‘ആർമി ഓഫ് ദ മെൻസ് റോസറി’ യിൽ പങ്കാളികളാകാൻ രണ്ട് രാജ്യങ്ങൾ

ആർമി ഓഫ് ദ മെൻസ് റോസറിയിൽ പങ്കാളികളാകാൻ പരാഗ്വേ, പ്യൂർട്ടോ റിക്കോ രാജ്യങ്ങൾ. മെയ് 28- ന് ലാറ്റിൻ അമേരിക്കയിലെ പെറു, കോസ്റ്റ റിക്കാ, അർജന്റീന രാജ്യങ്ങളിൽ നടക്കുന്ന ജപമാല പ്രാർത്ഥനയിലാണ് അതതു രാജ്യങ്ങളിൽ നിന്നുകൊണ്ട് ഇവരും പങ്കുചേരുന്നത്.

പരാഗ്വേയിലെ എംബി നഗരത്തിൽ, പ്രാർത്ഥനകൾ മാത്രമല്ല, ‘റൊസാരിയോ സിൻ  ഫ്രോണ്ടറസ്’ എന്ന പേരിൽ തീർത്ഥാടനവും നടത്തും. വിശ്വാസികൾ ചാപ്പൽ ഓഫ് പെർപെച്വൽ ഹെൽപ്പിൽ നിന്ന് സാൻ ലോറെൻസോ ഇടവകയിലേക്കാണ് തീർത്ഥാടനമായി പോകുന്നത്. പ്യൂർട്ടോ റിക്കോയിൽ, തലസ്ഥാനമായ സാൻ ജുവാനിലെ കത്തീഡ്രലിൽ വച്ചാണ് ജപമാല പ്രാർത്ഥന ആരംഭിക്കുന്നത്. പ്രാർത്ഥനയ്ക്ക് ശേഷം സാൻ ജോസ് ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.

“2011 നവംബർ ഏഴിന് ആരംഭിച്ചതാണ് ഈ പ്രാർത്ഥനാ കൂട്ടായ്മ. പുരുഷന്മാർ മാത്രമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. ഇവിടെയുള്ള ഏക സ്ത്രീയെന്ന് പറയുന്നത് പരിശുദ്ധ കന്യകാ മറിയമാണ്” – പ്രാർത്ഥനാ കൂട്ടായ്മ അംഗമായ സാന്റിയാഗോ ഗോൺസാലസ് പറഞ്ഞു. നമ്മുടെ മാതൃസഭയുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധരാകാൻ ഈ പ്രാർത്ഥനാ കൂട്ടായ്മ വിശ്വാസികളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.