
കഴിഞ്ഞ മാസം ജോർദാനിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ കൂട്ടവെടിവയ്പ്പ് നടത്തിയ മൂന്നു പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. കാരക് ഗവർണറേറ്റിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഒരു ക്രിസ്ത്യൻ മൃതസംസ്കാര ചടങ്ങിനിടയിലാണ് ഈ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 34 പേർക്ക് പരിക്കേറ്റിരുന്നു.
‘ഭീകരവാദ പ്രവർത്തനങ്ങൾ’ നടത്തുക, ആയുധങ്ങൾ കൈവശം വയ്ക്കുക, ഭീകരസംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുക, ഭീകരപ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ജോർദാൻ സായുധസേന പ്രസ്താവനയിൽ അറിയിച്ചു. ജോർദാൻ സ്വദേശികളായ രണ്ട് സഹോദരന്മാരും അവരുടെ ബന്ധുവുമാണ് പ്രതികൾ.
ആക്രമണത്തിനു ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപെട്ട ഇവരെ മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് സുരക്ഷാസേന പിടികൂടിയത്. പ്രതികളുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈ ആക്രമണത്തിനു മറുപടിയായി ജോർദാൻ സിറിയയിലെ ഭീകരസംഘടനകൾക്കു നേരെ വ്യോമാക്രമണം നടത്തിയിരുന്നു.




