താലിബാൻ കോടതിയിൽ പരസ്യമായി ചാട്ടയടിക്ക് ഇരയായ യുവതിയുടെ ദുരവസ്ഥ വിവരിച്ച് ദൃക്‌സാക്ഷി

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം നടപ്പിലാക്കിവരുന്ന പരസ്യ ശിക്ഷാവിധികളുടെ ഭീകരമുഖം വ്യക്തമാക്കുന്ന ദൃക്‌സാക്ഷി വിവരണം പുറത്ത്. വടക്കൻ അഫ്ഗാനിസ്ഥാനിലെ ബൽഖ് നഗരത്തിൽ താലിബാൻ കോടതിയിൽ നടന്ന, ഒരു യുവതിക്ക് നേരെയുള്ള പരസ്യമായ ചാട്ടയടിയുടെ ഞെട്ടിക്കുന്ന അനുഭവമാണ് ഒരു ദൃക്‌സാക്ഷി പങ്കുവച്ചിരിക്കുന്നത്.

തങ്ങളുടെ, നിയമപരമായ വിവിധ ആവശ്യങ്ങൾക്കായി കോടതിയിൽ എത്തിയ പൊതുജനങ്ങളെയും അഭിഭാഷകരെയുമെല്ലാം താലിബാൻ സുരക്ഷാ സേന ബലമായി ഒരു വലിയ ഹാളിൽ തടഞ്ഞുവച്ചുകൊണ്ടായിരുന്നു ശിക്ഷകൾ നടപ്പിലാക്കിയതെന്ന് ദൃക്‌സാക്ഷി വിവരിക്കുന്നു. ആർക്കും അവിടെനിന്ന് പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നില്ല. ‘അനുവദനീയമല്ലാത്ത സാമൂഹിക ഇടപെടലുകൾ’ (illicit socialising) നടത്തി എന്ന് ആരോപിച്ചാണ് 20 വയസ്സ് മാത്രം പ്രായമുള്ള യുവതിയെ കോടതിയിൽ ഹാജരാക്കിയത്. സുപ്രീം കോടതിയുടെ അന്തിമ അനുമതി ലഭിച്ച ശേഷമായിരുന്നു ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടത്.

അടിയുടെ ആഘാതം കുറയ്ക്കാൻ ഹിജാബിനുള്ളിൽ കൂടുതൽ വസ്ത്രങ്ങൾ ധരിച്ചെത്തിയെങ്കിലും താലിബാൻ അത് കണ്ടെത്തി ഊരിമാറ്റാൻ യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് ലെതർ കൊണ്ടുണ്ടാക്കിയ കട്ടിയുള്ള ‘ ശരീഅത്ത് ചാട്ട’ ഉപയോഗിച്ച് രണ്ട് മുഫ്തികൾ യുവതിയെ 39 തവണ ക്രൂരമായി അടിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വേദന കടിച്ചമർത്തിയെങ്കിലും, അടിയുടെ ആവൃത്തി കൂടിയപ്പോൾ യുവതി വേദന കൊണ്ട് അലറിക്കരയാൻ തുടങ്ങി. കരച്ചിൽ കേൾക്കുന്തോറും അടി കൂടുതൽ ശക്തമാക്കുകയാണ് ചെയ്തതെന്ന് ദൃക്‌സാക്ഷി പറയുന്നു. കോടതിയിലുണ്ടായിരുന്ന പലരും കരയുകയും ആ കാഴ്ച സഹിക്കാനാവാതെ കണ്ണുകൾ അടച്ചുപിടിക്കുകയും ചെയ്തതായി ദൃക്‌സാക്ഷി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.