“കാണാതായ ആളുകൾ ഞങ്ങളുടെ വേദനയുടെ ആഴം വർധിപ്പിക്കുന്നു”: മെക്സിക്കോയിലെ കത്തോലിക്കാ സഭ

കഴിഞ്ഞ വർഷങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളും കാണാതാകലുകളും മെക്സിക്കോയിലെ ജനങ്ങളുടെ മനസ്സിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത് എന്ന് മെക്സിക്കോയിലെ സഭാ നേതൃത്വം. അന്താരാഷ്ട്ര നിർബന്ധിത കാണാതാകൽ വിരുദ്ധ ദിനത്തോട് (International Day of the Victims of Enforced Disappearances) അനുബന്ധിച്ച് കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ദേസ്ദേ ലാ ഫെ’ (Desde la Fe) യിലൂടെ പുറത്തുവിട്ട മുഖപ്രസംഗത്തിലാണ് സഭ നിലപാട് വ്യക്തമാക്കിയത്.

ആളുകളെ കാണാതാകുന്ന ദുരന്തത്തിന്റെ വ്യാപ്തി വെറും കണക്കുകളിലൂടെ മാത്രം കാണാൻ കഴിയില്ലെന്ന് സഭ ഓർമ്മിപ്പിച്ചു. ഓരോ സംഖ്യയ്ക്ക് പിന്നിലും കാത്തിരിക്കുന്ന ഒരു കുടുംബവും ഒരു വ്യക്തിയുടെ പേരുമുണ്ട്. രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ദാരുണമായ ഈ അവസ്ഥയെ ഒരു സാധാരണ സംഭവമായി കണ്ട് പിന്മാറാൻ പൗരന്മാർ തയ്യാറാകരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കാണാതാകലുകൾ തടയുക, ഉടനടി അന്വേഷണം നടത്തി ഫലപ്രദമായി വ്യക്തികളെ കണ്ടെത്തുക, നീതി ഉറപ്പാക്കുക തുടങ്ങിയവ സർക്കാരിന്റെയും ഭരണകൂടത്തിന്റെയും ഒഴിവാക്കാനാകാത്ത ചുമതലയാണെന്ന് സഭ ഓർമ്മിപ്പിച്ചു. പ്രിയപ്പെട്ടവരെ തിരയുന്ന കുടുംബങ്ങളെ കേൾക്കാനും അവരെ പിന്തുണയ്ക്കാനും ക്രിസ്തീയ വിശ്വാസം നമ്മെ നിർബന്ധിതരാക്കുന്നു. സമൂഹത്തിൽ സമാധാനവും ഒത്തൊരുമയും തിരികെ കൊണ്ടുവരാൻ സഭയും പ്രതിജ്ഞാബദ്ധമാണ്.

കാണാതായവർക്ക് വേണ്ടിയും അവരുടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കു വേണ്ടിയും പ്രത്യേക പ്രാർഥനകൾ നടത്താൻ ദൈവാലയങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.