

നാം ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മാർപാപ്പയ്ക്ക് ശ്വാസകോശത്തിൽ കാൻസർ ബാധ കണ്ടെത്തുകയും, തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്ത വാർത്ത ലോകമെമ്പാടുമുള്ള വിശ്വാസികളിൽ നിരവധി സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ആയ ഡോ. ജോജോ വി. ജോസഫ് ലങ് കാൻസറുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾക്ക് വിശദീകരണം നൽകുന്നു.
വത്തിക്കാൻ ന്യൂസ് ഏജൻസി പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, മാർപാപ്പ ‘റൈറ്റ് ലോവർ ലോബക്ടമി’ എന്ന ശസ്ത്രക്രിയയ്ക്കാണ് വിധേയനായിരിക്കുന്നത്. നമ്മുടെ വലതുവശത്തെ ശ്വാസകോശത്തിന് മൂന്ന് അറകളാണുള്ളത്. അതിൽ ഏറ്റവും താഴത്തെ അറയായ ‘ലോവർ ലോബ്’ ആണ് നീക്കം ചെയ്തിരിക്കുന്നത്. ഈ ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ അല്ലെങ്കിൽ മുഴ നീക്കം ചെയ്തത്. ഓപ്പറേഷൻ സമയത്തു തന്നെ ട്യൂമർ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആ പരിശോധനയിലാണ് ഇത് ‘അഡിനോകാർസിനോമ’ എന്ന കാൻസർ വിഭാഗത്തിൽപെടുന്നതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് റൈറ്റ് ലോവർ ലോബക്ടമിയും അതോടനുബന്ധിച്ചുള്ള ലിംഫ് നോഡ് ഡിസെക്ഷനും വിജയകരമായി പൂർത്തിയാക്കുകയാണുണ്ടായത്.
ഇതുമായി ബന്ധപ്പെട്ട് ആളുകൾ ചോദിക്കുന്ന പ്രധാന സംശയങ്ങളും അവയ്ക്കുള്ള വിദഗ്ധ മറുപടികളും താഴെ വിവരിക്കുന്നു.
1. ലങ് കാൻസർ സാധാരണയായി അവസാന സ്റ്റേജിലല്ലേ അറിയാറുള്ളൂ? മാർപാപ്പയ്ക്കും അതുതന്നെയാണോ അവസ്ഥ?
ഇവിടെ ശസ്ത്രക്രിയ നടത്തി എന്ന് കേൾക്കുമ്പോൾതന്നെ നമുക്ക് മനസ്സിലാക്കാം, ഈ രോഗം പ്രാരംഭഘട്ടത്തിലാണ് കണ്ടുപിടിച്ചത്. ലങ് കാൻസറിന് ശസ്ത്രക്രിയ ഫലപ്രദമാകുന്നത് അത് ആദ്യഘട്ടത്തിൽ കണ്ടെത്തുമ്പോൾ മാത്രമാണ്. വീഡിയോ അസിസ്റ്റഡ് തോറാക്കോസ്കോപിക് സർജറി വഴിയാണ് അദ്ദേഹം ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മുറിവുകൾ വളരെ കുറഞ്ഞ രീതിയിൽ ഈ ആധുനിക സാങ്കേതികവിദ്യയിലൂടെ ട്യൂമർ നീക്കം ചെയ്യാൻ സാധിക്കും.
2. എത്ര ദിവസം കൊണ്ട് അദ്ദേഹത്തിന് സാധാരണ നിലയിലേക്ക് എത്താൻ സാധിക്കും?
ഇതൊരു മിനിമലി ഇൻവേസിവ് സർജറി ആയതിനാൽ മുറിവുകൾ വളരെ ചെറുതായിരിക്കും. അതിനാൽതന്നെ ഒരാഴ്ച അല്ലെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് മറ്റ് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. ഓപ്പൺ സർജറി ആണെങ്കിൽ വാരിയല്ലിന്റെ പുറകുവശം വരെ തുറക്കേണ്ടിവരികയും റിക്കവറിക്ക് കൂടുതൽ ദിവസങ്ങൾ എടുക്കുകയും ചെയ്യും. എന്നാൽ, ഈ രീതിയിലൂടെ വളരെ പെട്ടെന്നുതന്നെ പൂർണ്ണ സുഖപ്രാപ്തി സാധ്യമാണ്.
3. രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കാം?
തുടക്കത്തിൽ ഇതൊരു സംശയാസ്പദമായ മുഴയായിട്ടാണ് സർജറിക്ക് എടുത്തത്. ഓപ്പറേഷൻ സമയത്തു തന്നെ ഫ്രോസൻ സെക്ഷൻ പരിശോധനയിലൂടെയാണ് ഇത് അഡിനോകാർസിനോമയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് രോഗം മൈക്രോസ്കോപ്പിക് തലത്തിൽ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നറിയാൻ വിശദമായ സ്റ്റേജിങ് നടത്താറുണ്ട്. സ്റ്റേജിങ് ചെയ്യാൻ പെറ്റ് സ്കാൻ ആണ് ഉപയോഗപ്പെടുത്തുക
4. തുടർചികിത്സ ആവശ്യമുണ്ടോ?
ഏറ്റവും പ്രാരംഭഘട്ടത്തിലുള്ള ലങ് കാൻസറിന് സർജറിയിലൂടെ മുഴ നീക്കം ചെയ്യുക എന്നതു തന്നെയാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. ഇനി തുടർചികിത്സ ആവശ്യമുണ്ടോ എന്നത് ട്യൂമറിന്റെ സവിശേഷതകളും ലിംഫ് നോഡുകളിലേക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നതും കൃത്യമായി വിലയിരുത്തിയ ശേഷമേ തീരുമാനിക്കൂ. സ്റ്റേജ് കൂടിയതാണെങ്കിൽ കീമോതെറാപ്പിയോ അല്ലെങ്കിൽ പാർശ്വഫലങ്ങൾ താരതമ്യേന കുറവുള്ള ഇമ്മ്യൂണോ തെറാപ്പിയോ നൽകേണ്ടിവരും.
5. ഒരു ശ്വാസകോശം നീക്കം ചെയ്താൽ സാധാരണ ജീവിതം നയിക്കാൻ കഴിയുമോ?
മനുഷ്യന്റെ ഇടതുവശത്ത് രണ്ട് അറകളും വലതുവശത്ത് മൂന്ന് അറകളുമാണുള്ളത്. ഇതിൽ ഒരു ഭാഗം നീക്കം ചെയ്താലും സാധാരണ ജീവിതം നയിക്കുന്നതിന് യാതൊരു തടസ്സവുമില്ല. നമ്മുടെ ശ്വാസകോശത്തിന് മികച്ച റിസർവ് ശേഷിയുള്ളതിനാൽ ഈ ലോബ് നഷ്ടപ്പെടുന്നത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നില്ല.
6. മാർപാപ്പ പുകവലിക്കാത്ത ആളാണല്ലോ, പിന്നെ എങ്ങനെയാണ് ലങ് കാൻസർ വന്നത്?
ശ്വാസകോശാർബുദം എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ വരുന്ന സംശയമാണിത്. പൊതുവെ, 70% ലങ് കാൻസറും പുകവലിക്കാരിലാണ് കാണപ്പെടുന്നത്. എന്നാൽ, ബാക്കിവരുന്ന 30 ശതമാനത്തോളം കേസുകളും പുകവലിക്കാത്തവരിലാണ് ഉണ്ടാകുന്നത്. പുകവലിക്കാത്തവരിൽ ഈ രോഗം വരാനുള്ള പ്രധാന കാരണങ്ങൾ പാസ്സീവ് സ്മോക്കിംഗ്, പാരമ്പര്യമായി ലഭിക്കുന്ന ജനിതക ഘടന, അന്തരീക്ഷ മലിനീകരണം, ചുറ്റുപാടുകളിൽ നിന്നുള്ള റേഡിയേഷനുകൾ എന്നിവയാണ്. സമൂഹത്തിൽ നിന്ന് പുകയില പൂർണ്ണമായും തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യവും ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.
7. ലങ് കാൻസർ സംശയിച്ചാൽ ചെയ്യേണ്ട പരിശോധനകൾ എന്തൊക്കെയാണ്?
ആദ്യം ഒരു ചെസ്റ്റ് എക്സറേ എടുക്കുമ്പോൾ തന്നെ രോഗലക്ഷണങ്ങൾ സംശയിക്കാനിടയാകാം. തുടർന്ന് സിടി സ്കാൻ പരിശോധനയിലൂടെ കൂടുതൽ വ്യക്തത ലഭിക്കുന്നു. അടുത്ത പടി ബയോപ്സി ആണ്. സിടി സ്കാനിന്റെ സഹായത്തോടെ സംശയിക്കുന്ന ടിഷ്യുവിന്റെ ചെറിയൊരു ഭാഗം എടുത്ത് പരിശോധിക്കുന്നു. ഇതിലൂടെ ഏതു തരം കാൻസർ ആണെന്ന് തിരിച്ചറിയാൻ സാധിക്കും. അതിനു ശേഷം പെറ്റ് സ്കാൻ വഴി സ്റ്റേജിങ് പൂർത്തിയാക്കി ചികിത്സ നിശ്ചയിക്കുന്നു.
8. ലങ് കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ശ്വാസകോശത്തിന് സ്വാഭാവികമായി നല്ല റിസർവ് ഉള്ളതുകൊണ്ട് രോഗം വളരെ പുരോഗമിച്ച സ്റ്റേജിൽ മാത്രമായിരിക്കും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമായി കണ്ടുതുടങ്ങുക. എങ്കിലും പുകവലിക്കാരിൽ ചുമയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ, മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, കഫത്തിൽ രക്തം കാണപ്പെടുക, ശബ്ദത്തിൽ വരുന്ന വ്യത്യാസങ്ങൾ, അകാരണമായി ശരീരഭാരം കുറയുക എന്നിവ ശ്രദ്ധയിൽപെട്ടാൽ വൈദ്യപരിശോധന തേടേണ്ടതാണ്.
ഒരു ഓർമ്മപ്പെടുത്തൽ
ലങ് കാൻസർ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്. അതുപോലെ, വ്യക്തിജീവിതത്തിലും സമൂഹത്തിലും പുകയില ഉൽപന്നങ്ങൾ പൂർണ്ണമായി ഒഴിവാക്കുക വഴി മിക്ക കേസുകളിലും ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാൻ കഴിയും. സർവരുടെയും പ്രാർഥനകളോടെ മാർപാപ്പ വേഗത്തിൽ രോഗമുക്തി നേടട്ടെ എന്ന് ആശംസിക്കുന്നു.




