
കഴിഞ്ഞ 80 വർഷമായി തന്റെ ഇടവക ദൈവാലയത്തിൽ വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്തുപോരുന്ന തൊണ്ണൂറുകാരനായ അന്റോണിയോ സൂണിഗ മൊസ്കെറയെ ആദരിച്ച് സ്പെയിനിലെ ഒറെൻസ് രൂപത. എട്ടര പതിറ്റാണ്ടോളം നീണ്ട സഭാ ശുശ്രൂഷ കണക്കിലെടുത്ത് ഒറെൻസ് രൂപതാധ്യക്ഷൻ ലിയോനാർഡോ ലെമോസ് അദ്ദേഹത്തിന് ‘പ്രോ എക്ലേസിയ ഡയോസിസാന മെഡൽ’ നൽകി ആദരിച്ചു.
അദ്ദേഹത്തിന് പത്ത് വയസ്സുള്ളപ്പോഴാണ് ലിമിയ നദിയുടെ തീരത്തുള്ള ലബോറയിലെ സെന്റ് വിൻസെന്റ് ഇടവകയിൽ ശുശ്രൂഷ ആരംഭിക്കുന്നത്. അക്കാലത്ത് അവിടെ ഏകദേശം 4,000 ത്തോളം ജനസംഖ്യയുണ്ടായിരുന്നു; എന്നാൽ ഇന്ന് 800 പേർ മാത്രമാണ് ഈ ഇടവകയിൽ ഉള്ളത്. നാളിതുവരെ നുയെസ്ര സെന്യോറ ഡെൽ വിസോ (Nuestra Señora del Viso) കപ്പേളയുടെയും, സെന്റ് വിൻസെന്റ് ഡി ലോബെയ്റ പള്ളിയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് അദ്ദേഹം ഒരിക്കലും പിന്മാറിയിട്ടില്ല എന്ന് രൂപതാധികൃതർ വെളിപ്പെടുത്തി.
വളരെ ലളിതമായ ജീവിത രീതി പുലർത്തുന്ന വ്യക്തിയാണ് അന്റോണിയോ. പലപ്പോഴും സഹായം ആവശ്യമായവരിലേക്ക് അവർ ആവശ്യപ്പെടാതെ തന്നെ ഓടിയെത്തുന്ന അന്റോണിയോയുടെ സ്വഭാവം എല്ലാവരിലും മതിപ്പുളവാക്കുന്ന ഒന്നായിരുന്നു. “അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇടവകയുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾക്കായിരുന്നു മുൻഗണന. തറ, ചൂടാക്കൽ സംവിധാനം, മേൽക്കൂര, മുറ്റത്തിന്റെയും സെമിത്തേരിയുടെയും ശുചീകരണം, ഇടവകയുടെ കാര്യപരിപാടികൾ, പ്രത്യേകിച്ച് ചാപ്പലിന്റെ പരിപാലനവും മാതാവിനോടുള്ള ഭക്തിയും ആയിരുന്നു അദ്ദേഹത്തിന് പ്രധാനപ്പെട്ടത്,” രൂപത കൂട്ടിച്ചേർത്തു.
ഇടവകയിൽ വൈദികർക്ക് താമസിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലും ദൈവാലയത്തിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത് അന്റോണിയോ ആയിരുന്നു.




