നൈജീരിയയിൽ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടു വൈദികർ കൊല്ലപ്പെട്ടു

നൈജീരിയയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ രണ്ടു വൈദികർ കൊല്ലപ്പെട്ടു. ഫാ. വിറ്റസ് ബോറോഗോ, ഫാ. ക്രിസ്റ്റഫർ ഒഡിയ എന്നീ വൈദികരാണ് കൊല്ലപ്പെട്ടത്. ഫാ. വിറ്റസ് ബോറോഗോ തീവ്രവാദികൾ നടത്തിയ ആക്രമത്തിൽ ആണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഫാ. വിറ്റസ് കടുന സ്റ്റേറ്റ് പോളിടെക്നിക്കിലെ കാത്തലിക് കമ്മ്യൂണിറ്റിയുടെ ചാപ്ലയിനായും നൈജീരിയൻ രൂപത കാത്തലിക് പ്രീസ്റ്റ്സ് അസോസിയേഷൻ (എൻസിഡിപിഎ) കടുന ചാപ്റ്ററിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അതിനിടയിലാണ് ദാരുണമായ അന്ത്യം. കുജാമയിലെ പ്രിസൺ ഫാം അതിക്രമിച്ചു കയറിയ തീവ്രവാദികൾ വൈദികന് നേരെ ആക്രമണം നടത്തുകയായിരുന്നു.

ഫാ. ക്രിസ്റ്റഫർ ഒഡിയ ജൂൺ 26 -ന് രാവിലെ 6.30 ഓടെ ഉസൈറുവിലെ ഇകാബിഗ്ബോയിലെ സെന്റ് മൈക്കൽ കാത്തലിക് ചർച്ചിലെ റെക്‌ടറിയിൽ നിന്ന് ആക്രമികൾ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവർ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി ഔച്ചി രൂപത അറിയിച്ചു. 41 വയസ്സുള്ള ഫാ. ഒഡിയ, സെന്റ് മൈക്കിൾസിന്റെ അഡ്മിനിസ്ട്രേറ്ററും ജട്ടുവിലെ സെന്റ് ഫിലിപ്പ് കാത്തലിക് സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായിരുന്നു.

സുരക്ഷിതമല്ലാത്ത ഗ്രാമീണ സമൂഹങ്ങളിൽ, മോചനദ്രവ്യത്തിനായി കൊലയും തട്ടിക്കൊണ്ടുപോകലും തീവ്രവാദി സംഘങ്ങൾ നടത്തുന്നത് പതിവാകുകയാണെന്നു ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിവെക്കുന്നതാണ് നൈജീരിയയിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങൾ. തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളിൽ കൂടുതൽ ഇരകളാകുന്നത് ക്രൈസ്തവരാണെന്ന യാഥാർഥ്യവും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.