
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവേചനവും അക്രമവും പീഡനങ്ങളും മൂലം മതസ്വാതന്ത്ര്യം ക്രമാതീതമായി തകർച്ച നേരിടുകയാണെന്ന് ഇറ്റലിയിൽ നടന്ന അന്താരാഷ്ട്ര കത്തോലിക്കാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇറ്റലിയിലെ റിമിനിയിൽ നടന്ന ‘മീറ്റിംഗ് ഫോർ ഫ്രണ്ട്ഷിപ്പ് എമംഗ് പീപ്പിൾസ്’ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചർച്ചയിലാണ് ആഗോളതലത്തിൽ ഉയരുന്ന ഈ ഭീഷണികൾ ചൂണ്ടിക്കാണിക്കപ്പെട്ടത്.
ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവരുടെ എണ്ണം 38.8 കോടിയായി ഉയർന്നുവെന്ന് ഓപ്പൺ ഡോർസ് ‘വേൾഡ് വാച്ച് ലിസ്റ്റ് 2026’ റിപ്പോർട്ട് ഉദ്ധരിച്ച് വിദഗ്ധർ വ്യക്തമാക്കി. മുൻവർഷത്തെ അപേക്ഷിച്ച് 80 ലക്ഷം ആളുകളുടെ വർധനവാണിത്. ലോകത്ത് ഏഴിൽ ഒരു ക്രിസ്ത്യാനി വീതം ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നു എന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളും ഐഎസ് അനുബന്ധ സംഘടനകളും നടത്തുന്ന അക്രമങ്ങളിൽ മതവ്യത്യാസമില്ലാതെ ജനങ്ങൾ കൊല്ലപ്പെടുന്നുവെന്ന് സൊകോട്ടോ രൂപതാ ബിഷപ്പ് മാത്യു ഹസൻ കുക്ക ചൂണ്ടിക്കാട്ടി. മധ്യപൂർവേഷ്യൻ സംഘർഷങ്ങളും ലെബനൻ അടക്കമുള്ള രാജ്യങ്ങളിലെ ക്രൈസ്തവരുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്.
ഏകാധിപത്യ ഭരണകൂടങ്ങളുടെ എതിർപ്പുകൾ, സബ്-സഹാറൻ ആഫ്രിക്കയിൽ ഇസ്ലാമിക് തീവ്രവാദത്തിന്റെ വ്യാപനം എന്നിവയ്ക്ക് പുറമെ, മതവിശ്വാസത്തെ തികച്ചും വ്യക്തിപരമായ കാര്യമായി മാത്രം ചുരുക്കി പൊതുമണ്ഡലത്തിൽ നിന്ന് പുറന്തള്ളാനുള്ള മതേതര സമൂഹങ്ങളുടെ പ്രവണതയും ഒരു ഭീഷണിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യ സംരക്ഷണത്തിനായി അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകൾ ശക്തമാക്കണമെന്നും, പീഡനങ്ങൾ നേരിടുന്ന പ്രദേശങ്ങളിലെ പ്രാദേശിക സഭകളെയും സ്കൂളുകളെയും ആശുപത്രികളെയും പിന്തുണച്ച് ജനങ്ങൾ സ്വന്തം മണ്ണിൽ നിന്ന് പലായനം ചെയ്യുന്നത് തടയണമെന്നും ഇറ്റലിയുടെ പ്രത്യേക പ്രതിനിധി മരിയ ക്രിസ്റ്റ്യാന മെലെ ഉൾപ്പെടെയുള്ള പ്രമുഖർ അഭിപ്രായപ്പെട്ടു.




