ആദിവാസി സമൂഹവും സഭയുടെ നിധി: ഫ്രാൻസിസ് മാർപാപ്പ

വയോധികരും ആദിവാസി സമൂഹവും സഭയുടെ അമൂല്യ നിധികളാണെന്ന് ഫ്രാൻസിസ് പാപ്പാ. ജൂലൈ 26- ന് കാനഡയിലെ സെന്റ് ആൻ തടാകം സന്ദർശിക്കുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഭൂമിമാതാവിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ കഴിയുന്ന ഈ തടാകം ജീവന്റെയും വിശ്വാസത്തിന്റെയും ഉറവിടത്തിലേക്ക് തിരിച്ചുപോകാൻ പ്രചോദനം നൽകുന്നു. വിശ്വാസത്തിന്റെ ജലം തലമുറകളിലേക്ക് പകരുന്ന വയോധികരെയും അവർക്ക് ആദിവാസി സമൂഹത്തിലുള്ള പ്രാധാന്യത്തെയും നാം മറക്കരുത്”- പാപ്പാ പറഞ്ഞു.

വീല്‍ചെയറിലാണ് പാപ്പാ തടാകത്തിനടുത്തേക്ക് വന്നത്. തുടർന്ന് ഏതാനും നിമിഷങ്ങൾ പ്രാർത്ഥനയിൽ ചിലവഴിച്ച പാപ്പാ പിന്നാലെ പാത്രത്തിൽ കൊണ്ടുവന്ന വെള്ളം വെഞ്ചരിച്ചു. തീർത്ഥാടനത്തിനെത്തിയ ആയിരകണക്കിന് വിശ്വാസികളാണ് അന്നേ ദിവസം പാപ്പായെ സ്വീകരിച്ചത്. വിശ്വാസികളെയും തടാകത്തെയും പാപ്പാ ആശിർവദിക്കുകയും ചെയ്‌തു.

ആദിവാസി ഇന്ത്യൻ വംശജരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് സെന്റ് ആൻ തടാകം. ഇവിടുത്തെ ജലം രോഗസൗഖ്യം നൽകുമെന്നാണ് വിശ്വാസം. കാനഡയിലേക്കുള്ള തന്റെ അപ്പോസ്തോലിക സന്ദർശനത്തിന്റെ ഭാഗമായാണ് പാപ്പാ ഇവിടം സന്ദർശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.