
1926 ൽ പയസ് പതിനൊന്നാമൻ മാർപാപ്പ സ്ഥാപിച്ചതും ഒക്ടോബർ 18 ഞായറാഴ്ച ആചരിച്ചതുമായ നൂറാമത് ലോക മിഷൻ ഞായറിനോടനുബന്ധിച്ച്, അപ്പസ്തോലിക പെനിറ്റൻഷ്യറി വഴി ലെയോ പതിനാലാമൻ മാർപാപ്പ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. ‘ക്രിസ്തുവിൽ ഒന്നായി, ദൗത്യത്തിൽ ഐക്യപ്പെട്ടിരിക്കുന്നു’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
ലോകമെമ്പാടും സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശ്വാസികൾക്ക് മാർപാപ്പയോടൊപ്പം ചേർന്ന് ജപമാല പ്രാർഥന ചൊല്ലാവുന്നതാണ്. “ഇന്ന് നമ്മൾ നൂറാമത് ലോക മിഷൻ ദിനം ആചരിക്കുന്നു. ഈ നൂറ് വർഷത്തിനിടയിൽ എത്രമാത്രം മിഷനറി ചരിത്രമാണ് രൂപപ്പെട്ടിട്ടുള്ളത്! ഉത്ഥിതനായ കർത്താവിന്റെ കൽപനയോട് സഭ എപ്പോഴും വിശ്വസ്തത പുലർത്തട്ടെയെന്ന് നമുക്ക് പ്രാർഥിക്കാം: ‘നിങ്ങൾ ലോകമെങ്ങും ചെന്ന് സർവസൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവിൻ,” ഒക്ടോബർ 18 ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ പാപ്പ പറഞ്ഞു
പതിവ് വ്യവസ്ഥകളോടെ കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം, മാർപാപ്പയുടെ നിയോഗങ്ങൾക്കായുള്ള പ്രാർഥന എന്നിവയോടെ വിശ്വാസികൾക്ക് ദണ്ഡവിമോചനം പ്രാപിക്കാമെന്ന് അപ്പസ്തോലിക പെനിറ്റൻഷ്യറിയുടെ ഡിക്രി വ്യക്തമാക്കുന്നു.
നൂറാമത് ലോക മിഷൻ ഞായറാഴ്ചയോട് അനുബന്ധിച്ച് ജനുവരി 25 ന് പുറത്തിറക്കിയ സന്ദേശത്തിൽ, ക്രിസ്തുവിൽ ഐക്യപ്പെട്ട ഹൃദയങ്ങളും അനുരഞ്ജിതമായ സമൂഹങ്ങളും, ഉദാരമനസ്സോടെയും ആത്മവിശ്വാസത്തോടെയും സഹകരിക്കാനുള്ള സന്നദ്ധതയും ആവശ്യപ്പെടുന്ന മിഷനറി പാതയിലൂടെ, പരിശുദ്ധാത്മാവിൽ സന്തുഷ്ടിയോടും തീക്ഷ്ണതയോടും കൂടി സഭ മുഴുവൻ മുന്നോട്ടുപോകാൻ ലെയോ പാപ്പ ആഹ്വാനം ചെയ്തു.
“ക്രൈസ്തവനാവുക എന്നത് ഒന്നാമതായി കുറച്ച് അനുഷ്ഠാനങ്ങളോ, ആശയങ്ങളോ അല്ല, മറിച്ച് പിതാവുമായുള്ള ക്രിസ്തുവിന്റെ പുത്രബന്ധത്തിൽ പങ്കാളികളാകുന്ന, ക്രിസ്തുവുമായുള്ള ഐക്യത്തിലെ ജീവിതമാണ്,” പാപ്പ പറയുന്നു. തന്റെ ദൗത്യത്തിൽ സഭയുടെ പ്രാഥമിക ഉത്തരവാദിത്തം അംഗങ്ങൾക്കിടയിലെ ആത്മീയവും സാഹോദര്യപരവുമായ ഐക്യം പുതുക്കുക എന്നതാണെന്നും പാപ്പ പറഞ്ഞു.




