊല്ലാറ്റി, ലൂക്കാ കരുസോ, ഫാ. ഫെഡറിക്കോ ലൊംബാർഡി (SJ) എന്നിവർ ചേർന്നാണ് ഈ പുസ്തകം എഡിറ്റ് ചെയ്തത്. ഈ പുസ്തകത്തിന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മുൻ പേഴ്സണൽ സെക്രട്ടറി ആർച്ച്ബിഷപ്പ് ജോർജ് ഗാൻസ്വീൻ മുഖവുരയും, ജോസഫ് റാറ്റ്സിംഗർ-ബെനഡിക്ട് പതിനാറാമൻ വത്തിക്കാൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഫാ. ലൊംബാർഡി ആമുഖവും എഴുതിയിരിക്കുന്നു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നപ്പോഴും വിരമിച്ചപ്പോഴും വത്തിക്കാൻ കൊട്ടാരത്തിലുള്ളവർക്കും മറ്റ് അതിഥികൾക്കുമായി നടത്തിയ സ്വകാര്യ വിശുദ്ധ കുർബാനകളിലാണ് ഈ പ്രസംഗങ്ങൾ നടത്തിയത്. ചില പ്രസംഗങ്ങൾ അപ്പോസ്തോലിക് കൊട്ടാരത്തിലെ ചാപ്പലിലും മറ്റുള്ളവ സ്ഥാനത്യാഗത്തിനു ശേഷം അദ്ദേഹം താമസിച്ചിരുന്ന വത്തിക്കാനിലെ ‘മാത്തർ എക്ലേസിയാ’ മഠത്തിലും വച്ചാണ് നൽകപ്പെട്ടത്.

സ്വകാര്യ സാഹചര്യങ്ങളിൽ സംസാരിച്ചതാണെങ്കിലും, ഈ വചനങ്ങൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പ്രസംഗങ്ങളുടെ ആഴത്തിലേക്കും ലാളിത്യത്തിലേക്കും വെളിച്ചം വീശുന്നു. വിശുദ്ധ ഗ്രന്ഥത്തെ എപ്പോഴും പുതിയൊരു രീതിയിൽ വായിക്കാനും അതിൽ നിന്ന് വിശ്വാസത്തിനും പ്രാർഥനയ്ക്കും അനുദിന ക്രൈസ്തവജീവിതത്തിനുമുള്ള വെളിച്ചം കണ്ടെത്താനുമുള്ള പാപ്പയുടെ കഴിവ് ഇവ വെളിപ്പെടുത്തുന്നു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പ്രസിദ്ധീകരിക്കാത്ത പ്രസംഗങ്ങളുടെ ആദ്യഭാഗമാണ് ഈ പുസ്തകം. സാധാരണ കാലങ്ങളിലെ (Ordinary Time) പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാമത്തെ പുസ്തകം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 17 ന് ടൂറിൻ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന ‘ബെനഡിക്ട് പതിനാറാമൻ: ‘ക്രിസ്തുവാണ് ഭാവി!’ പ്രസിദ്ധീകരിക്കാത്ത പ്രസംഗങ്ങൾ’ എന്ന ചടങ്ങിലാണ് ഇതിന്റെ ഇറ്റാലിയൻ പതിപ്പ് അവതരിപ്പിച്ചത്. ഫാ. ലൊംബാർഡിയും ഇറ്റാലിയൻ ഗായകനും ഗാനരചയിതാവുമായ ജിയോവന്നി ലിൻഡോ ഫെറെറ്റിയും ചടങ്ങിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.