ലെയോ പാപ്പയുടെ അപ്പസ്തോലിക സന്ദർശനം ആരംഭിച്ചു; 12 ദിവസത്തിനിടെ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കും

ഉറുഗ്വേ, അർജന്റീന, പെറു എന്നീ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള 12 ദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ യാത്ര തിരിച്ചു. മാർപാപ്പയായതിനു ശേഷമുള്ള പാപ്പയുടെ ആറാമത്തെ അന്താരാഷ്ട്ര പര്യടനമാണിത്.

ഇന്ന് രാവിലെ പ്രാദേശിക സമയം 7:05-ന് റോമിലെ ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പരിശുദ്ധ പിതാവ് യാത്ര തിരിച്ചത്. പ്രാദേശിക സമയം വൈകുന്നേരം 4:30-ഓടെ ഉറുഗ്വേയിലെ മോണ്ടെവീഡിയോ-കരാസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മാർപാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും.

മോണ്ടെവീഡിയോയിലെ ഇൻഡിപെൻഡൻസ് സ്ക്വയറിൽ വൈകുന്നേരം 5:30-ന് നടക്കുന്ന സ്വീകരണച്ചടങ്ങോടെ മാർപാപ്പയുടെ പര്യടന പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് സാംസ്കാരിക-സിവിൽ ഭരണാധികാരികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരുമായി പാപ്പ കൂടിക്കാഴ്ച നടത്തും. അതിനുശേഷം ഉറുഗ്വേ റിപ്പബ്ലിക് പ്രസിഡന്റിനെയും പാപ്പ സന്ദർശിക്കും.

തുടർന്ന് അമലോദ്ഭവ മാതാവിന്റെയും വിശുദ്ധ ഫിലിപ്പിന്റെയും വിശുദ്ധ യാക്കോബിന്റെയും നാമത്തിലുള്ള മെട്രോപൊലീത്തൻ കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, ഡീക്കന്മാർ, സന്ന്യാസികൾ, സെമിനാരി വിദ്യാർഥികൾ എന്നിവർക്കൊപ്പം മാർപാപ്പ സന്ധ്യാപ്രാർഥനയിൽ പങ്കുചേരും.

ഉറുഗ്വേ സന്ദർശനത്തിന് ശേഷം അർജന്റീനയിലേക്ക് തിരിക്കുന്ന പാപ്പ ബ്യൂണസ് ഐറിസ്, കോർഡോബ, ലുജാൻ എന്നീ നഗരങ്ങൾ സന്ദർശിക്കും. തുടർന്ന് പെറുവിലെത്തുന്ന മാർപാപ്പ ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ സ്ഥലങ്ങളിലും സന്ദർശനം നടത്തും.

നവംബർ ആറു മുതൽ 17 വരെ നീണ്ടുനിൽക്കുന്ന 12 ദിവസത്തെ ഈ സന്ദർശനത്തിൽ പത്ത് നഗരങ്ങളിലായി പന്ത്രണ്ടോളം വിമാനയാത്രകൾ മാർപാപ്പ നടത്തും. സന്ദർശനത്തിലുടനീളം സ്പാനിഷ് ഭാഷയിൽ നാൽപ്പതോളം പ്രസംഗങ്ങൾ പാപ്പ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.