
ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരേ,
യുഗാന്ത്യത്തെക്കുറിച്ചും ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും ധ്യാനിക്കുന്ന പള്ളിക്കൂദാശാക്കാലത്തിലെ മൂന്നാം ഞായറാഴ്ചയായ ഇന്ന് തിരുസഭാമാതാവ് നമുക്ക് ധ്യാനവിഷയമായി നല്‍കിയിരിക്കുന്നത് താലന്തുകളുടെ ഉപമയെക്കുറിച്ചു പറയുന്ന വി. മത്തായിയുടെ സുവിശേഷത്തിലെ 25-ാം അധ്യായം 14 മുതല്‍ 30 വരെയുള്ള തിരുവചനങ്ങളാണ്.
താലന്തുകളുടെ ഉപമയെ പൊതുവായി ബൈബിള്‍ വ്യാഖ്യാതാക്കളും സഭാപിതാക്കന്മാരും വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “ഈ ഉപമയിലെ യജമാനന്‍ മിശിഹായാണ്; ദാസന്മാരാകട്ടെ, അവനില്‍ വിശ്വസിക്കാന്‍ വിളിക്കപ്പെട്ട മനുഷ്യരും.” ദൂരദേശമെന്നത് സ്വര്‍ഗരാജ്യവും, യജമാനന്റെ തിരിച്ചുവരവെന്നത് മിശിഹായുടെ രണ്ടാം ആഗമനവുമാണ്. യജമാനന്‍ നല്‍കുന്ന താലന്ത് എന്നത് ദൈവം നമുക്കോരോരുത്തര്‍ക്കും നല്‍കിയ വ്യത്യസ്തമാര്‍ന്ന കഴിവുകളും കൃപകളുമാണ്. സഭാപിതാവായ അഗസ്തീനോസ് പറയുന്നു: “നഷ്ടപ്പെടുത്തുന്ന താലന്തുകള്‍ നഷ്ടപ്പെടുത്തുന്ന ദൈവകൃപകള്‍ തന്നെയാണ്.” അതായത്, ഇവയോടുള്ള വിശ്വസ്തതയാണ് സ്വര്‍ഗരാജ്യപ്രവേശനത്തെ നിര്‍ണ്ണയിക്കുന്നത് എന്നതാണ് ഇന്നത്തെ വചനഭാഗം നല്‍കുന്ന പ്രധാന ചിന്ത.
ഇന്നത്തെ നാലു വായനകളും ഈ ചിന്തയെ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. ഒന്നാം വായനയില്‍, ലാബാന്റെ കീഴില്‍ ജോലിചെയ്യുന്ന യാക്കോബിന്റെ വിശ്വസ്തതയും രണ്ടാം വായനയില്‍, കര്‍ത്താവില്‍ ശരണപ്പെട്ടുകൊണ്ട് കര്‍ത്തവ്യങ്ങള്‍ നിഷ്ഠയോടെ അനുഷ്ഠിക്കുന്നതിനെക്കുറിച്ചും മൂന്നാം വായനയില്‍, വി. പൗലോസ് ശ്ലീഹാ അലസതയില്‍ നിന്നും മാറിനില്‍ക്കുന്നതിനെക്കുറിച്ചും സുവിശേഷത്തില്‍ വിശ്വസ്തതയോടെയും ആത്മാര്‍ഥതയോടെയും അധ്വാനിക്കുന്നതിനെക്കുറിച്ചും ഉദ്‌ബോധിപ്പിക്കുന്നു. അതായത്, താലന്തിന്റെ ഉപമയെ വിശാലമായ കാന്‍വാസില്‍ കാണേണ്ടതാണ്. ദൈവം തന്റെ അനന്തജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ദാനമായി നല്‍കുന്ന ദൈവകൃപകള്‍ക്ക് നാം വിശ്വസ്തരായിരിക്കണം. ഇവിടെ എത്ര വര്‍ധിപ്പിച്ചു എന്നതിനേക്കാള്‍ തന്റെ ദാസന്മാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം വിശ്വസ്തതാപൂര്‍വം എങ്ങനെ ചെയ്തു എന്നതാണ് ചിന്താവിഷയം.
യഥാര്‍ഥത്തില്‍ എന്താണ് വിശ്വസ്തത? ഒന്നാമതായി പരസ്പരമുള്ള ആത്മാര്‍ഥമായ ബന്ധമാണത്. വിശ്വസ്തത കേവലം നിയമങ്ങള്‍ പാലിക്കുന്നതിലോ, കടമകള്‍ ചെയ്യുന്നതിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല, മറിച്ച് അത് സ്‌നേഹിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആഴമേറിയ ഹൃദയബന്ധമാണ്. താലന്തുകളുടെ ഉപമയില്‍, യജമാനന്‍ തന്റെ ദാസന്മാരെ വിലപ്പെട്ട സമ്പത്ത് ഭരമേല്‍പിക്കുന്നത് അവര്‍ തമ്മിലുള്ള പരസ്പരവിശ്വാസത്തിന്റെയും ആത്മബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ്. ദൈവം തന്റെ കൃപകളുടെയും ഈ ഭൂമിയുടെയും കാവല്‍ക്കാരായി നമ്മെ ഓരോരുത്തരെയും നിയോഗിച്ചിരിക്കുന്നത് അവിടുത്തേക്ക് നമ്മോടുള്ള അളവില്ലാത്ത സ്‌നേഹബന്ധം കൊണ്ടാണ്. ഈ ദൈവീകസ്‌നേഹത്തോട് നാം നല്‍കുന്ന ആത്മാര്‍ഥമായ മറുപടിയും അവിടുത്തെ ഇഷ്ടം തിരിച്ചറിഞ്ഞുള്ള ജീവിതവുമാണ് യഥാര്‍ഥ വിശ്വസ്തത.
രണ്ടാമതായി, പ്രവൃത്തിയിലധിഷ്ഠിതമായ സ്‌നേഹമാണത്. വാക്കുകളിലോ, വികാരങ്ങളിലോ മാത്രം ഒതുങ്ങുന്ന സ്‌നേഹം പൂര്‍ണ്ണമല്ല; അത് പ്രവൃത്തിയിലൂടെ വെളിപ്പെടേണ്ടതുണ്ട്. ഉപമയിലെ ആദ്യത്തെ രണ്ടു ദാസന്മാരും തങ്ങളുടെ യജമാനനോടുള്ള വിശ്വസ്തത തെളിയിച്ചത് തങ്ങള്‍ക്കു ലഭിച്ച താലന്തുകള്‍ ആത്മാര്‍ഥമായി അധ്വാനിച്ചു വര്‍ധിപ്പിച്ചുകൊണ്ടാണ്. അവര്‍ അലസരായിരുന്നില്ല; തങ്ങളുടെ യജമാനന്റെ സന്തോഷത്തിനായി അവര്‍ തങ്ങളുടെ വിയര്‍പ്പൊഴുക്കാന്‍ തയ്യാറായി. യഥാര്‍ഥ വിശ്വസ്തത എപ്പോഴും നമ്മെ കര്‍മ്മനിരതരാക്കും. നമുക്ക് ലഭിച്ച സമയവും ആരോഗ്യവും സമ്പത്തും കഴിവുകളും മറ്റുള്ളവരുടെ നന്മയ്ക്കും ദൈവമഹത്വത്തിനുമായി പ്രവൃത്തിപഥത്തിലെത്തിക്കുമ്പോഴാണ് നമ്മുടെ സ്‌നേഹവും വിശ്വസ്തതയും പൂര്‍ണ്ണതയിലെത്തുന്നത്. വി. മദര്‍ തെരേസ ഇപ്രകാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു: “നമുക്കെല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണമെന്നില്ല. എന്നാല്‍, നമുക്ക് ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യാന്‍ സാധിക്കും.”
മൂന്നാമതായി, ദൈവത്തിലുള്ള പൂര്‍ണ്ണ ആശ്രയത്വമാണത്. താലന്തുകളുടെ ഉപമയിലെ മൂന്നാമത്തെ ദാസന് പരാജയം സംഭവിക്കുന്നത് അവന് യജമാനനില്‍ വിശ്വാസമോ, ആശ്രയത്വമോ ഇല്ലാതെപോയതുകൊണ്ടാണ്. യജമാനന്റെ സ്‌നേഹത്തേക്കാള്‍ അവനെ കീഴടക്കിയത് ഭയമായിരുന്നു. നമ്മുടെ ജീവിതത്തിലും വിശ്വസ്തതയോടെ ജീവിക്കാന്‍ സ്വന്തം കഴിവുകളില്‍ മാത്രം ആശ്രയിച്ചാല്‍ പോരാ, നമ്മെ ഈ ദൗത്യം ഭരമേല്‍പിച്ച ദൈവത്തിന്റെ കൃപയില്‍ നാം പൂര്‍ണ്ണമായി ശരണപ്പെടണം. അവിടുന്ന് നല്‍കിയ കഴിവുകള്‍ ഉപയോഗിച്ച് മുന്നേറുമ്പോള്‍ പ്രതിസന്ധികളോ, പരാജയങ്ങളോ വന്നാലും ദൈവത്തിന്റെ കരുണ നമ്മെ താങ്ങുമെന്ന ഉറച്ച ബോധ്യമാണ് പൂര്‍ണ്ണ ആശ്രയത്വം. അന്ധകാരത്തിന്റെ നിമിഷങ്ങളിലും തളരാതെ ദൈവത്തിന്റെ കരങ്ങളില്‍ മുറുകെപ്പിടിച്ച് അവിടുത്തെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു മുന്നേറാന്‍ ഈ ആശ്രയബോധം നമ്മെ സഹായിക്കും.
പഴയനിയമത്തില്‍ ഇസ്രായേല്‍ ജനത്തിന്റെ ചരിത്രം ഇതിനൊരു ഉത്തമ ഉദാഹരണമാണ്. നിയമാവര്‍ത്തനം 7:9 ല്‍ നാം വായിക്കുന്നു: “നിന്റെ ദൈവമായ കര്‍ത്താവാണ് ദൈവം. തന്നെ സ്‌നേഹിക്കുകയും തന്റെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറ വരെ ഉടമ്പടിയും കാരുണ്യവും പാലിക്കുന്ന വിശ്വസ്തനായ ദൈവം.” ദൈവത്തിന്റെ നിരന്തരമായ ഈ സ്‌നേഹത്തോട് ഇസ്രായേല്‍ ജനം നല്‍കേണ്ടിയിരുന്ന മറുപടിയായിരുന്നു അവരുടെ വിശ്വസ്തത. ഈയൊരു ഉടമ്പടിയുടെ വിശ്വസ്തതയാണ് പുതിയ നിയമത്തില്‍ ദൈവം നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്.
ഒരുപക്ഷെ, നമ്മുടെ ജീവിതത്തില്‍ എല്ലായ്‌പ്പോഴും എല്ലാവരോടും വിശ്വസ്തരായിരിക്കുക എളുപ്പമുള്ള കാര്യമല്ലായിരിക്കാം. എന്തെന്നാല്‍, സമര്‍പ്പണവും ബോധ്യവുമുള്ളവര്‍ക്കു മാത്രമേ യഥാര്‍ഥത്തില്‍ വിശ്വസ്തരാകാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെ വിശ്വസ്തരായി ജീവിച്ച അനേകം വ്യക്തികളെ തിരുവചനം നമുക്ക് കാണിച്ചുതരുന്നുണ്ട്. ദൈവത്തോട് വിശ്വസ്തനായിരുന്നതിനാല്‍ സിംഹക്കുഴിയില്‍ എറിയപ്പെട്ട ദാനിയേലും, ആരുമില്ലാതായപ്പോള്‍ നവോമിക്ക് വിശ്വസ്തതയോടെ മരുമകളായി ജീവിച്ച റൂത്തും, ലക്ഷ്യസ്ഥാനം ഏതെന്നുപോലും ഗ്രാഹ്യമില്ലാതെ ദൈവത്തിന്റെ വചനത്തോട് പൂര്‍ണ്ണമായി വിശ്വസ്തനായിക്കൊണ്ട് സ്വദേശം വിട്ടിറങ്ങിയ അബ്രാഹവും, മരണത്തെപ്പോലും ഭയക്കാതെ തങ്ങള്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ വിശ്വസ്തതയോടെ പ്രഘോഷിച്ച ശിഷ്യന്മാരും നമുക്ക് വിശ്വസ്തതയുടെ സാക്ഷ്യങ്ങളാണ്.
വിശ്വസ്തര്‍ക്ക് ആരെയും പഴിപറയേണ്ടതില്ലെന്നും, ആരുടെയും മുന്നില്‍ കണക്ക് ബോധിപ്പിക്കാന്‍ ഭയപ്പെടേണ്ടതില്ലെന്നും ഇന്നത്തെ സുവിശേഷം പറഞ്ഞുവയ്ക്കുന്നു. സുവിശേഷത്തിലെ താലന്തുകളുടെ ഉപമയില്‍ കണക്ക് ബോധിപ്പിക്കാന്‍ കടപ്പെട്ടിരിക്കുന്ന ഭൃത്യരില്‍ ആദ്യ രണ്ട് ദാസന്മാര്‍ തങ്ങള്‍ക്കു ലഭിച്ച താലന്തുകള്‍ വിശ്വസ്തത പുലര്‍ത്തി ഇരട്ടിയാക്കുമ്പോള്‍, മൂന്നാമത്തെ ദാസന്‍ തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. തനിക്ക് ലഭിച്ച ഏക താലന്ത് നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ഭൂമിയില്‍ കുഴിച്ചുമൂടിവയ്ക്കുകയാണ് അവന്‍ ചെയ്തത്. ദൈവകൃപകളെയും കഴിവുകളെയും വളര്‍ത്താനോ, മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കാനോ അവന്‍ തയ്യാറായില്ല. കൂടാതെ, തന്റെ പരാജയത്തിന് ന്യായീകരണമായി ആ ദാസന്‍ യജമാനനെക്കുറിച്ച് തികച്ചും തെറ്റായ ഒരു ധാരണയാണ് അവതരിപ്പിച്ചത്. ഈ തെറ്റായ വിലയിരുത്തലാണ് യജമാനന്റെ സ്‌നേഹത്തെയും ഔദാര്യത്തെയും തിരിച്ചറിയുന്നതില്‍ നിന്ന് അവനെ തടഞ്ഞത്.
നമ്മുടെ ജീവിതത്തിലും ദൈവം നല്‍കിയ താലന്തുകളെയും അവസരങ്ങളെയും ഭയം കൊണ്ടോ, അലസതയാലോ കുഴിച്ചുമൂടിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചാലും, അന്തിമദിനത്തില്‍ നാം ഏവരും കണക്ക് ബോധിപ്പിക്കാന്‍ കടപ്പെട്ടവരാണെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍, നമുക്ക് ലഭിച്ച ചെറുതും വലുതുമായ കഴിവുകളെയും ആരോഗ്യത്തെയും സാഹചര്യങ്ങളെയും ഭയത്താല്‍ മൂടിവയ്ക്കാതെ, സ്‌നേഹത്തോടെയും വിശ്വസ്തതയോടെയും വര്‍ധിപ്പിച്ച് ഫലം പുറപ്പെടുവിക്കാന്‍ നമുക്ക് പരിശ്രമിക്കാം.
രണ്ടാമത്തെ വായനയില്‍ വി. പൗലോസ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നതുപോലെ, അലസത വെടിഞ്ഞ് സ്വര്‍ഗരാജ്യത്തിനായി നമുക്ക് ആത്മാര്‍ഥമായി അധ്വാനിക്കാം. കാരണം, തങ്ങള്‍ക്കു ലഭിച്ച കൃപകളെ തിരിച്ചറിഞ്ഞ് വിശ്വസ്തതയോടെ വിനിയോഗിച്ചവരാണ് ദൈവത്തിനു മുന്നില്‍ നീതീകരിക്കപ്പെടുക. നമ്മുടെ അന്തിമദിനത്തില്‍ അവിടുത്തെ വിരുന്നില്‍ പങ്കുകാരാകാന്‍ നമുക്കും ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് നല്‍കപ്പെട്ട താലന്തുകളെ വിശ്വസ്തവും ആത്മാര്‍ഥവുമായ അധ്വാനം കൊണ്ട് വര്‍ധിപ്പിക്കാം. കണക്ക് ബോധിപ്പിക്കേണ്ട ദിനം വരുമ്പോള്‍ നമുക്കും നീതിമാന്മാരുടെ ഗണത്തില്‍ അംഗങ്ങളായിത്തീരാം. അതിനായുള്ള ദൈവീക കൃപയ്ക്കായി ഈ വിശുദ്ധ ബലിയില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമേന്‍.
ബ്രദര്‍ ജോയല്‍ മുള്ളനാന്നിക്കല്‍ MCBS




