
ദിവ്യകാരുണ്യ രഹസ്യത്താൽ നമുക്ക് രൂപാന്തരപ്പെടാമെന്ന് പൊതുസന്ദർശന വേളയിൽ വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്ത് ലെയോ പാപ്പ. ജൂൺ 24 ബുധനാഴ്ച നൽകിയ സന്ദേശത്തിൽ ദിവ്യകാരുണ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പ.
“ദൈവികജീവന്റെ ഈ ഉറവയിൽ നിന്ന് നമുക്ക് വിശ്വാസത്തോടെ നന്മകൾ സ്വീകരിക്കാം. നമ്മൾ ആഘോഷിക്കുന്ന ഈ ദിവ്യരഹസ്യത്താൽ നമുക്ക് രൂപാന്തരപ്പെടാം” – രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ 1963 ലെ പ്രമാണരേഖയെയും കുറിച്ചുള്ള പഠനപരമ്പരയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“വിശുദ്ധ കുർബാനയിൽ വിശ്വാസികൾ കേവലം കാഴ്ചക്കാരായിരിക്കരുത്, മറിച്ച് യേശുക്രിസ്തുവിനോട് ചേർന്ന് തങ്ങളെത്തന്നെ സമർപ്പിക്കാൻ തയ്യാറാകണം. നാം ദിവ്യകാരുണ്യത്തിൽ പങ്കുചേരുമ്പോൾ, ദൈവവചനം ശ്രവിക്കാനും കർത്താവിന്റെ മേശയിൽ നിന്ന് പോഷണം സ്വീകരിക്കാനും നമ്മൾ ക്ഷണിക്കപ്പെടുന്നു. അവിടെ അവിടുന്ന് തന്നെത്തന്നെയാണ് പിതാവായ ദൈവത്തിന് സമർപ്പിക്കുന്നത്. ഈ വീക്ഷണത്തിൽ, ദിവ്യകാരുണ്യം എന്നത് ക്രൈസ്തവരുടെ ആത്മീയബലിയുടെ രൂപമാണ്. കാരണം, അത് ദൈവവുമായുള്ള ഐക്യത്തിന്റെയും പരസ്പരമുള്ള കൂട്ടായ്മയുടെയും വഴിയാണ്” – പാപ്പ കൂട്ടിച്ചേർത്തു.
വിശുദ്ധ കുർബാനയിൽ, വചനശുശ്രൂഷയും ദിവ്യകാരുണ്യ ശുശ്രൂഷയും തമ്മിൽ അത്രമേൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ ഒരൊറ്റ ആരാധനക്രമമായി മാറുന്നുവെന്നും പാപ്പ ഓർമ്മിപ്പിച്ചു.




