
നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്തെ നാല് തദ്ദേശ സ്വയംഭരണ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ 14 ക്രൈസ്തവർ കൊല്ലപ്പെട്ടു. സംസ്ഥാനത്തേക്കുള്ള സന്ദർശന വേളയിൽ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കഴിയാത്തതിന് പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു ക്ഷമ ചോദിക്കുകയും, തകർക്കപ്പെട്ട ഗ്രാമങ്ങൾ പുനർനിർമ്മിച്ച് അഭയാർഥികളെ (IDPs) അവരുടെ പൂർവിക ഭവനങ്ങളിലേക്ക് തിരിച്ചെത്തിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്.
നവംബർ 15, 16 തീയതികളിലായി മാംഗു, റിയോം, ബാർക്കിൻ ലാഡി, ബോക്കോസ് എന്നീ തദ്ദേശ സ്വയംഭരണ മേഖലകളിലാണ് അക്രമങ്ങൾ നടന്നതെന്ന് പ്രാദേശിക വൃത്തങ്ങളും സുരക്ഷാ ഗ്രൂപ്പുകളും അറിയിച്ചു. സായുധരായ അക്രമികൾ ഗ്രാമീണ മേഖലകളെ ലക്ഷ്യമിടുകയും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തിരുന്ന പ്രദേശവാസികളെ പതിയിരുന്ന് ആക്രമിക്കുകയുമായിരുന്നു.
നവംബർ 14 ന് സാരിയ റോഡ് സ്റ്റേഡിയത്തിൽ നടന്ന ഓൾ പ്രോഗ്രസീവ്സ് കോൺഗ്രസ് (APC) രാഷ്ട്രീയ റാലിയിൽ പങ്കെടുക്കാൻ ടിനുബു, ജോസിൽ എത്തിയതിന് പിന്നാലെയാണ് പുതിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്. തുടർച്ചയായ ആക്രമണങ്ങളും കുടിയിറക്കലും മൂലം ദുരിതമനുഭവിക്കുന്ന സമൂഹങ്ങളുടെ വേദന താൻ മനസ്സിലാക്കുന്നതായി റാലിയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാനത്ത് നടത്തിയ പര്യടനത്തിനിടയിൽ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കഴിയാത്തതിന് പ്ലാറ്റോ നിവാസികളോട് ടിനുബു ക്ഷമ ചോദിച്ചു.
“കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ എന്റെ സന്ദർശനം വിമാനത്താവളത്തിൽ മാത്രമായി ഒതുങ്ങിപ്പോയി. ഉൾപ്രദേശങ്ങളിൽ നിങ്ങൾ എന്നെകാണാത്തതിനാൽ എന്നോട് ക്ഷമിക്കുക, എങ്കിലും അവിടത്തെ നാശനഷ്ടങ്ങൾ ഞാൻ കണ്ടു. ഗവർണറിൽ നിന്ന് എനിക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. നമ്മുടെ ജനങ്ങളുടെ മുഖത്തെ ഭീതി ഞാൻ കണ്ടു,” അദ്ദേഹം പറഞ്ഞു.
അക്രമത്തിൽ തകർന്ന സമൂഹങ്ങളെ പുനർനിർമ്മിക്കുമെന്നും കുടിയിറക്കപ്പെട്ട താമസക്കാരെ തിരികെ കൊണ്ടുവരാൻ സൗകര്യമൊരുക്കുമെന്നും പ്രസിഡന്റ് ഉറപ്പുനൽകിയിരുന്നു.
ദുർബല വിഭാഗങ്ങളെ കണ്ടെത്തുന്നതിനും മാനുഷിക സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും മാനുഷിക കാര്യ-ദാരിദ്ര്യ നിർമ്മാർജന മന്ത്രി ഡോ. ബെർണാഡ് ഡോറോയെ അദ്ദേഹം അഭിനന്ദിച്ചു. അതേസമയം, 1,000 ഫോറസ്റ്റ് ഗാർഡുകൾക്ക് പരിശീലനം നൽകി വരികയാണെന്നും സുരക്ഷാ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പ്ലാറ്റോ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത നിരീക്ഷണ ക്യാമറകൾ വാങ്ങിയിട്ടുണ്ടെന്നും ടിനുബു അറിയിച്ചു.
എന്നാൽ, പ്രസിഡന്റ് സംസ്ഥാനം വിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മാംഗു തദ്ദേശ സ്വയംഭരണ മേഖലയിലെ ജിപാൽ ജില്ലയിലുള്ള സ്വാഗൽ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ സായുധരായ അക്രമികൾ ഇരച്ചുകയറി ഒൻപത് പേരെ കൊലപ്പെടുത്തി. ആക്രമണത്തിന് ശേഷം മറ്റ് പല താമസക്കാരെയും കാണാതായതായും റിപ്പോർട്ടുണ്ട്.
സംഭവം മാധ്യമപ്രവർത്തകരോട് വിശദീകരിച്ച പ്രദേശവാസിയായ സിലാസ് നാൻഫ്വാങ്, അക്രമികളെ കണ്ടെത്താനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സുരക്ഷാ ഏജൻസികൾ ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടു.




