റഷ്യയുമായുള്ള 30 ദിവസത്തെ വെടിനിർത്തൽ അം​ഗീകരിക്കാൻ തയ്യാറാണെന്ന് ഉക്രൈൻ

റഷ്യയും ഉക്രൈനും തമ്മിലുള്ള വെടിനിർത്തൽ കരാർ ധാരണയിൽ എത്തി. കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നടത്തിയ യു എസ്- ഉക്രൈൻ ചർച്ചകളിലാണ് ഫലം കാണുന്നത്. യു എസ് നിർദേശിച്ച 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ കരാർ അം​ഗീകരിക്കാൻ തയ്യാറാണെന്ന് സമ്മതിച്ച് ഉക്രൈൻ.  ഇനി പന്ത് റഷ്യയുടെ കോർട്ടിലാണെന്ന് ഇതിനുശേഷം യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

യു എസിന്റെ ഈ നിർദേശം ഉക്രൈൻ അം​ഗീകരിച്ചതോടെ സൈനിക സഹായം കൈമാറുന്നതും രഹസ്യാന്വേഷണവിവരങ്ങൾ കൈമാറുന്നതും പുനരാരംഭിക്കാൻ തയ്യാറാണെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ തയ്യാറാണെന്നും, പോസിറ്റീവ് നിർദേശം അംഗീകരിക്കാൻ റഷ്യയെ ബോധ്യപ്പെടുത്തേണ്ടത് ഇനി അമേരിക്കയാണെന്ന് ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു.

ധാതുക്കരാറിൽ ഒപ്പുവയ്ക്കാൻ എത്തിയ സെലെൻസ്‌കിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഏറ്റുമുട്ടലിൽ അവസാനിച്ചിരുന്നു. ആ സംഭവത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇന്നലെ ജിദ്ദയിൽ നടന്നത്. സെലൻസ്കിയെ വീണ്ടും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.