മണിപ്പൂരിൽ മൂന്നു നാഗ ക്രൈസ്തവർ കൊല്ലപ്പെട്ടു

സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ നോണി (Noney) ജില്ലയിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് നാഗ ക്രൈസ്തവർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് ഈ മേഖലയിൽ സുരക്ഷാ സേന പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത നാഗാ തീവ്രവാദി സംഘടനകളിൽപ്പെട്ടവർ തമ്മിൽ നവംബർ നാലിന് നോണി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഈ യുവാക്കൾ കൊല്ലപ്പെട്ടത്.

എം. തൈമെയ്, ജി. കാംസൺ, ഐഹങ് ഖുംബ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന്, 500-ലധികം സംസ്ഥാന-അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ച് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി.

“നമുക്കിടയിലെ [ഗോത്ര ക്രിസ്ത്യാനികൾ] ഇത്തരം നിഷ്ഠൂരമായ കൊലപാതകങ്ങൾ നമ്മെ എവിടെക്കൊണ്ടെത്തിക്കുമെന്ന് ഒരു നിശ്ചയവുമില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സഭാ നേതാവ് ഖേദത്തോടെ പറഞ്ഞു.

നാഗാ, കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന മുൻകാല സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണത്തെ അക്രമം വിരുദ്ധ ചേരിയിലുള്ള നാഗാ ഗ്രൂപ്പുകൾ തമ്മിലാണ് നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രണ്ടു വിഭാഗങ്ങളും പ്രദേശത്തെ ഗോത്ര ക്രിസ്ത്യാനികളാണ്. 2023 മേയിൽ ആരംഭിച്ച സംഘർഷത്തിൽ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും, ഭൂരിഭാഗവും ഗോത്ര ക്രിസ്ത്യാനികളായ 60,000-ത്തോളം പേർ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏപ്രിൽ 18-നുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ രണ്ട് നാഗാ യുവാക്കൾ കൊല്ലപ്പെട്ടതോടെയാണ് കുക്കി, നാഗാ വിഭാഗങ്ങൾ തമ്മിലുള്ള അക്രമങ്ങൾ ആരംഭിച്ചത്. തുടർന്ന് ഇരുഭാഗത്തുനിന്നും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.