
സുഡാനിൽ സായുധ സംഘങ്ങളുടെ കസ്റ്റഡിയിലുള്ള ജീവകാരുണ്യ പ്രവർത്തകരെ ഉപാധികളില്ലാതെ ഉടൻ വിട്ടയയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ദാരിദ്ര്യം നേരിടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ, ഏകപക്ഷീയമായ ഇത്തരം അറസ്റ്റുകൾ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും യു.എൻ മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് ഇത്തരം കസ്റ്റഡികളെന്ന് സുഡാനിലെ യു.എൻ റസിഡന്റ് ആൻഡ് ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്റർ ഡെനിസ് ബ്രൗൺ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തകരെ സുരക്ഷിതമായി ജോലി ചെയ്യാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡാർഫർ മേഖലയിലുടനീളം, വിചാരണയോ കുടുംബങ്ങളെ വിവരമറിയിക്കാനോ അവസരമില്ലാതെ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് (RSF) നിരവധി പേരെ തടവിലാക്കിയിട്ടുണ്ട്. സുഡാനീസ് ആർമിക്ക് അനുകൂലമായ വിഭാഗങ്ങളും അനൗദ്യോഗിക തടങ്കൽ കേന്ദ്രങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
2023 ഏപ്രിലിൽ ആരംഭിച്ച സംഘർഷവുമായി ബന്ധപ്പെട്ട് 2,309 തടവിലാക്കൽ കേസുകൾ യു.എൻ വിദഗ്ധർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യഥാർഥ കണക്കുകൾ 50,000-ത്തിലധികം വരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, കാണാതായ മാധ്യമപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും കണ്ടെത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് സുഡാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




