ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 01

1912 ൽ മഞ്ഞുകട്ടയിലിടിച്ച് കടലിൽ താണുപോയ ടൈറ്റാനിക് എന്ന ആഡംബരക്കപ്പലിന്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ നിന്ന് കണ്ടെടുത്തത് 1985 സെപ്റ്റംബർ ഒന്നിനായിരുന്നു. കപ്പൽ മുങ്ങി 73 വർഷങ്ങൾക്കു ശേഷമാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് തീരത്തുനിന്നും 370 മൈൽ അകലെയാണ് കപ്പലിന്റെ ഭാഗങ്ങളുണ്ടായിരുന്നത്. മുൻ അമേരിക്കൻ നേവി ഓഫീസറായിരുന്ന റോബർട്ട് ബല്ലാർഡിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള അംഗങ്ങളടങ്ങിയ ടീമാണ് തിരച്ചിൽ നടത്തിയത്. അർഗോ എന്ന് പേരിട്ടിരുന്ന റിമോട്ട് കണ്ട്രോൾ നിയന്ത്രിത അന്തർവാഹിനിയാണ് കപ്പൽ കണ്ടെത്തിയത്. 1985 സെപ്റ്റംബർ ഒന്നിനാണ് അർഗോയിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ നിന്നുള്ള ആദ്യ ചിത്രം തിരച്ചിൽസംഘത്തിനു ലഭിച്ചത്.

1947 സെപ്റ്റംബർ ഒന്നിനാണ് ഇന്ത്യ ഔദ്യോഗികമായ സമയക്രമം തെരഞ്ഞെടുത്തത്. ഗ്രീൻവിച്ച് സമയത്തിൽ നിന്നു അഞ്ചര മണിക്കൂർ മുന്നോട്ടുള്ള ഈ സമയക്രമം ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം എന്നാണ് അറിയപ്പെടുന്നത്. ഐഎസ്ടി എന്നാണ് ചുരുക്കപ്പേര്. അന്താരാഷ്ട്രതലത്തിൽ സമയം കണക്കാക്കുന്ന അടിസ്ഥാന രേഖയാണ് ഗ്രീനിച്ച് രേഖ. പൂജ്യം ഡിഗ്രി രേഖാംശ രേഖയാണ് ഗ്രീനിച്ച് രേഖ എന്നറിയപ്പെടുന്നത്. ഓരോ രേഖാംശത്തിലും പ്രാദേശിക സമയത്തിൽ വ്യത്യാസമുണ്ടായിരിക്കും. പൂർവ രേഖാംശം 68 ഡിഗ്രി മുതൽ 97 ഡിഗ്രി വരെയാണ് ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി. ഇതിന്റെ ഏതാണ്ട് മധ്യഭാഗത്തു വരുന്ന എൺപത്തിരണ്ടര ഡിഗ്രി പൂർവ രേഖാംശത്തെയാണ് ഇന്ത്യയുടെ മാനക രേഖാംശമായി കണക്കാക്കുന്നത്. ഈ രേഖാംശത്തിലെ പ്രാദേശിക സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി സെപ്റ്റംബർ ഒന്നിന് അംഗീകരിച്ചത്. അലഹബാദിലെ മിർസാപൂരിലെ ക്ലോക്ക് ടവറിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്.

1956 സെപ്റ്റംബർ ഒന്നിനാണ് എൽഐസി എന്ന് പൊതുവിൽ അറിയപ്പെടുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്. അതേവർഷം നിലവിൽ വന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സ്ഥാപിച്ചത്. നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി കണ്ട്രോളർ ഓഫ് ഇൻഷുറൻസാണ് കോർപ്പറേഷന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയത്. ജീവസുരക്ഷാ ഇൻഷുറൻസുകളെ ഗ്രാമപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുക, സാമ്പത്തിക സുരക്ഷിതത്വത്തിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവ കോർപ്പറേഷന്റെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ ചിലതാണ്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.